മുഹമ്മദ് ഹുജൈര്‍, മുഹമ്മദ് ബര്‍കത്ത്, യൂസഫ് ഹല്‍ ഹീല..; ചോരക്കളിയില്‍ പൊലിയുന്ന പലസ്തീന്‍ കായികസ്വപ്നങ്ങള്‍

മുഹമ്മദ് ഹുജൈര്‍, മുഹമ്മദ് ബര്‍കത്ത്, യൂസഫ് ഹല്‍ ഹീല..; ചോരക്കളിയില്‍ പൊലിയുന്ന പലസ്തീന്‍ കായികസ്വപ്നങ്ങള്‍

ഇസ്രയേലിന്റെ ഗാസ അധിനിവേശം ആരംഭിച്ചശേഷം ഇന്നുവരെ ഏകദേശം 920 കായിക താരങ്ങളാണ് കൊല്ലപ്പെട്ടത്. അതില്‍ 362 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്, അതില്‍ത്തന്നെ 110 പേര്‍ പതിനെട്ട് വയസ് തികയാത്തവർ
Updated on
3 min read

വിഖ്യാത സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബു സ്വപ്‌നം കണ്ടായിരുന്നു മുഹമ്മദ് അബു ഹുജൈര്‍ എന്ന പതിനേഴുകാരനായ യുവ ഫുട്‌ബോളര്‍ എട്ടുമാസം മുൻപുവരെ ഗാസയിലെ തന്റെ വീട്ടില്‍ ഉറക്കമെഴുന്നേറ്റിരുന്നത്. കുട്ടിക്കാലം മുതലേ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും റയലിനെയും നെഞ്ചേറ്റിയിരുന്ന ഹുജൈര്‍ സ്വപ്‌ന സാക്ഷാത്കാരത്തിന് അരികിലായിരുന്നു കഴിഞ്ഞ ഒക്‌ടോബറില്‍.

2023 ഓഗസ്റ്റില്‍ റയലിന്റെ സ്‌കൗട്ടിങ് ടീം നടത്തിയ ഗാസ പര്യടനത്തിനിടെ ഇടതുവിങ്ങില്‍ പറന്നുകളിക്കുന്ന ഹുജൈറിന്റെ കാല്‍പ്പന്ത് മികവില്‍ ആകൃഷ്ടരായി. ഉടന്‍ തന്നെ റയലിന്റെ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് അവര്‍ ഹുജൈറിനെ ക്ഷണിക്കുകയും ചെയ്തു. ജനുവരിയില്‍ മാഡ്രിഡിലെ അക്കാദമിയില്‍ പന്തുതട്ടുന്നത് സ്വപ്‌നം കണ്ടിരുന്ന ഹുജൈറിന്റെ ജീവിതം തന്നെ കീഴ്‌മേല്‍ മറിഞ്ഞത് കഴിഞ്ഞ ഒക്‌ടോബറില്‍.

ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ ഗാസയ്ക്കുമേല്‍ ബോംബുവര്‍ഷം ആരംഭിച്ചതോടെ ഹുജൈറിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. മാഡ്രിഡ് യാത്ര എന്ന ജീവിത ലക്ഷ്യം മാറ്റിവെച്ച് മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായി ഹുജൈര്‍. കാല്‍പ്പന്ത് ലോകത്ത് ക്രിസ്റ്റിയാനോയെപ്പോലൊരു താരമാകാന്‍ കൊതിച്ച ആ പതിനേഴുകാരന്‍ ഇപ്പോള്‍ റഫയിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ ഏതു നിമിഷവും തീമഴ പെയ്യിച്ചേക്കാവുന്ന ഇസ്രയേലി യുദ്ധവിമാനങ്ങളെ ഭയന്നുകഴിയുകയാണ്.

ഇത് ഒരു ഹുജൈറിന്റെ മാത്രം കഥയല്ല. ഇസ്രയേലിന്റെ ഗാസ അധിനിവേശം ആരംഭിച്ചശേഷം ഇന്നുവരെ ഏകദേശം 920 കായിക താരങ്ങളാണ് കൊല്ലപ്പെട്ടത്. അതില്‍ 362 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്, അതില്‍ത്തന്നെ 110 പേര്‍ പതിനെട്ട് വയസ് തികയാത്തവർ

ഇത് ഒരു ഹുജൈറിന്റെ മാത്രം കഥയല്ല. ഒക്‌ടോബര്‍ ഏഴിന് ഹമാസിനു തിരിച്ചടിയെന്ന പേരില്‍ ഇസ്രയേലിന്റെ ഗാസ അധിനിവേശം ആരംഭിച്ചശേഷം ഇന്നുവരെ ഏകദേശം 920 കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. അതില്‍ 362 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്, അതില്‍ത്തന്നെ 110 പേര്‍ പതിനെട്ട് വയസ് തികയാത്തവർ. കൊല്ലപ്പെട്ട കായികതാരങ്ങളുടെ എണ്ണം ഇതിലും കൂടുതലാകാനാണ് സാധ്യതയെന്നും കാണാതായ പലരും എവിടെയെന്നു പോലും കണ്ടെത്താനായിട്ടില്ലെന്നും പലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നു. ഇരുപതോളം കായികതാരങ്ങളെ ഇസ്രയേല്‍ സൈന്യം തടവിലാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ച് മൂന്നു മാസം തികച്ച ജനുവരി ഏഴിനായിരുന്നു പലസ്തീന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനും മുന്‍ താരവുമായിരുന്ന ഹാനി അല്‍ മസ്ദര്‍ എന്ന നാൽപ്പത്തി രണ്ടുകാരന്‍ കൊല്ലപ്പെടുന്നത്. ആ സമയത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി ഖത്തറിലെ ദോഹയിലായിരുന്നു പലസ്തീന്‍ ഫുട്‌ബോള്‍ ടീം. തലേന്നുകൂടി നാട്ടില്‍നിന്നു ഫോണില്‍ വിളിച്ച് പരിശീലന തന്ത്രങ്ങളും തയാറെടുപ്പുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കിയ പ്രിയപ്പെട്ട കോച്ചിന്റെ മരണവാര്‍ത്തയറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പന്ത് തട്ടാനിറങ്ങിയ ആ ടീമിന്റെ ചിത്രം കാല്‍പ്പന്ത് ഉള്ളിടത്തോളം കാലം ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല.

ഹാനി അല്‍ മസ്ദര്‍ പരിശീലനത്തിനിടെ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു
ഹാനി അല്‍ മസ്ദര്‍ പരിശീലനത്തിനിടെ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച പലസ്തീന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഇസ്രയേല്‍ അധിനിവേശത്തിന്റെ ദുരിതം പേറിയവരായിരുന്നു. പലരുടെയും കുടുംബാംഗങ്ങള്‍ ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരിലുണ്ട്. പലരുടെ വീടുകള്‍ നിലംപരിശായിക്കഴിഞ്ഞിരുന്നു. കുട്ടികളും കുടുംബാംഗങ്ങളും ഏത് അഭയാര്‍ഥി ക്യാമ്പിലാണെന്നു പോലും അറിയാത്ത മനോവ്യഥയ്ക്കിടയിലും അവര്‍ ഏഷ്യന്‍ കപ്പ് കളിക്കാനിറങ്ങി. തങ്ങള്‍ തോല്‍ക്കാന്‍ തയാറല്ലെന്നു ലോകത്തിനു മുന്നില്‍ വിളിച്ചുപറഞ്ഞുകൊണ്ട്...

പലസ്തീന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനുവേണ്ടി ബൂട്ടുകെട്ടിയ മുഹമ്മദ് ബര്‍ക്കത്ത് കൊല്ലപ്പെടുമ്പോള്‍ 39 വയസായിരുന്നു. പുണ്യമാസമായ റമദാനിലെ നോമ്പ് തുറയ്ക്കിടെയായിരുന്നു ബര്‍കത്തിന്റെയും കുടുംബത്തിന്റെയും മേല്‍ ഇസ്രയേലിന്റെ ബോംബുകള്‍ വന്നുവീണത്. പലസ്തീനും അഹ്ലി ഗാസ ടീമിനും വേണ്ടി മിന്നുംപ്രകടനം കാഴ്ചവച്ച താരമാണ് ബര്‍കത്ത്. ഗാസ നഗരത്തില്‍നിന്ന് അല്‍ ഗാസ ക്ലബിന് വേണ്ടി 100 ഗോളുകള്‍ നേടിയ ആദ്യ താരമായിരുന്നു ബര്‍കത്ത്. കരിയറില്‍ 114 ഗോളുകള്‍ നേടിയ ബര്‍കത്ത് അറിയപ്പെട്ടിരുന്നത് തന്നെ 'ഖാന്‍ യൂനിസിന്റെ ഇതിഹാസം' എന്നായിരുന്നു.

മുഹമ്മദ് ബര്‍ക്കത്ത്
മുഹമ്മദ് ബര്‍ക്കത്ത്

യുദ്ധവും അഭയാര്‍ഥി ജീവിതവും തുടര്‍ക്കഥയായ നാട്ടില്‍ കുട്ടികളും ചെറുപ്പക്കാരും ദുരിതജീവിതത്തിന്റെ വേദനമറക്കാന്‍ കളിക്കളങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഗാസ മുനമ്പിന്റെ ഹൃദയഭാഗത്ത് മാത്രം എട്ടുമാസം മുമ്പ് പത്തോളം സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് സെന്ററുകളും ഉണ്ടായിരുന്നു. ഇന്ന് അതിന്റെയൊക്കെ സ്ഥാനത്ത് വെറും കോണ്‍ക്രീറ്റ് കൂമ്പാരം മാത്രമാണ് അവശേഷിക്കുന്നത്.

1939-ല്‍ സ്ഥാപിച്ച മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയ യര്‍മുഖ് സ്‌റ്റേഡിയം ഇപ്പോള്‍ ഇസ്രയേല്‍ സൈന്യം ജയിലാക്കി മാറ്റിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് തങ്ങളുടെ പ്രിയ താരങ്ങള്‍ പന്തുതട്ടിക്കളിച്ചിരുന്ന ആ മൈതാനത്ത് സ്ഥാപിച്ച താല്‍ക്കാലിക ജയില്‍മുറികളില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ് പലസ്തീന്‍ യുവത ഇന്ന്. ഇസ്രയേല്‍ സൈന്യം അവിടെ തടവുകാര്‍ക്കെതിരേ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.

ജയിലാക്കി മാറ്റിയ യര്‍മുഖ് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടില്‍ ഇസ്രയേല്‍ സേന അര്‍ധനഗ്നരാക്കി ഇരുത്തിയിരിക്കുന്ന പലസ്തീന്‍ തടവുകാർ
ജയിലാക്കി മാറ്റിയ യര്‍മുഖ് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടില്‍ ഇസ്രയേല്‍ സേന അര്‍ധനഗ്നരാക്കി ഇരുത്തിയിരിക്കുന്ന പലസ്തീന്‍ തടവുകാർ

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം ഇസ്രയേലിനെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രമേയം പാസാക്കാന്‍ ആവശ്യപ്പെട്ട് പലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫയെ സമീപിച്ചിരുന്നു. പലസ്തീന്‍ ഈ ആവശ്യം ഉന്നയിച്ചതിനു പിന്നാലെ ഗാസ അധിനിവേശത്തിന്റെ പേരില്‍ ഇസ്രയേലിനെ രാജ്യാന്തര മത്സരങ്ങളില്‍നിന്നു വിലക്കണമെന്ന് ആവശ്യവുമായി മധ്യേഷ്യയിലെ 12 ഫുട്‌ബോള്‍ ഫെഡറേഷനുകളും രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ഫിഫ ഈ വിഷയം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐഒസി)യുടെ തീരുമാനത്തിനു വിട്ടു. എന്നാല്‍ ഐഒസിയുടെ തീരുമാനം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇസ്രയേലിനെ വിലക്കുന്നതു പരിഗണിക്കാനാകില്ലെന്നാണ് ഐഒസി അധ്യക്ഷന്‍ തോമസ് ബാഷ് പറഞ്ഞത്.

പതിമൂന്ന് മാസം മുൻപാണ് ഗാസയിലെ ഖാന്‍ യൂനിസലെ പ്രമുഖ ഫുട്മബാള്‍ ക്ലബ് അല്‍ അത്ത മൂന്നാം ഡിവിഷന്‍ ലീഗ് ജയിച്ച് കിരീടം ചൂടിയത്. ഖാന്‍ യൂനിസ് സ്‌റ്റേഡിയത്തില്‍ അവരുടെ വിജയാഹ്‌ളാദം ഇന്നലെക്കഴിഞ്ഞതു പോലെ പലസ്തീന്‍ ആരാധകര്‍ ഓര്‍ക്കുന്നു. ഇന്ന് ആ സ്‌റ്റേഡിയത്തിന്റെ സ്ഥാനത്ത് കല്‍ക്കൂമ്പാരങ്ങള്‍ മാത്രമാണുള്ളത്.

ഫുട്‌ബോള്‍ ഗ്രൗണ്ടും വോളിബോള്‍ കോര്‍ട്ടുകളും ഉള്‍പ്പടെയുണ്ടായിരുന്ന ഗാസ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഇന്നത്തെ അവസ്ഥ
ഫുട്‌ബോള്‍ ഗ്രൗണ്ടും വോളിബോള്‍ കോര്‍ട്ടുകളും ഉള്‍പ്പടെയുണ്ടായിരുന്ന ഗാസ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഇന്നത്തെ അവസ്ഥ

''ഞങ്ങളുടെ താരങ്ങള്‍ മരിച്ചു വീഴുകയാണ്. സ്‌റ്റേഡിയങ്ങളും ക്ലബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അവര്‍ ഒന്നൊന്നായി ബോംബിട്ട് നശിപ്പിക്കുന്നു. ഞങ്ങളുടെ താരങ്ങളെയും അവരുടെ കരിയറിനെയും സംരക്ഷിക്കാന്‍ ഞങ്ങളാലാകും വിധം പരിശ്രമിക്കുന്നുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവയൊന്നും ഫലവത്താകുന്നില്ല. അധിനിവേശം തുടരുമെന്നാണ് അവര്‍ പറയുന്നത്. അതിനര്‍ഥം ഗാസയുടെയും ഗാസയിലെ കായികരംഗത്തിന്റെയും സമ്പൂര്‍ണ നാശമായിരിക്കും,'' പലസ്തീന്‍ ഒളിമ്പിക് കമ്മിറ്റി അംഗം നാദര്‍ അല്‍ ജയൂഷിയുടെ വാക്കുകളാണിത്.

ഈ ആശങ്ക ഏറെക്കുറെ സത്യമാണ്. അടുത്ത രണ്ടു-മൂന്നു പതിറ്റാണ്ട് കൊണ്ടുപോലും ഗാസയെ പുനര്‍നിര്‍മിക്കാനാകില്ല. ഗാസയില്‍ ഇനിയൊന്നും പഴയതുപോലെയാകില്ലെന്ന് അവിടുത്തെ ജനങ്ങളും മനസിലാക്കിക്കഴിഞ്ഞു. തകര്‍ന്നുവീണവയൊന്നും തിരികെക്കൊണ്ടുവരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ തങ്ങളുടെ കായികസ്വപ്നങ്ങള്‍ കോണ്‍ക്രീറ്റ് കൂനകള്‍ക്കുള്ളില്‍ കുഴിച്ചുമൂടുകയാണ് പലസ്തീനിലെ യുവത.

logo
The Fourth
www.thefourthnews.in