ഡെന്മാർക്കിന് പ്രത്യേക പരിശീലന കിറ്റ് ധരിക്കാൻ അനുമതിയില്ല
പരിശീലനത്തിന് മനുഷ്യവകാശ പ്രവർത്തനങ്ങളെ അനുകൂലിക്കുന്ന കിറ്റ് ധരിക്കാനുള്ള ഡെന്മാർക്കിന്റെ ആവശ്യത്തിന് ഫിഫയുടെ ചുവപ്പ് കാർഡ്. ഖത്തറിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ "മനുഷ്യാവകാശം എല്ലാവർക്കും" എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത കിറ്റ് ഉപയോഗിക്കാനാണ് ഡെൻമാർക്ക് ഫിഫയുടെ അനുമതി തേടിയത്.
രാഷ്ട്രീയ സന്ദേശമായതിനാൽ ഇത്തരം മുദ്രാവാക്യം ഉൾപ്പെട്ടിട്ടുള്ള കിറ്റുകൾ ധരിക്കാൻ പാടില്ല. ഫിഫ ഇത്തരം പ്രവർത്തികൾക്ക് എതിരാണ്. ആശയപരമായും രാഷ്ട്രീയപരമായും ഉള്ള അഭിപ്രായ വ്യതാസങ്ങളിലേക്ക് ഫുട്ബോളിനെ വലിച്ചിഴക്കത്തെ കളിയിൽ മാത്രം ശ്രദ്ധിക്കാൻ കഴിഞ്ഞയാഴ്ച ഫിഫ ടീമുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാഷ്ട്രീയ സന്ദേശമെന്ന ഫിഫയുടെ പരാമർശത്തെ തള്ളിയ ഡെൻമാർക്ക്, മറ്റ് ശിക്ഷാ നടപടികൾ ഒഴിവാക്കാൻ ഫിഫയുടെ വിധിയെ മാനിക്കുമെന്ന് ഡെൻമാർക്ക് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഖത്തറിന് വേദി അനുവദിച്ചത് മുതൽ വിവിധ രാജ്യങ്ങൾ എതിർപ്പുന്നയിച്ചിരുന്നു. ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി തൊഴിലാലാളികൾ നേരിട്ട പ്രശനങ്ങളും ചർച്ചാവിഷയമായി. ഇതിന് പുറമെ എൽജിബിടിക്യൂ വിഭാഗങ്ങളും വനിതകളും അടിച്ചമർത്തുന്ന ഖത്തറിന്റെ നടപടികൾ കൂടെ ആയപ്പോൾ മത്സരിക്കുന്ന ടീമുകൾ ലോകകപ്പ് വേദിയിൽ പ്രതിഷേധിക്കാൻ തയ്യറെടുത്തിരുന്നു.
എൽജിബിടിക്യൂ+ വിഭാഗത്തിലുള്ളവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി മഴവിൽ ആം ബാൻഡ് അണിയാൻ ടീമുകൾ തയ്യാറെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഫ്രൺസ് ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ. സ്വവർഗാനുരാഗം ഖത്തറിൽ നിയമവിരുദ്ധമാണ്.