റയലിനെ തകര്‍ത്തെറിഞ്ഞ് ജിറോണ; ലാലിഗയില്‍ ചാമ്പ്യന്മാരുടെ കിരീട സാധ്യത മങ്ങി

റയലിനെ തകര്‍ത്തെറിഞ്ഞ് ജിറോണ; ലാലിഗയില്‍ ചാമ്പ്യന്മാരുടെ കിരീട സാധ്യത മങ്ങി

വാലന്റൈന്‍ കാസ്റ്റലാനോസ് ആണ് റയലിന്റെ നെഞ്ചിലേക്ക് നാല് തവണ നിറയൊഴിച്ചത്. ഇതോടെ കിരീടത്തിലേക്കുള്ള ബാഴ്‌സലോണയുടെ യാത്ര കൂടുതല്‍ എളുപ്പമായി.
Updated on
1 min read

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്‍പതാം സ്ഥാനക്കാരായ ജിറോണയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്. വാലന്റൈന്‍ കാസ്റ്റലാനോസ് ആണ് കിരീടപ്രതീക്ഷകളുമായി പായുന്ന റയലിന്റെ നെഞ്ചിലേക്ക് നാല് തവണ നിറയൊഴിച്ചത്. ജിറോണയ്ക്ക് മുന്നില്‍ റയല്‍ 4-2 ന് വീണതോടെ ലാലിഗയില്‍ ഏഴ് കളികള്‍ മാത്രമുള്ള റയലിന്റെ കിരീട സാധ്യതയും മങ്ങുകയാണ്. ഇതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള ബാഴ്‌സലോണയുടെ കിരീടത്തിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമായി.

കാസ്റ്റലാനോസിന്റെ മുന്നേറ്റം ആദ്യ പകുതിയില്‍ തന്നെ പ്രകടമായിരുന്നു. 75 വര്‍ഷത്തിന് ശേഷം ലാലിഗയില്‍ ഒരു കളിയില്‍ തന്നെ റയലിനെതിരെ നാല് ഗോള്‍ നേടുന്ന എതിര്‍ താരം എന്ന റെക്കോഡും കാസ്റ്റലാനോസ് സ്വന്തമാക്കി. കൂടാതെ റയലിനെതിരെ ഈ നൂറ്റാണ്ടില്‍ നാല് ഗോള്‍ നേടുന്ന ആദ്യതാരം കൂടിയാണ് അര്‍ജന്റൈന്‍ താരമായ കാസ്റ്റലാനോസ്. ആദ്യ പകുതിയില്‍ 12-ാം മിനുറ്റിലും 24-ാം മിനുറ്റിലുമാണ് കാസ്റ്റലാനോസ് റയലിനെതിരെ ലക്ഷ്യം കണ്ടത്.

34-ാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ജിറോണയുടെ വലകുലുക്കിയതോടെ റയല്‍ തിരിച്ചുവരവ് സ്വപ്‌നം കണ്ടു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കാസ്റ്റലാനോസ് റയലിന് വീണ്ടും തിരിച്ചടി നല്‍കി. 46-ാം മിനുറ്റില്‍ വീണ ഗോളിലൂടെ ജിറോണ 3-1 ന് ലീഡുയര്‍ത്തി. പിന്നാലെ 62-ാം മിനുറ്റിലും ചാമ്പ്യന്മാരുടെ വലകുലുക്കി കാസ്റ്റലാനോസ് നാല് ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. 82-ാം മിനുറ്റില്‍ ലൂക്കസ് വാസ്‌ക്വസ് ഒരു ഗോള്‍ തിരിച്ചടിച്ച് റയലിന്റെ തോല്‍വി ഭാരം കുറച്ച് കളി 4-2 ലേക്ക് എത്തിച്ചു.

75 വര്‍ഷത്തിന് ശേഷം ലാലിഗയില്‍ ഒരു കളിയില്‍ തന്നെ റയലിനെതിരെ നാല് ഗോള്‍ നേടുന്ന എതിര്‍ താരം എന്ന റെക്കോഡും കാസ്റ്റലാനോസ് സ്വന്തമാക്കി

ടീമിലെ കരുത്തന്മാരായ പരുക്കേറ്റ കരീം ബെന്‍സേമയുടെയും ഗോളി തിബോത് കോര്‍ട്ടോയിസിന്റെയും അഭാവം റയലിനെ വല്ലാതെ വലച്ചു. റയലിന്റെ ഹോം മത്സരത്തില്‍ ജിറോണ 1-1 സമനില പിടിച്ചിരുന്നു. ഏഴ് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാള്‍ 11 പോയിന്റ് പിന്നിലാണ് റയല്‍ മാഡ്രിഡ്. ഇതോടെ 2019 മുതല്‍ തങ്ങള്‍ക്ക് എത്തിപ്പിടിക്കാനാകാത്ത കിരീടത്തോട് കൂടുതല്‍ അടുക്കുകയാണ് ബാഴ്‌സലോണ. ഇന്ന് നടക്കുന്ന മത്സരത്തില്‍ പത്താം സ്ഥാനത്തുള്ള റയോ വയാക്കോനായെ തോല്‍പ്പിച്ചാല്‍ ലീഡ് 14 പോയിന്റിന്റേതാക്കി ആക്കി ഉയര്‍ത്താന്‍ അവര്‍ക്കാകും.

logo
The Fourth
www.thefourthnews.in