ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വി; പരിശീലകനെ പുറത്താക്കി ചെല്‍സി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വിയോടെ ഗ്രഹാം പോട്ടര്‍ക്ക് ചെല്‍സി പരിശീലക സ്ഥാനം നഷ്ടമായി. ഞെട്ടിക്കുന്ന തോല്‍വിക്കു പിന്നാലെ പോട്ടറെ പുറത്താക്കിയതായി ടീം മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചു. വില്ലയ്‌ക്കെതിരായ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നു പുറത്തായതാണ് മാനേജ്‌മെന്റിന് പോട്ടറിലുള്ള വിശ്വാസം നഷ്ടമാക്കിയത്.
പോട്ടര്‍ക്ക് പകരക്കാരന്‍ ആരാകുമെന്ന് ടീം മാനേജ്‌മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബയേണ്‍ മ്യൂണിക്ക് മൂന്‍ പരിശീലകന്‍ ജൂലിയന്‍ നാഗെല്‍സ്മാനെ പാളയത്തിലെത്തിക്കാനാണ് ചെല്‍സി ശ്രമിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയാണ് നാഗെല്‍സ്മാനെ ബയേണ്‍ പരിശീലക സ്ഥാനത്തു നിന്ന് മാറ്റിയത്.
കഴിഞ്ഞ സീസണില്‍ പുറത്താക്കിയ തോമസ് ട്യുഷേലിനു പകരമാണ് പോട്ടറെ ചെല്‍സി പരിശീലകനാക്കി നിയമിച്ചത്. പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റണില്‍ നിന്നായിരുന്നു പോട്ടറുടെ വരവ്. ബ്രൈറ്റണില്‍ മികച്ച പ്രകടനം കാഴ്ചവച്ച പോട്ടര്‍ക്ക് പക്ഷേ അതേ പ്രകടനം സ്റ്റാംഫോര്‍ഡ്ബ്രിഡ്ജില്‍ ആവര്‍ത്തിക്കാനായില്ല.