നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന, ദൈവത്തിന്റെ കൈ പതിഞ്ഞ ആ പന്തിന്റെ ഇന്നത്തെ വില

നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന, ദൈവത്തിന്റെ കൈ പതിഞ്ഞ ആ പന്തിന്റെ ഇന്നത്തെ വില

1986 ലോകകപ്പിൽ നിയന്ത്രിച്ചിരുന്ന ഓരോ കളിക്ക് ശേഷവും റഫറിമാർക്ക് പന്ത് സൂക്ഷിക്കാൻ കഴിയുമെന്ന ഫിഫയുടെ നിയമം നിലനിന്നിരുന്നതിനാലാണ് പന്ത്, അന്നത്തെ കളി നിയന്ത്രിച്ച റഫറി നാസറിന്റെ ഉടമസ്ഥതയിലായത്
Updated on
1 min read

രണ്ട് വർഷം മുൻപ് ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിന് ശേഷം, അദ്ദേഹത്തിന്റെ ജേഴ്‌സികളും മറ്റ് വസ്തുക്കളും ലേലത്തിൽ വെച്ചിരുന്നു. 1986 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയുള്ള കളിയിൽ അദ്ദേഹം ധരിച്ച ജേഴ്സി 9.3 മില്യൺ ഡോളറിനാണ് വിറ്റുപോയത്. അതിന് പിന്നാലെയാണ് നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന, ദൈവത്തിന്റെ കൈ പതിഞ്ഞ ആ പന്തും ലേലം ചെയ്തത്. കളി നിയന്ത്രിച്ച ടുണീഷ്യക്കാരൻ റഫറി അലി ബിൻ നാസർ പതിറ്റാണ്ടുകളായി കൈവശം വെച്ചുപോന്ന പന്തിന് 2.37 മില്യൺ ഡോളറാണ് ബുധനാഴ്ച നടന്ന ലേലത്തിൽ ലഭിച്ചത്.

ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കും സ്വന്തം കുടുംബത്തിനുമായി ഉപയോഗിക്കുമെന്ന് നാസർ പറഞ്ഞു. 1986 ലോകകപ്പിൽ നിയന്ത്രിച്ചിരുന്ന ഓരോ ഗെയിമിന് ശേഷവും റഫറിമാർക്ക് പന്ത് സൂക്ഷിക്കാൻ കഴിയുമെന്ന ഫിഫയുടെ നിയമം നിലനിന്നിരുന്നതിനാലാണ് പന്ത്, അന്നത്തെ കളി നിയന്ത്രിച്ചിരുന്ന നാസറിന്റെ ഉടമസ്ഥതയിലായത്. അതത് മത്സരങ്ങളിൽ ഉപയോഗിച്ച പന്ത് റഫറിമാർക്ക് കൈവശം വെക്കാമെന്നാണ് ഫിഫ ചട്ടം. ലോകകപ്പ് തൊട്ട് മുന്നിൽ നിൽക്കെ നടക്കുന്ന ലേലമായത് കൊണ്ട് തന്നെ വലിയ തുകയ്ക്ക് തന്നെ പന്ത് വിറ്റുപോകുമെന്ന് ഉറപ്പായിരുന്നു.

വിവാദ ഗോൾ അനുവദിച്ചത് എങ്ങനെയാണെന്ന് ലേലത്തിന് മുന്‍പ്‍ നാസർ വിശദീകരിച്ചു. “എനിക്ക് സംഭവം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഇംഗ്ലീഷ് ഗോളിയായ പീറ്റര്‍ ഷിൽട്ടണും മറഡോണയും എന്നെ പിന്നിൽ നിന്ന് അഭിമുഖീകരിക്കുകയായിരുന്നു” മുൻ റഫറി പറഞ്ഞു. ടൂർണമെന്റിന് മുമ്പ് നൽകിയ ഫിഫയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഗോളിന്റെ സാധുത സ്ഥിരീകരിക്കാൻ ഞാൻ എന്റെ ലൈൻസ്മാനെ നോക്കി. അതൊരു ഗോളാണെന്നായിരുന്നു അദ്ദേഹം നൽകിയ സൂചന. അതിനാലാണ് ഗോൾ സിഗ്നൽ നൽകിയതും. "മത്സരത്തിനൊടുവിൽ, ഇംഗ്ലണ്ട് മുഖ്യ പരിശീലകൻ ബോബി റോബ്‌സൺ ഞാൻ എന്റെ ജോലി കൃത്യമായി ചെയ്‌തെന്നും , പക്ഷേ ലൈൻസ്മാൻ നിരുത്തരവാദപരമായിരുന്നു." എന്ന് പറഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പ് ചരിത്രത്തിൽ ഇന്നും മായാതെ നിൽക്കുന്ന ഒന്നാണ് 1986ലെ ഇംഗ്ലണ്ട്- അർജന്റീന പോരാട്ടം. ആവേശോജ്വലമായ പോരാട്ടത്തിന്റെ 51ാം മിനിറ്റിലാണ് ആ ഗോൾ പിറക്കുന്നത്. 'മറഡോണയുടെ തലയും അൽപം ദൈവത്തിന്റെ കൈയും ചേർന്നപ്പോൾ പിറവിയെടുത്ത​ ഗോൾ' എന്നായിരുന്നു ഇതേ കുറിച്ച് മ​റഡോണയുടെ പ്രതികരണം. അതിന് തൊട്ട് പിന്നാലെ കൃത്യമായി പറഞ്ഞാൽ നാല്‌ മിനിട്ടുകൾക്ക് ശേഷം മറഡോണയുടെ കാലുകളിൽ നിന്ന് 'നൂറ്റാണ്ടിന്റെ ഗോളും' പിറവിയെടുത്തു.

logo
The Fourth
www.thefourthnews.in