വനിതാ താരത്തെ ചുംബിച്ച സംഭവം: സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ

വനിതാ താരത്തെ ചുംബിച്ച സംഭവം: സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ

കഴിഞ്ഞയാഴ്ച സിഡ്‌നിയില്‍ വനിതാ ലോകകപ്പ് സമ്മാനദാനച്ചടങ്ങിനിടെയാണ് സ്‌പെയിനിന്റെ വനിതാ താരത്തിന്റെ ചുണ്ടിൽ ലൂയിസ് റൂബിയാലെ അനുവാദമില്ലാതെ ചുംബിച്ചത്
Updated on
1 min read

വനിതാ ഫുട്ബോൾ ലോകകപ്പ് സമ്മാനദാനച്ചടങ്ങിൽ താരത്തെ സമ്മതമില്ലാതെ ചുംബിച്ച സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്ത് ഫിഫ. 90 ദിവസത്തേക്കാണ് സസ്‌പെൻഷൻ.

കഴിഞ്ഞയാഴ്ച സിഡ്‌നിയില്‍ ലോകകപ്പ് സമ്മാനദാനച്ചടങ്ങിനിടെ സ്‌പെയിനിന്റെ വനിതാ താരം ജെന്നിഫര്‍ ഹെര്‍മോസോയെയാണ് ലൂയിസ് റൂബിയാലെസ് ചുണ്ടില്‍ ചുംബിച്ചത്. ജെന്നിഫറിന്റെ സമ്മതമില്ലാതെയായിരുന്നു റൂബിയാലെസിന്റെ പ്രവൃത്തി. സംഭവം വിവാദമായിട്ടും സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ റൂബിയാലെസ് തയാറായില്ല. ഇതിനുപിന്നാലെയാണ് ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

റുബിയാലെസിനെ ഫുട്ബോളുമായി ബന്ധപ്പെട്ട ദേശീയ, അന്തർദേശീയ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽനിന്നും ഫിഫ വിലക്കി. ഫുട്ബോൾ ഫെഡറേഷനോയുമായോ അതിക്രമത്തിനിരയായ സ്പാനിഷ് ഫുട്‍ബോൾ താരവുമായോ യാതൊരു തരത്തിലും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് റുബിയാലെസിന് നിർദേശം നൽകിയതായും ഫിഫ വ്യക്തമാക്കി.

ഫിഫ പെരുമാറ്റച്ചട്ടത്തിലെ അനുച്ഛേദം 51 അനുസരിച്ചാണ് അച്ചടക്ക സമിതി ചെയർമാൻ ജോർജ് ഇവാൻ പലാസിയോ (കൊളംബിയ) വിലക്ക് തീരുമാനം കൈക്കൊണ്ടതെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു. തീരുമാനം യുവേഫയെയും റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെയും (ആർഎഫ്ഇഎഫ്) ഫിഫ അറിയിച്ചു. അച്ചടക്കനടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഫിഫ വ്യക്തമാക്കി.

വനിതാ താരത്തെ ചുംബിച്ച സംഭവം: സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ
'ആ ചുംബനം സമ്മതമില്ലാതെ തന്നെ', അതിക്രമത്തിന് ഇരയായെന്ന് സ്പെയിന്‍ ഫുട്ബോള്‍ താരം ഹെർമോസോ, രാജിയില്ലെന്ന് ഫെഡറേഷൻ മേധാവി

വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നേരത്തെ അറിയിച്ചിരുന്നു. റൂബിയാലെസ് പ്രസിഡന്റ് ആയിരിക്കെ ദേശീയ ടീമിൽ കളിക്കില്ലെന്ന് എൺപത്തി ഒന്നിലധികം വനിതാ താരങ്ങൾ പറഞ്ഞിരുന്നു. അതേസമയം മേധാവി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ഒരുക്കമല്ലെന്നായിരുന്നു റൂബിയാലെസിന്റെ നിലപാട്.

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ കിരീടമുയർത്തിയതിന് പിന്നാലെ ആഹ്ളാദപ്രകടനങ്ങൾക്കിടെയുണ്ടായ സംഭവമാണ് വിവാദങ്ങൾക്കാധാരം. സമ്മാനദാന ചടങ്ങിനിടയിൽ റൂബിയാലെസ് ജെന്നിഫർ ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. മറ്റ് താരങ്ങളുടെ കവിളിലാണ് ചുംബിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്ന് ഹെർമോസോ ഇൻസ്റ്റാഗ്രാം ലൈവിനിടെ പറയുകയായിരുന്നു.

വനിതാ താരത്തെ ചുംബിച്ച സംഭവം: സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ
വനിതാ ഫുട്ബോള്‍ ലോകകപ്പ് സമ്മാനദാന ചടങ്ങിലെ ചുംബന വിവാദം; ക്ഷമാപണവുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

ചുംബനം ഉഭയസമ്മപ്രകാരമുള്ളതായിരുന്നു എന്നാണ് റൂബിയാലെസ് നൽകിയ വിശദീകരണം. 'സ്നേഹ ചുംബനം' നൽകാൻ ഹെർമോസോ സമ്മതം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെർമോസോയ്‌ക്കും മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ചുംബിച്ചത് സമ്മതില്ലാതെയാണെന്നും അദ്ദേഹം പ്രസിഡന്റായി തുടരുകയാണെങ്കിൽ താനും ലോകകപ്പ് നേടിയ മുഴുവൻ ടീമും കളിക്കാൻ വിസമ്മതിക്കുന്നതായും ഹെർമോസോ പറഞ്ഞു. ലോകകപ്പ് സമ്മാനവേദിയിലുണ്ടായ തിക്താനുഭവങ്ങൾ വിവരിച്ച് പ്രസ്താവനയും ഹെർമോസോ പങ്കുവച്ചിരുന്നു. താൻ ദുർബലയും അതിക്രമത്തിന് ഇരയാക്കപ്പെട്ടതായി തോന്നുന്നുവെന്ന് ഹെർമോസോ പ്രസ്താവനയിൽ പറഞ്ഞു. 'സ്നേഹ ചുംബനം' നൽകാൻ അനുവാദം നൽകിയിട്ടില്ലെന്നും ഹെർമോസോ ചൂണ്ടിക്കാട്ടിയിരുന്നു.

റൂബിയാലെസ് നേതൃസ്ഥാനത്ത് തുടരുന്നിടത്തോളം ദേശീയ ടീമിനായി കളിക്കാൻ മടങ്ങിവരില്ലെന്ന് ലോകകപ്പ് ടീമിലെ 23 താരങ്ങൾക്കൊപ്പം മറ്റ് 56 വനിതാ ഫുട്ബോൾ താരങ്ങളും സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് വനിതാ ടീമും രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in