വണ്‍ ലവ് ആംബാന്‍ഡ് വിലക്ക്; ഫിഫയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ജര്‍മനി

വണ്‍ ലവ് ആംബാന്‍ഡ് വിലക്ക്; ഫിഫയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ജര്‍മനി

മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ താരങ്ങളെ അനുവദിക്കാത്ത ഫിഫയുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ജര്‍മന്‍ ടീം മാനേജര്‍ ഹന്‍സി ഫ്‌ലിക്ക് പ്രതികരിച്ചു.
Updated on
1 min read

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ താരങ്ങള്‍ക്ക് വണ്‍ലവ് ആംബാന്‍ഡ് ധരിക്കാന്‍ അനുവദിക്കാത്തതിന് ഫിഫയ്ക്കെതിരെ ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഡിഎഫ്ബി) നിയമനടപടിക്കൊരുങ്ങുന്നു. താരങ്ങള്‍ വണ്‍ ലവ് ആംബാന്‍ഡ് ധരിക്കുമെന്ന് നേരത്തേ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധമായ ഖത്തറില്‍ ഫിഫയുടെ സമ്മര്‍ദത്തെ അതില്‍ നിന്നു പിന്മാറാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ബാന്‍ഡ് ധരിക്കുന്ന ക്യാപ്റ്റന്‍മാര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കുമെന്ന ഫിഫയുടെ ഭീഷണിയെത്തുടര്‍ന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തങ്ങളുടെ താരങ്ങശള അതില്‍ നിന്നു വിലക്കിയിരുന്നു.

ജര്‍മനിക്കു പുറമേ ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, വെയില്‍സ്, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളും തങ്ങളുടെ ക്യാപ്റ്റന്‍മാര്‍ക്ക് ആംബാന്‍ഡ് ധരിക്കാന്‍ അനുവദിക്കാനുള്ള പദ്ധതികള്‍ പിന്‍വലിച്ചു.

എന്നാല്‍ ഫിഫയുടെ ഭീഷണിക്കു വഴങ്ങി പ്രതിഷേധത്തില്‍ നിന്നു പിന്മാറിയതിനെതിരേ വിവിധ ടീമുകള്‍ക്ക് കനത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ആര്‍ഇഡബ്‌ള്യുഇ ജര്‍മന്‍ ടീമുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

ആംബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആര്‍ഇഡബ്‌ള്യുഇ കരാറില്‍ നിന്ന് പിന്മാറിയത്. 76.5 ബില്യണ്‍ യൂറോയുടെ വാര്‍ഷിക ആഗോള വില്‍പ്പനയുള്ള കൊളോണ്‍ ആസ്ഥാനമായുള്ള റീട്ടെയില്‍ ശൃംഖലയാണ് ആര്‍ഇഡബ്‌ള്യുഇ.

ഫിഫയുടെ നിലപാട് കമ്പനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഫുട്‌ബോള്‍ വൈവിധ്യത്തിന് വേണ്ടിയാണ്.കമ്പനിയുടെ സിഇഒ എന്ന നിലയിലും ഫുട്‌ബോള്‍ ആരാധകന്‍ എന്ന നിലയിലും ഫിഫയുടെ അപകീര്‍ത്തികരമായ പെരുമാറ്റം തന്നെ സംബന്ധിച്ച് തികച്ചും അസ്വീകാര്യമാണെന്ന് ആര്‍ഇഡബ്‌ള്യുഇ യുടെ ചീഫ് എക്‌സിക്യൂട്ടീവ് ലിനോയല്‍ സൂക്ക് പ്രതികരിച്ചു.

ഇതിനു പിന്നാലെയാണ് ഫിഫയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ആംബാന്‍ഡ് ധരിക്കുന്നത് നിരോധിച്ചതില്‍ ഫിഫക്കെതിരെ ലോസാനിലെ അന്താരാഷ്ട്ര കായിക കോടതിയായ സിഎഎസില്‍ ഫെഡറേഷന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഡിഎഫ്ബിയുടെ വക്താവ് സ്റ്റെഫാന്‍ സൈമണ്‍ സ്ഥിരീകരിച്ചു. വൈവിധ്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമായ ആം ബാന്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് ഫിഫ ഞങ്ങളെ വിലക്കിയിട്ടുണ്ട്. ഫിഫയുടെ നടപടിക്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാന്‍ ഡിഎഫ്ബിക്ക് അവകാശമുണ്ട് ''സ്റ്റെഫാന്‍ സൈമണ്‍ പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ താരങ്ങളെ അനുവദിക്കാത്ത ഫിഫയുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ജര്‍മന്‍ ടീം മാനേജര്‍ ഹന്‍സി ഫ്‌ലിക്ക് പ്രതികരിച്ചു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടത്തെ അടിച്ചമര്‍ത്തുന്നത് ലജ്ജാകരമാണ്. നിങ്ങള്‍ക്ക് ഇനി മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ കഴിയാത്തത് നാണക്കേടാണെ കരുതുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in