ബാഹ്യ ഇടപെടല്‍, ഇന്ത്യയെ വിലക്കി ഫിഫ; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമായി
ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. ഫെഡറേഷനില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. ഇതോടെ, ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടും. ഏകകണ്ഠമായാണ് ഫിഫ കൗണ്‍സില്‍ തീരുമാനമെടുത്തത്.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനില്‍ പുറത്തുനിന്നുള്ള കൈകടത്തൽ ഉണ്ടായെന്നാണ് ഫിഫ പറയുന്നത്. ഇത് ഫിഫ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടുകൊണ്ട് സുപ്രീംകോടതി താൽക്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു. ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീംകോടതി താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ചത്. എന്നാല്‍, അത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫിഫ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍.
ഒക്ടോബര്‍ 11 മുതല്‍ 30 വരെ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിത ലോകകപ്പ് ഇന്ത്യയില്‍ നടക്കില്ലെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വിലയിരുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ വിഷയം കൗൺസില്‍ ബ്യൂറോയ്ക്ക് കൈമാറും. ഇന്ത്യയിലെ യുവജനകാര്യ, കായിക മന്ത്രാലയവുമായി നിരന്തരം ക്രിയാത്മക ബന്ധം പുലര്‍ത്തുന്നുണ്ട്. അനുകൂലമായ ഒരു ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫിഫ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫെഡറേഷനില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ചാൽ സസ്പെൻഷൻ നീങ്ങാനുള്ള സാധ്യതയുണ്ട്. ഈ മാസം 28ന് അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി വിധിയുണ്ട്.