ഇതിഹാസമേ വിട; പെലെ ഓര്‍മയായി
ഫുട്ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് നവംബര്‍ മുതല്‍ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു പെലെ.
ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലായതോടെ വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു പെലെയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ വന്‍കുടലിലെ രോഗബാധയേറ്റ ഭാഗം നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. പിന്നാലെ ചികിത്സകള്‍ തുടര്‍ന്നുവരികയായിരുന്നു. മകള്‍ കെല്ലിനാസിമെന്റോയാണ് മരണം സ്ഥിരീകരിച്ചത്.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാനായിരുന്നു പെലെ. എഡ്‌സണ്‍ അരാഞ്ചസ് ഡോ നാസിമെന്റോ എന്നാണ് യഥാര്‍ഥ പേര്. ഫുട്ബോള്‍ ആരാധകര്‍ കറുത്ത മുത്തെന്ന് വാഴ്ത്തിയ പെലെ മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കിട്ടുണ്ട്.
18 വര്‍ഷത്തോളം ബ്രസീല്‍ ഫുട്‌ബോള്‍ രംഗത്ത് നിറഞ്ഞു നിന്ന പെലെ 1,363 കളികളില്‍ നിന്നായി 1,281 ഗോളുകള്‍ നേടിയിട്ടുണ്ട്. 1977 ല്‍ തന്റെ നാല്‍പതാം വയസിലായിരുന്നു പെലെ തന്റെ ഫുട്‌ബോള്‍ കരിയന്‍ അവസാനിപ്പിച്ചത്. ഫുട്‌ബോളില്‍ നിന്നും വിരമിച്ചത് പിന്നാലെ ബ്രസീല്‍ കായിക മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 - 1998 കാലയളവിലായിരുന്നു ചുമതല.
തോറ്റുകൊണ്ടായിരുന്നു പെലെയുടെ ആദ്യ അന്താരാഷ്ട്ര മത്സരം. 1957 ജൂലൈ 7 ന് മാരക്കാനയില്‍ നടന്ന പെലെയുടെ അരങ്ങേറ്റ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയോടെ 2-1 ന് പരാജയപ്പെട്ടിരുന്നു. ഇതേമത്സരത്തില്‍ പെലെ നേടിയ ഗോളിലൂടെ റെക്കോര്‍ഡുകള്‍ക്കും തുടക്കമിടുകയായിരുന്നു. രാജ്യത്തിനായി ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി മാറി പെലെ. 16 വര്‍ഷവും ഒന്‍പത് മാസവും പ്രായമുള്ളപ്പോള്‍ നേടിയ ആ റെക്കോര്‍ഡ് ഇന്നും പെലെയുടെ പേരിലാണ്.