ഖത്തര്‍ ലോകകപ്പ്; ഉദ്ഘാടന മത്സരം നിയന്ത്രിക്കാന്‍ ഇറ്റാലിയന്‍ റഫറി

ഖത്തര്‍ ലോകകപ്പ്; ഉദ്ഘാടന മത്സരം നിയന്ത്രിക്കാന്‍ ഇറ്റാലിയന്‍ റഫറി

46-കാരനായ ഓര്‍സാറ്റോയുടെ ലോകകപ്പ് അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ മത്സരം.
Updated on
1 min read

അറബ്‌നാട്ടിലെ പ്രഥമലോകകപ്പില്‍ ഉദ്ഘാടന മത്സരം ഇറ്റാലിയന്‍ റഫറി നിയന്ത്രിക്കും. ഇറ്റലിക്കാരനായ ഡാനിയേലെ ഓര്‍സാറ്റോ ഖത്തര്‍-ഇക്വഡോര്‍ മത്സരത്തിന്റെ ഒന്നാം റഫറിയായി ഫിഫ നിയമിച്ചു. 46-കാരനായ ഓര്‍സാറ്റോയുടെ ലോകകപ്പ് അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ മത്സരം.

ഓര്‍സാറ്റോയ്‌ക്കൊപ്പം ലൈന്‍സ്മാന്മാരായി ഇറ്റലിയില്‍ നിന്നു തന്നെയുള്ള സിറോ കാര്‍ബോണും അലസാന്‍ഡ്രോ ഗില്ലാറ്റിനിയും ഫ്‌ളാഗേന്തും. മാസിമിലിയാനോ ഇരാറ്റിയ്ക്കാണ് 'വാര്‍'-ന്റെ ചുമതല. റൊമാനിയക്കാരനായ ഇറ്റ്‌സ്‌വന്‍ കൊവാക്‌സാണ് നാലാം റഫറി. ഖത്തറിലെ അല്‍ ഖോറിലുള്ള അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9:30 മുതലാണ് മത്സരം.

ഇതാദ്യമായാണ് ഖത്തര്‍ ഫുടബോള്‍ ടീം ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കളിക്കാനിറങ്ങുന്നത്. ആതിഥേയരെന്ന നിലയില്‍ യോഗ്യത നേടിയ അവര്‍ നോക്കൗട്ട് പ്രതീക്ഷകളുമായാണ് ഇക്വഡോറിനെ നേരിടാനിറങ്ങുന്നത.

ഗ്രൂപ്പില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗല്‍, യൂറോപ്യന്‍ കരുത്തരായ ഹോളണ്ട് എന്നിവരാണ് മറ്റുടീമുകള്‍. അതിനാല്‍ത്തന്നെ ഉദ്ഘാടന മത്സരം ജയിച്ച് തുടങ്ങാനാണ് ഇരുടീമുകളുടെയും ശ്രമം. ഇക്വഡോര്‍ ഇതു തങ്ങളുടെ നാലാം ലോകകപ്പ് ആണ് കളിക്കുന്നത്. ഇതിനു മുമ്പ് 2006-ല്‍ മാത്രമാണ് അവര്‍ക്ക് ഗ്രൂപ്പ് റൗണ്ട് മുന്നേറാനായിട്ടുള്ളത്.

logo
The Fourth
www.thefourthnews.in