ദുരന്തകഥയെ അതിജീവിച്ച റൊണാള്‍ഡോ

മികച്ച പ്രകടനത്തോടെ ചിലര്‍ രാജ്യത്തിന്റെ നായകനാകുമ്പോള്‍, പ്രതീക്ഷക്കൊത്ത് ഉയരാനാകാതെ ചിലര്‍ രാജ്യത്തിന് വില്ലമാരാകും. ഈ രണ്ട് സാഹചര്യവും നേരിട്ട ഒരാളാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡോ

ഓരോ ലോകകപ്പിലും പങ്കെടുക്കാനെത്തുന്ന രാജ്യങ്ങള്‍ക്ക് അവരുടെ പ്രതീക്ഷ കാക്കാന്‍ ഒരു കളിക്കാരന്‍ ഉണ്ടാകും. മികച്ച പ്രകടനത്തോടെ ചിലര്‍ രാജ്യത്തിന്റെ നായകനാകുമ്പോള്‍, പ്രതീക്ഷക്കൊത്ത് ഉയരാനാകാതെ ചിലര്‍ രാജ്യത്തിന് വില്ലമാരാകും. എന്നാല്‍ ഈ രണ്ട് സാഹചര്യവും നേരിട്ട ഒരാളുണ്ട്, ലോകകപ്പ് ചരിത്രത്തില്‍. ബ്രസീലിയന്‍ താരം റൊണാള്‍ഡോ ലൂയിസ് നാസാരിയോ ഡെ ലിമ എന്ന റൊണാള്‍ഡോ.

1998ലെ ഫ്രാന്‍സ് ലോകകപ്പ്. സെമിയില്‍ നെതര്‍ലന്റ്സിനെ തോല്‍പ്പിച്ചെത്തിയ ബ്രസീലിന്റെ എതിരാളികള്‍ ആതിഥേയരായ ഫ്രാന്‍സ്. ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടിയ 22 കാരന്‍ റൊണാള്‍ഡോയില്‍ ആയിരുന്നു ബ്രസീലിന്റെ പ്രതീക്ഷകള്‍. എന്നാല്‍ ഫൈനലിന് മുന്‍പുള്ള ടീം ലിസ്റ്റ് വന്നപ്പോള്‍ റൊണാള്‍ഡോ ഇല്ല. അമ്പരന്ന ആരാധകര്‍ക്ക് കാര്യം മനസിലായില്ല. പിന്നീട് റൊണാള്‍ഡോയുടെ പേര് ഉള്‍പ്പെടുത്തി പുതിയ ടീം ഷീറ്റ് പ്രഖ്യാപിച്ചു ബ്രസീലിയന്‍ കോച്ച് മരിയോ സഗല്ലോ. മത്സരം തുടങ്ങി. പക്ഷേ, ആരാധകരുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ റൊണാള്‍ഡോയ്ക്കോ ബ്രസീലിനോ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ അടക്കം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ തോറ്റു. അതുവരെ കളിക്കളത്തില്‍ കണ്ട റൊണാള്‍ഡോയെ ആയിരുന്നില്ല ഫൈനല്‍ കണ്ടത്. വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. ബ്രസീലിയന്‍ സര്‍ക്കാരിന് മുന്നിലെത്തി താരത്തിന് വിശദീകരണം നല്‍കേണ്ടിവന്നു. ഫൈനലിന് മണിക്കൂറുകള്‍ക്ക് മുമ്പ് അപസ്മാരത്തെതുടര്‍ന്ന് റൊണാള്‍ഡോ വൈദ്യ സഹായം തേടിയിരുന്നുവെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു.

നാല് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ലോകകപ്പെത്തി. പഴയ കാര്യങ്ങള്‍ എല്ലാവരും മറന്ന് തുടങ്ങി. എന്നാല്‍, കാല്‍പ്പന്തിനെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ബ്രസീലിയന്‍ ജനതയ്ക്ക് എളുപ്പം മറക്കാന്‍ കഴിയുന്നതായിരുന്നില്ല തോല്‍വികള്‍, പ്രത്യേകിച്ച് ഫൈനലിലെ. ലോകകപ്പിന് തൊട്ട് മുന്‍പത്തെ സീസണ്‍ പരുക്ക് മൂലം നഷ്ടമായ റൊണാള്‍ഡോയില്‍ ഇത്തവണ കാര്യമായി പ്രതീക്ഷ വച്ചിരുന്നില്ല ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ സാധിക്കാതെ പോയത് നേടിയെടുക്കാന്‍ ഉറപ്പിച്ച റൊണാള്‍ഡോ, ഫൈനലില്‍ നേടിയ രണ്ട് ഗോളുകള്‍ അടക്കം എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയാണ് ബ്രസീലിന് അഞ്ചാം വിശ്വ കിരീടം സമ്മാനിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in