കാന്റെ ഖത്തറിലേക്കില്ല; നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആദ്യ തിരിച്ചടി
ലോക ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്താന്‍ തയാറെടുക്കുന്ന ഫ്രാന്‍സിന് വമ്പന്‍ തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരുക്ക്. കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നു ഫ്രാന്‍സിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുടെയും സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ഖത്തറിലേക്ക് പോകില്ല. താരത്തിന്റെ പരുക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയയെത്തുടര്‍ന്ന് താരത്തിന് നാലു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ചെല്‍സി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ താരത്തിന് ലോകകപ്പ് നഷ്ടപ്പടുമെന്ന് ഉറപ്പായി.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് നടക്കുക. 2018 ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ച കാന്റെയുടെ വിടവ് ഫ്രാന്‍സിന് തിരിച്ചടിയാണ്. 2016 ല്‍ ലെസ്റ്റര്‍സിറ്റി വിട്ടശേഷം ചെല്‍സിയുടെ നിര്‍ണായക താരമായ ഈ 31 കാരന് ദേശീയ ടീമിലും തുല്യ പ്രാധാന്യമുണ്ട്. കാന്റെ ഫ്രാന്‍സിന് വേണ്ടി 53 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ലോകകപ്പ് കളിക്കാന്‍ യോഗ്യരല്ലാത്ത ആരേയും ടീമില്‍ ഉള്‍പ്പെടുത്തില്ലായെന്ന് ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സിന്റെ മറ്റൊരു മിഡ്ഫീല്‍ഡറും യുവന്റസ് താരവുമായ പോള്‍ പോഗ്ബ കഴിഞ്ഞ മാസം കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെത്തുടര്‍ന്ന് ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലാണ്.
നവംബര്‍ 9ന് ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുക്കാനിരിക്കെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരുക്കുകള്‍ വലയ്ക്കുകയാണ്. ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ,ഡെന്‍മാര്‍ക്ക്,ടുണീഷ്യ എന്നിവര്‍ക്കൊപ്പമാണ് ഫ്രാന്‍സിന്റെ സ്ഥാനം. നവംബര്‍ 22 ന് ഓസ്‌ട്രേലിയക്കെതിരെയാണ് ദെഷാംപ്‌സിന്റെ ടീം ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്.