ഫിഫ പുരസ്‌കാരം; മെസിയും എംബാപ്പെയും പട്ടികയില്‍, ക്രിസ്റ്റിയാനോ പുറത്ത്

ഫിഫ പുരസ്‌കാരം; മെസിയും എംബാപ്പെയും പട്ടികയില്‍, ക്രിസ്റ്റിയാനോ പുറത്ത്

2016-ല്‍ ഫിഫ പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ ജേതാവ് ക്രിസ്റ്റിയാനോയായിരുന്നു.
Updated on
1 min read

ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള 14 അംഗ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. 2022 ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയും റണ്ണറപ്പായ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഉള്‍പ്പെടുന്ന പട്ടികയില്‍ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇടമില്ലെന്നതാണ് ശ്രദ്ധേയം.

മെസിക്കും എംബാപ്പെയ്ക്കും പുറമേ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ തന്നെ നെയ്മര്‍, അച്ചറഫ് ഹക്കീമി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട്, കെവിന്‍ ഡിബ്രുയ്ന്‍, ജൂലിയന്‍ അല്‍വാരസ്, ബാഴ്‌സലോണ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ലിവര്‍പൂള്‍ താരം മുഹമ്മദ് സല, റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമ, വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മോഡ്രിച്ച്, ബയേണ്‍ മ്യൂണിക്ക് താരം സാദിയോ മാനെ എന്നിവരും പട്ടികയില്‍ ഇടംനേടി.

അതേസമയം ഈ മാസമാദ്യം സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍ ചേര്‍ന്ന പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോയ്ക്ക് അവസാന 14-ല്‍ ഇടംപിടിക്കാനായില്ല. ഏറ്റവും കൂടുതല്‍ തവണ ഫിഫ പുരസ്‌കാരം നേടിയ താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ.

2016-ല്‍ ഫിഫ പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ ജേതാവ് ക്രിസ്റ്റിയാനോയായിരുന്നു. പിന്നീട് 2017-ലും താരം ആ നേട്ടം ആവര്‍ത്തിച്ചു. 2018-ലും 2020-ലും റണ്ണറപ്പായപ്പോള്‍ 2019-ല്‍ മൂന്നാം സ്ഥാനത്തെത്തി.

നിലവില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ താരമായ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയാണ് ക്രിസ്റ്റിയാനോയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ മറ്റൊരു താരം. 2020-ലും 2021-ലും ജേതാവ് ലെവന്‍ഡോവ്‌സ്‌കിയായിരുന്നു. മെസിക്ക് ഒരു തവണമാത്രമാണ് പുരസ്‌കാരം നേടാനായത്. 2019-ലായിരുന്നു അത്. 2018-ല്‍ ജേതാവായ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയ മറ്റൊരു താരം.

വനിതകളുടെ അന്തിമ പട്ടികയില്‍ സ്പാനിഷ് താരങ്ങളായ എയ്താന ബൊന്‍മാറ്റി, അലക്‌സിയ പ്യൂട്ടെല്ലാസ്, ബ്രസീല്‍ താരം ഡെബീഞ്ഞ, കാനഡ താരം ജെസി ഫ്‌ളെമിങ്, നോര്‍വെ താരം അഡ ഹെഗര്‍ബെര്‍ഗ്, ഓസ്‌ട്രേലിയന്‍ താരം സാം കെര്‍, ഇംഗ്ലീഷ് താരങ്ങളായ ബെഥ് മെഡ്, കെയ്‌ര വാല്‍ഷ്, ലെ വില്യംസ്, ഹോളണ്ട് താരം വിവലയാനെ മെയ്‌ഡെമ, യു.എസ്. താരം അലക്‌സ് മോര്‍ഗന്‍, ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, അലക്‌സാന്‍ഡ്ര പോപ്പ്, ഫ്രഞ്ച് താരം വെന്‍ഡി റെനാര്‍ഡ് എന്നിവരും ഇടംപിടിച്ചു.

logo
The Fourth
www.thefourthnews.in