ഗര്‍നാച്ചോ മെസിപ്പടയിലേക്ക്? സ്‌കലോണിയുടെ തന്ത്രങ്ങള്‍ പിടികിട്ടാതെ ആരാധകര്‍

ഗര്‍നാച്ചോ മെസിപ്പടയിലേക്ക്? സ്‌കലോണിയുടെ തന്ത്രങ്ങള്‍ പിടികിട്ടാതെ ആരാധകര്‍

താരങ്ങള്‍ ശാരീരികക്ഷമത വീണ്ടെടുക്കാത്തതാണ് അര്‍ജന്റീന ടീമിന്റെ പ്രശ്‌നമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Updated on
1 min read

ആരാധകര്‍ കൊതിച്ചതു പോലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ട്‌കെട്ടുന്ന അദ്ഭുത ബാലന്‍ അലക്‌സാന്‍ഡ്രോ ഗര്‍നാച്ചോ ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന്‍ ദേശീയ ടീമിലേക്കെന്നു സൂചന. ലോകകപ്പിനായി തെരഞ്ഞെടുത്ത ടീമില്‍ ചില താരങ്ങള്‍ക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കോച്ച് ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പടരുന്നത്.

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്നലെ അബുദബിയില്‍ യുഎഇയ്‌ക്കെതിരായ പോരാട്ടത്തിനു ശേഷമാണ് അര്‍ജന്റീന കോച്ച് സ്‌കലോണി ടീമില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത്.

താരങ്ങള്‍ ശാരീരികക്ഷമത വീണ്ടെടുക്കാത്തതാണ് പ്രശ്‌നമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രതിരോധനിരയില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ റൊമേറോ, മുന്നേറ്റ നിരയില്‍ നിക്കോളാസ് ഗോണ്‍സാലസ്, അലക്‌സാന്‍ഡ്രോ ഗോമസ്, പൗളോ ഡിബാല തുടങ്ങിയവരുടെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്.

ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ ഇവരെ സ്‌കലോണി കളത്തിലിറക്കിയിരുന്നില്ല. ഇതില്‍ റൊമേറോ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട സ്ഥിതിയിലുള്ളത്. ഡിബാലയുടെയും ഗോണ്‍സാലസിന്റെയും കാര്യത്തിലാണ് ഏറെ ആശങ്ക. ഇവര്‍ പരുക്കില്‍ നിന്നു മുക്തനാകുന്നതില്‍ കാര്യമായ പുരോഗതി ഇല്ലെന്നും സുഖം പ്രാപിക്കാന്‍ വൈകിയാല്‍ ഇവരില്‍ ഒരാള്‍ക്കു പകരം ഗര്‍നാച്ചോയെ ഉള്‍പ്പെടുത്തിയേക്കുമെന്നുമാണ് ടീം മാനേജ്‌മെന്റിനെ ഉദ്ധരിച്ച് അര്‍ജന്റീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുണൈറ്റഡിനായി ഗര്‍നാച്ചോ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സീസണില്‍ അവസാന രണ്ടു മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങി യുവതാരം കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് യുണൈറ്റഡിനു തുണയായത്. നേരത്തെ ലോകകപ്പിനുള്ള അര്‍ജന്റീന ടീം പ്രഖ്യാപിക്കും മുമ്പ് ഗര്‍നാച്ചോ ടീമില്‍ ഇടംപിടിക്കുമെന്ന ശ്രുതിയുണ്ടായിരുന്നു.

എന്നാല്‍ സ്‌കലോണിയുടെ ടീമില്‍ ഗര്‍നാച്ചോയ്ക്ക് സ്ഥാനം ലഭിക്കാതെ പോയത് ആരാധകരില്‍ അമ്പരപ്പ് ഉളവാക്കി. ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും യുവതാരത്തിന് അനുകൂലമായി വരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in