'ഫ്‌ളിക് ജസ്റ്റ് ഫ്‌ളിപ്പ്ഡ് ഇറ്റ് ഓവര്‍'; നൗക്യാമ്പില്‍ ഹാന്‍സി മാജിക്, ഗ്വാര്‍ഡിയോള യുഗത്തിന്റെ തിരിച്ചുവരവോ?

'ഫ്‌ളിക് ജസ്റ്റ് ഫ്‌ളിപ്പ്ഡ് ഇറ്റ് ഓവര്‍'; നൗക്യാമ്പില്‍ ഹാന്‍സി മാജിക്, ഗ്വാര്‍ഡിയോള യുഗത്തിന്റെ തിരിച്ചുവരവോ?

പുതിയ സീസണ്‍ തുടങ്ങി നാലു റൗണ്ടുകള്‍ പിന്നിടുമ്പോഴേക്കും ഒരു മികച്ച വിലയിരുത്തല്‍ എന്നത് ബാലിശമാണ്. പക്ഷേ, ബാഴ്‌സയുടെ കാര്യത്തില്‍ കഴിഞ്ഞ മൂന്നു നാല് സീസണുകള്‍ക്കിടയിലെ ഏറ്റവും മികച്ച തുടക്കമാണ് ഇത്തവണത്തേത് എന്ന് നിസംശയം പറയാം
Updated on
4 min read

കാറ്റലൂണിയയില്‍ മാധ്യമങ്ങളറിയാതെ കാറ്റുപോലും വീശില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍പ്പറത്തി നൗക്യാമ്പിലേക്ക് ഒരു ശബ്ദകോലാഹലങ്ങളുമില്ലാതെയുള്ള വരവായിരുന്നു ജര്‍മന്‍കാരനായ വിഖ്യാത ഫുട്‌ബോള്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിന്റേത്. പുതിയ പരിശീലകനെ കാറ്റലൂണിയയ്ക്കു മുന്നില്‍, ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ പിന്നെയും ഒരു മാസമെടുത്തു ബാഴ്‌സലോണ എഫ്‌സി.

എന്തിനീ നീക്കം ഇത്രയും പൊതിഞ്ഞുപിടിച്ചുവെന്ന ചോദ്യത്തിന് ബാഴ്‌സയ്ക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. ഇതിഹാസ താരമായ ചാവിക്കു പകരം ഏതു പരിശീലകനെ ചുമതലയേല്‍പ്പിക്കുമെന്ന് തലപുകഞ്ഞ് ആലോചിച്ച് ഒടുവില്‍ കണ്ടെത്തിയതാണ് ഫ്‌ളിക്കിനെ. ലാ ലിഗയുടെ സാമ്പത്തിക നയങ്ങളെല്ലാം പാലിച്ച്, തങ്ങളുടെ കടുത്ത സാമ്പത്തികബാധ്യതകള്‍ അറിഞ്ഞ് എത്തിയ ഹാന്‍സി ഫ്‌ളിക്കിനെ മാധ്യമങ്ങളുടെ മുന്നിലേക്ക് ഒരു ഇര കണക്കെ ഇട്ടുനല്‍കാന്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു.

സ്വതവേ അന്തര്‍മുഖനായ ഫ്‌ളിക്കിനും അതുതന്നെയായിരുന്നു താല്‍പര്യം. ഒന്നര മാസത്തോളും ഒരു ടാബ്ലോയ്ഡുകളില്‍ പോലും വാര്‍ത്തയാകാതെ താന്‍ പരിശീലിപ്പിക്കാന്‍ പോകുന്ന സ്‌ക്വാഡിനെ അടുത്തുനിന്ന് കാണാനും അവരുടെ പ്രകടന നിലവാരം മനസിലാക്കാനും ഫ്‌ളിക്കിനായി. സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നത് മുന്‍ ബാഴ്‌സ താരം ഡെക്കോ. ഒടുവില്‍ തന്റെ ഗെയിം പ്ലാനിന് അനുസരിച്ചുള്ള ഒരു ടീമിനെ ഫ്‌ളിക്ക് മനസില്‍ പതിച്ചെടുത്ത നിമിഷം ബാഴ്‌സ പ്രഖ്യാപിച്ചു... ഇതാ ഞങ്ങളുടെ പുതിയ പരിശീലകന്‍.

ബാഴ്‌സയെ സംബന്ധിച്ച് കഴിഞ്ഞ ഏതാനും സീസണുകള്‍ വളരെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. 2022-23 സീസണില്‍ ലാ ലിഗയില്‍ കിരീടം ചൂടാനായെങ്കിലും ലീഗിന്റെ സാമ്പത്തിക നയങ്ങള്‍ മൂലം ചെലവുചുരുക്കേണ്ടി വന്ന അവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള താരങ്ങളെ സൈന്‍ ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അതില്‍ നിന്നൊക്കെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാണ് സ്ഥാനമേറ്റ് ഏറെ വൈകാതെ ഫ്‌ളിക്ക് ബാഴ്‌സയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

പുതിയ സീസണ്‍ തുടങ്ങി നാലു റൗണ്ടുകള്‍ പിന്നിടുമ്പോഴേക്കും ഒരു മികച്ച വിലയിരുത്തല്‍ എന്നത് ബാലിശമാണ്. പക്ഷേ, ബാഴ്‌സയുടെ കാര്യത്തില്‍ കഴിഞ്ഞ മൂന്നു നാല് സീസണുകള്‍ക്കിടയിലെ ഏറ്റവും മികച്ച തുടക്കമാണ് ഇത്തവണത്തേത് എന്ന് നിസംശയം പറയാം. കളിച്ച നാലു കളികളില്‍ നാലും ജയിച്ച് 12 പോയിന്റുമായി ലീഗില്‍ തലപ്പത്താണ് അവര്‍. ഏറ്റവും ഒടുവില്‍ നടന്ന മത്സരത്തില്‍ വല്ലലോയ്ഡിനെ തകര്‍ത്തു വിട്ടത് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക്. ഇതുവരെ അടിച്ചു കൂട്ടിയത് 13 ഗോളുകള്‍. വഴങ്ങിയത് വെറും മൂന്നെണ്ണം മാത്രം.

വ്യക്തിഗത പ്രകടനവമല്ല, ടീം ഗെയിമാണ് ബാഴ്‌സയുടെ കരുത്ത്. ലീഗില്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയിലും അസിസ്റ്റ് നല്‍കിയവരുടെ പട്ടികയിലും ബാഴ്‌സ താരങ്ങള്‍ക്കാണ് ആധിപത്യം. നാലു ഗോളുകളുമായി റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും മൂന്നു ഗോളുകളുമായി റാഫിഞ്ഞയും സ്‌കോറര്‍മാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. നാല് അസിസ്റ്റുകളുമായി യുവതാരം ലാമിന്‍ യമാലാണ് അസിസ്റ്റര്‍മാരുടെ പട്ടികയില്‍ തലപ്പത്ത്. കൂടാതെ രണ്ട് അസിസ്റ്റുകളുമായി റാഫിഞ്ഞ ആദ്യ അഞ്ചിലുമുണ്ട്.

ആത്മവിശ്വാസം, അതല്ലേ എല്ലാം

എന്ത് മാജിക്കാണ് കാട്ടിയത് എന്ന് ഫ്‌ളിക്കിനോടണ് ചോദ്യം ഉത്തരം ലളിതമായിരിക്കും... ''ജസ്റ്റ് ഫ്‌ളിപ്പ്ഡ് ഇറ്റ് ഓവര്‍'' എന്ന്. എന്നാല്‍ ടീമിന്റെ കഴിഞ്ഞ സീസണുകളിലെ പ്രകടനവും ഇപ്പോഴത്തെ പ്രകടനവും സൂക്ഷ്മമായി താരതമ്യം ചെയ്താല്‍ ആ മാജിക് എന്താണെന്ന് പിടികിട്ടും... 'ആത്മവിശ്വാസം, അതല്ലേ എല്ലാം'. പുതിയ കോച്ചിന്റെ സ്വാധീനം ശ്രദ്ധേയമാണ് ഇന്നത്തെ ബാഴ്‌സലോണ ടീമില്‍.

ഫ്‌ളിക് കൊണ്ടുവന്ന ചില മാറ്റങ്ങള്‍ ടീമിനെ അപ്പാടെ മാറ്റിമറിച്ചു. അതില്‍ പ്രധാനമാണ് താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയെന്നത്. നിര്‍ണായക പൊസിഷനില്‍ കളിക്കുന്ന ചില താരങ്ങളില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കുക വഴി അവരില്‍ ആത്മവിശ്വാസം ഉയര്‍ത്തുകയെന്ന തന്ത്രമാണ് ഫ്‌ളിക് ആദ്യം പരീക്ഷിച്ചു വിജയിപ്പിച്ചത്. അതുവഴി ടീമിന്റെ ആറ്റിറ്റിയൂഡ് തന്നെ മാറ്റിമറിക്കാന്‍ ഫ്‌ളിക്കിന് കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ കണ്ട, ഒരു ഗോളിനു പിന്നില്‍പ്പോയാല്‍ പതറിപ്പോകുന്ന ബാഴ്‌സയല്ല ഇന്നത്തേത്. ഒന്നടിച്ചാല്‍ തിരിച്ച് മൂന്നടിക്കാന്‍ കച്ചമുറുക്കിയാണ് അവര്‍ ഇപ്പോള്‍ കളത്തിലിറങ്ങുന്നത്.

മറ്റു ചില കാര്യങ്ങളില്‍ക്കൂടി ഫ്‌ളിക്ക് പ്രത്യേക നിഷ്‌കര്‍ഷകള്‍ കൊണ്ടുവന്നു. താരങ്ങളെ അനാവശ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന സ്പാനിഷ് രീതിക്ക് മാറ്റം വരുത്തി. അതുവഴി അനാവശ്യ വിവാദങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും താരങ്ങളെ അകറ്റിനിര്‍ത്താനും ഫ്‌ളിക്കിന് സാധിച്ചു.

'ലെവനെ' മടക്കിക്കൊണ്ടുവന്നു

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കില്‍ തന്റെ കീഴില്‍ ഗോളടിച്ചു കൂട്ടിയ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയെ അതേ ഫോമിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് ഫ്‌ളിക്ക് നടപ്പാക്കിയ മറ്റൊരു വിജയതന്ത്രം. 2021-ല്‍ ഫ്‌ളിക്ക് ബയേണ്‍ വിട്ടതിനു പിന്നാലെ 2022-ല്‍ ബയേണില്‍ നിന്നു ബാഴ്‌സയിലേക്ക് എത്തിയ ലെവന്‍ഡോവ്‌സ്‌കിക്ക് ഒരിക്കലും ബുണ്ടസ് ലിഗയിലെ പ്രകടനം ബാഴ്‌സ കുപ്പായത്തില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഫ്‌ളിക്കിനു മുമ്പ് ബാഴ്‌യെ പരിശീലിപ്പിച്ച ചാവിക്ക് ലെവന്‍ഡോവ്‌സ്‌കിയുമായി ഒത്തുപോകാനും സാധിച്ചില്ല. ഒരു ഘട്ടത്തില്‍ പോളിഷ് താരത്തെ കൈമാറ്റം ചെയ്യണമെന്നു വരെ ചാവി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്‌ളിക്ക് സ്ഥാനമേറ്റതിനു പിന്നാലെ ലെവന്‍ഡോവ്‌സ്‌കിയുമായി സംസാരിച്ച് ബാഴ്‌സയില്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ ഗെയിം പ്ലാന്‍ എന്താണെന്നും അതിന്റെ കുന്തമുന സ്ഥാനം വഹിക്കാന്‍ ലെവന്‍ഡോവ്‌സ്‌കി വേണമെന്നും തറപ്പിച്ചു പറയുക വഴി താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഫ്‌ളിക്കിനായി.

മാത്രമല്ല ചാവി ഉള്‍പ്പടെയുള്ളവര്‍ തയാറാകാതിരുന്ന ഒരു കാര്യം കൂടി ഫ്‌ളിക്ക് ചെയ്തു. ബയേണില്‍ ലെവന്‍ഡോസ്‌കി കളിച്ചു ഗോളടിച്ചു കൂട്ടിയിരുന്ന അതേ പൊസിഷന്‍ കൂടി താരത്തിന് നല്‍കി. ബാഴ്‌സ ശൈലിയില്‍ ഇറങ്ങിക്കളിക്കുന്നതിനു പകരം എതിരാളിയുടെ ഏരിയയില്‍ സര്‍വസ്വാതന്ത്ര്യത്തോടെ വിഹരിക്കാന്‍ പോളിഷ് താരത്തെ നിയോഗിച്ചു. മറ്റുള്ളവര്‍ക്ക് ഫിനിഷര്‍ റോളില്‍ കളിക്കുന്ന ലെവന്‍ഡോവ്‌സ്‌കിയിലേക്ക് പന്തെത്തിക്കുന്ന ചുമതല മാത്രം. തന്റെ റോള്‍ ഭംഗിയാക്കാന്‍ പോളിഷ് താരത്തിന് പിന്നെ മടിയുണ്ടായില്ല, ഇതുവരെ നേടിയത് നാലു കളികളില്‍ നിന്ന് നാലു ഗോളുകള്‍. ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമന്‍.

റാഫിഞ്ഞ; പഴകിയ വീഞ്ഞിന് വീര്യം കൂടി

കടുത്ത ബാഴ്‌സലോണ ആരാധകരെ പോലും അമ്പരിപ്പിച്ച മാറ്റമാണ് ബ്രസീലിയന്‍ വെറ്ററന്‍ താരം റാഫിഞ്ഞയുടെ കാര്യത്തില്‍ ഫ്‌ളിക്ക് കൊണ്ടുവന്നത്. കഴിഞ്ഞ സീസണില്‍ ഏതുവിധേനയും ഒഴിവാക്കണമെന്ന് ആരാധകര്‍ പോലും ഗ്യാലറിയില്‍ പരസ്യമായി മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത് കേട്ട് തലകുനിച്ച് നാണംകെട്ടു മടങ്ങുന്ന റാഫിഞ്ഞയെ മറന്നിട്ടുണ്ടാകില്ല. ആ അവസ്ഥയില്‍ നിന്ന് റാഫിഞ്ഞയ്ക്ക് കൈയടിക്കാന്‍ നൗക്യാമ്പിലെ ഗ്യാലറി ഒന്നടങ്കം എഴുന്നേറ്റ് നില്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ ഫ്‌ളിക്കിനായി.

സ്ഥാനമേറ്റയുടന്‍ തന്നെ താരത്തിന്റെ ഫിറ്റ്‌നെസ് ശരിയാക്കാനാണ് ഫ്‌ളിക്ക് ശ്രദ്ധയൂന്നിയത്. ശാരീരികമായി താരം റെഡിയായെന്നു കണ്ടതോടെ അടുത്ത നീക്കം. അതാണ് റാഫിഞ്ഞയെ മാറ്റിമറിച്ചത്. മറ്റു പരിശീലകരും ആരാധകരും പോലും തഴഞ്ഞിടത്തു നിന്ന് റാഫിഞ്ഞയെ ടീമിന്റെ ക്യാപ്റ്റന്മാരില്‍ ഒരാളാക്കി. കൂടാതെ ഗ്രൗണ്ടില്‍ റഫറിയോട് ടീമിനു വേണ്ടി സംസാരിക്കാന്‍ ചുമതലപ്പെട്ടവനുമാക്കി. ഇത് താരത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തി, ഫലം കരിയറിലെ ആദ്യ ഹാട്രിക് നേടി ടീമിന്റെ കുതിപ്പിന് ഇന്ധനമായി മാറി റാഫിഞ്ഞ. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലെവന്‍ഡോവ്‌സ്‌കിക്കു പിന്നില്‍ രണ്ടാമനാണ് ഇപ്പോള്‍ ബ്രസീലിയന്‍ താരം.

ഭാവി മുന്നില്‍ക്കണ്ട് യുവതയെ വാര്‍ത്തു

യുറോകപ്പ് 2024-ല്‍ സ്‌പെയിനെ കിരീടത്തിലേക്ക് നയിച്ചത് യുവരക്തങ്ങളാണ്. അതില്‍ എണ്ണം പറഞ്ഞ ഏതാനും താരങ്ങള്‍ ബാഴ്‌സ അക്കാദമിയില്‍ നിന്നുള്ളവരാണ്. അവരെ ഫലപ്രദമായി ഉപയോഗിച്ച്, സീനിയര്‍ ടീമില്‍ യഥേഷ്ടം അവസരങ്ങള്‍ നല്‍കാനുള്ള ഫ്‌ളിക്കിന്റെ തീരുമാനവും ടീമിന്റെ മാറ്റത്തിന്റെ കാതലായി. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള, യുവത്വവും പരിചയസമ്പത്തും ഒരുപോലെ നിറഞ്ഞ ഒരു ടീമാക്കി ബാഴ്‌സയെ മാറ്റിയതാണ് ഫ്‌ളിക്കിന്റെ വിജയരഹസ്യമെന്നു ചുരുക്കിപ്പറയാം. അത്തരമൊരു ടീമിനെ കാറ്റലൂണിയക്കാര്‍ക്ക് നന്നായി അറിയാം. 2008 മുതല്‍ 2012 വരെ യൂറോപ്പിനെ വിറപ്പിച്ച് വാണ പെപ്പ് ഗ്വാര്‍ഡിയോളയുടെ ബാഴ്‌സലോണ. ആ യുഗത്തിലേക്ക് ഒരു തിരിച്ചുപോക്ക് സ്വപ്‌നം കാണുകയാണ് ഇപ്പോള്‍ ബാഴ്‌സ ആരാധകര്‍.

logo
The Fourth
www.thefourthnews.in