'ലെവന്‍' വന്നിട്ടും രക്ഷയില്ല; ബാഴ്‌സ ബയേണിന്റെ വേട്ടമൃഗം തന്നെ!

'ലെവന്‍' വന്നിട്ടും രക്ഷയില്ല; ബാഴ്‌സ ബയേണിന്റെ വേട്ടമൃഗം തന്നെ!

ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ വമ്പന്മാരുടെ ജയം.
Updated on
1 min read

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മന്‍ ക്ലബിന്റെ 'സ്ഥിരം' വേട്ടമൃഗമായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ വമ്പന്മാരുടെ ജയം. ഇതോടെ അവസാനം നടന്ന അഞ്ചു മത്സരങ്ങളില്‍ ബാഴ്‌സയുടെ അഞ്ചാം തോല്‍വിയായി ഇത്.

ഇതിനു മുമ്പ് 2015 മേയ് ആറിന് നടന്ന ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ നേടിയ 3-0 ജയമാണ് ജര്‍മന്‍ ക്ലബിനെതിരേ ബാഴ്‌സ നേടിയ അവസാന ജയം. അതിനു ശേഷം ഇത് അഞ്ചാം തവണയാണ് ബാഴ്‌സയെ ബയേണ്‍ തുരത്തുന്നത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് ബയേണ്‍ 19 തവണ ബാഴ്‌സയുടെ വലകുലക്കിയപ്പോള്‍ വെറും നാലു തവണമാത്രമാണ് ജര്‍മന്‍ വലയില്‍ കറ്റാലന്‍ ടീമിന് പന്തെത്തിക്കാനായത്.

അതിനിടെ 2020 ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വന്തം തട്ടകമായ നൗക്യാമ്പില്‍ രണ്ടിനെതിരേ എട്ടു ഗോളുകള്‍ക്ക് ബാഴ്‌സ ബയേണിനു മുന്നില്‍ നാണംകെടുകയും ചെയ്തിരുന്നു. ഇക്കുറി പക്ഷേ ഇതിനെല്ലാം തിരിച്ചടി നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

ഇതിഹാസ താരം ചാവി ഹെര്‍ണാണ്ടസിന്റെ പരിശീലനത്തിനു കീഴില്‍ മികച്ച പ്രകടനം കാഴ്ചവച്ചതും ബയേണില്‍ നിന്നു ഈ സീസണില്‍ ബാഴ്‌സയിലെത്തിയ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ തകര്‍പ്പന്‍ ഫോമും ആരാധകര്‍ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചു.

എന്നാല്‍ ഇന്നലെയും ബയേണിനു തന്നെയായിരുന്നു അന്തിമ ജയം. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അവരുടെ രണ്ടു ഗോളുകളും. 50-ാം മിനിറ്റില്‍ ലൂക്കാസ് ഹെര്‍ണാണ്ടസും 54-ാം മിനിറ്റില്‍ ലിറോയ് സാനെയുമാണ് അവര്‍ക്കായി വലകുലുക്കിയത്.

ആദ്യപകുതിയില്‍ ബയേണിനെതിരേ തകര്‍പ്പന്‍ പ്രകടനമായിരുന്നു ബാഴ്‌സ കാഴ്ചവച്ചത്. ലെവന്‍ഡോവസ്‌കിയിലൂടെ നടത്തിയ മിന്നുന്ന നീക്കങ്ങള്‍ പലതും ഗോളാകാതെ പോയത് ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ തകര്‍പ്പന്‍ സേവുകള്‍ കാരണമായിരുന്നു. എന്നാല്‍ ഇടവേളയ്ക്കു ശേഷ കളി മാറുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബാഴ്‌സ മധ്യനിര നിറംമങ്ങിയതോടെ കളംനിറഞ്ഞ ബയേണ്‍ മത്സരത്തില്‍ ആധിപത്യം വീണ്ടെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകളുടെ ലീഡ് നേടിയ ബയേണിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

logo
The Fourth
www.thefourthnews.in