തുടര്‍തോല്‍വിയില്‍ നട്ടംതിരിഞ്ഞ് ജര്‍മനി; ജപ്പാനോട് തോറ്റതിന് പിന്നാലെ കോച്ചിനെ പുറത്താക്കി

തുടര്‍തോല്‍വിയില്‍ നട്ടംതിരിഞ്ഞ് ജര്‍മനി; ജപ്പാനോട് തോറ്റതിന് പിന്നാലെ കോച്ചിനെ പുറത്താക്കി

ലോകകപ്പിനു ശേഷം കളിച്ച ആറു മത്സരങ്ങളില്‍ നാലിലും ജര്‍മനിക്ക് തോല്‍വിയായിരുന്നു ഫലം. ഒരു മത്സരത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്
Updated on
1 min read

ഒന്നിനു പിറകെ ഒന്നായി തോല്‍വികള്‍ നേരിട്ടതോടെ പരിശീലകനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ജര്‍മന്‍ ഫുട്‌ബോള്‍ ടീം. ഇന്നലെ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ജപ്പാനോടു കനത്ത തോല്‍വിയേറ്റു വാങ്ങിയതോടെയാണ് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കിയത്. യൂറോ കപ്പിന് കേവലം ഒമ്പതു മാസം മാത്രം ബാക്കിനില്‍ക്കെയാണ് കോച്ചിനെ പുറത്താക്കിയത്. ഫ്‌ളിക്കിനു പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ഫ്‌ളിക്കിന്റെ കീഴില്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇറങ്ങിയ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. അന്നും ജപ്പാനോടേറ്റ തോല്‍വിയാണ് അവരെ പുറത്തേക്ക് നയിച്ചത്. പിന്നീട് ലോകകപ്പിനു ശേഷം കളിച്ച ആറു മത്സരങ്ങളില്‍ നാലിലും ജര്‍മനിക്ക് തോല്‍വിയായിരുന്നു ഫലം. ഒരു മത്സരത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.

ഏറ്റവും ഒടുവില്‍ ഇന്നലെ ജപ്പാനെതിരേ ഒന്നിനെതിരേ നാലു ഗോളുകളുടെ കനത്ത പരാജയമാണ് അവര്‍ ഏറ്റുവാങ്ങിയത്. സ്വന്തം മണ്ണിലാണ് ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ കനത്ത തോല്‍വിയേറ്റു വാങ്ങിയതെന്നതും ഫ്‌ളിക്കിന്റെ കസേര തെറിക്കാന്‍ കാരണമായി.

മുന്‍ പരിശീലകന്‍ യോക്വിം ലോയ്ക്കു പകരക്കാരനായി 2021-ലാണ് ഹാന്‍സി ഫ്‌ളിക്ക് ജര്‍മന്‍ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത്. ജര്‍മന്‍ ബുണ്ടസ് ലിഗ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനം രാജിവച്ചാണ് ഫ്‌ളിക്ക് ദേശീയ ടീമിന്റെ ഡ്യൂട്ടി ഏറ്റെടുത്തത്. എന്നാല്‍ ബയേണില്‍ തന്റെ ഒന്നര വര്‍ഷക്കാല സേവനത്തിനിടെ ട്രെബിള്‍ ഉള്‍പ്പടെ ഏഴു കിരീടങ്ങള്‍ നേടിയ മാജിക് ജര്‍മന്‍ ടീമിനൊപ്പം കാഴ്ചവയ്ക്കാന്‍ കഴിയാതെ പോയതാണ് ഫ്‌ളിക്കിന് തിരിച്ചടിയായത്.

logo
The Fourth
www.thefourthnews.in