ഹെഡ്ഡറിനു ചുവപ്പ് കാര്‍ഡ്! പരീക്ഷണത്തിനൊരുങ്ങി ഇംഗ്ലീഷ് ഫുട്‌ബോള്‍
വളഞ്ഞു പുളഞ്ഞു ബോക്‌സിലേക്കു താഴ്ന്നിറങ്ങുന്ന പന്തിലേക്ക് ചാടിയുയര്‍ന്ന് തലകൊണ്ടൊരു കൊത്ത്... ഗോള്‍ വല ഇളകും മുമ്പേ ഗ്യാലറി ഇളകി മറിയാന്‍ ഇതില്‍പ്പരം വേറൊരു മനോഹര മുഹൂര്‍ത്തമെന്തിനു ഫുട്‌ബോളില്‍. മൂന്നു മീറ്ററിനടുത്ത് ഉയരത്തില്‍ ചാടി സ്‌കോര്‍ ചെയ്യുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ഓടിയെത്തി പൊന്‍മാനെപ്പോല്‍ കൂപ്പുകുത്തി സ്‌കോര്‍ ചെയ്യുന്ന വാന്‍പേഴ്‌സിയെയോ പോലുള്ളവര്‍ കൂടിയാണെങ്കില്‍ മത്സരം കാണുന്ന ഏതൊരു ആരാധകനും അത് അസുലഭ മുഹൂര്‍ത്തമാകും.
അത്തരത്തില്‍ എത്രയെത്ര ഗോളുകള്‍ക്ക് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ സാക്ഷ്യം വഹിച്ചുകാണും. കണ്ടവര്‍ കണ്ടവര്‍ ഭാഗ്യവാന്മാര്‍. ഇനിയെത്ര നാള്‍ കൂടി ഇത്തരത്തിലുള്ള ഗോള്‍നേട്ടം കാണാനും ആസ്വദിക്കാനും കഴിയുമെന്നു പറയുക വയ്യ. കാരണം ഫുട്‌ബോളില്‍ നിന്നു ഹെഡ്ഡര്‍ നിരോധിക്കുന്നതിനേക്കുറിച്ചുള്ള ആലോചനയിലാണ് അധികാരികള്‍.
വാശിയേറിയ മത്സരങ്ങളിലും കഠിനമേറിയ പരിശീലനത്തിത്തിനുമിടയിലും ശക്തിയേറിയ ഹെഡ്ഡറുകള്‍ തുടര്‍ച്ചായി ചെയ്യുന്നത് താരങ്ങള്‍ക്ക് തലച്ചോര്‍ ക്ഷതമേല്‍ക്കാന്‍ കാരണമാകുന്നവെന്നും, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നുവെന്നുമുള്ള പഠനങ്ങളെത്തുടര്‍ന്നാണ് ഹെഡ്ഡര്‍ നിരോധിക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ 12 വയസിനു താഴെയുള്ള കുട്ടികളുടെ മത്സരങ്ങളില്‍ നിന്ന് ഹെഡ്ഡര്‍ നിരോധിക്കാന്‍ തീരുമാനിച്ചു. ഇതിനു രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഈ സീസണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹെഡ്ഡര്‍ ഇല്ലാതെയാണ് മത്സരങ്ങള്‍ നടത്തുക.
ഈ ട്രയല്‍ റണ്‍ വിജയിച്ചാല്‍ 2023-24 സീസണ്‍ മുതല്‍ ഈ പ്രായപരിധിയിലുള്ളവരുടെ മത്സരങ്ങളില്‍ ഹെഡ്ഡറിനു സ്ഥിരമായി വിലക്ക് വരും. പിന്നീട് സീനിയര്‍ തലത്തിലേക്കും ഈ നിയമം കൊണ്ടുവരാനാണ് ഫെഡറേഷന്റെ ആലോചന.
ഹെഡ്ഡറുകള്‍ ഡിമെന്‍ഷ്യ എന്ന രോഗത്തിനു കാരണമാകുന്നുവെന്ന പഠനങ്ങളാണ് പുതിയ നിയമം കൊണ്ടുവരാന്‍ ഫെഡറേഷനെ പ്രേരിപ്പിച്ചത്. 1900 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തില്‍ ജനിച്ച സ്‌കോട്ടിഷ് ഫുട്‌ബോളര്‍മാരില്‍ മാത്രം മൂന്നില്‍ രണ്ടു പേര്‍ക്ക് കളിക്കളത്തിലെ ഹെഡ്ഡറുകളിലൂടെ തലച്ചോറിനു കാര്യമായ ക്ഷതമേറ്റതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു.
1966 ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിലെ അഞ്ചു പേര്‍ക്കാണ് തലച്ചോറിനേറ്റ ക്ഷതങ്ങളെത്തുടര്‍ന്ന് ഡിമെന്‍ഷ്യ ബാധിച്ചതായി കണ്ടെത്തിയത്. ഇവരില്‍ നാലു പേരുടെ മരണത്തിന് അതു കാരണമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വെസ്റ്റ്‌ബ്രോം താരം ജെഫ് ആസില്‍ 2002-ല്‍ മരണത്തിനു കീഴടങ്ങിയതും തലച്ചോറിനേറ്റ ക്ഷതങ്ങളെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്.
ഇംഗ്ലീഷ് ഫുട്‌ബോള്‍ താരങ്ങളില്‍ ഡിമെന്‍ഷ്യ രോഗം വ്യാപകമായതിനേത്തുടര്‍ന്ന് നേരത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. മത്സരത്തിനിടെ ഹെഡ്ഡ് ചെയ്യുമ്പോഴോ, ഹെഡ്ഡര്‍ ശ്രമങ്ങള്‍ക്കിടയിലോ, സഹതാരങ്ങളുമായി കൂട്ടിയിടിച്ചു വീഴുമ്പോഴോ തലയ്ക്കു ക്ഷതമേല്‍ക്കുന്ന താരങ്ങള്‍ക്കു പകരം സബ്‌സ്റ്റിറ്റിയൂഷന്‍ നടത്താന്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഹെഡ്ഡറുകള്‍ ഒഴിവാക്കുന്നതിനേക്കുറിച്ച് ആലോചന തുടങ്ങിയത്.