ഇതാണ് കളി; 'ആറാട്ടിനൊടുവില്‍' പോയിന്റ് പങ്കിട്ട് ഹൈദരാബാദും മുംബൈയും
ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നു ഗോളുകള്‍ വീതമടിച്ച് ഓരോ പോയിന്റ് വീതം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയും മുംബൈ സിറ്റിയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 സീസണിലെ മൂന്നാം മത്സരത്തില്‍ ഹൈദരാബാദും മുംബൈയും സമനിലയില്‍ പിരിഞ്ഞു.
ലീഡുകള്‍ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഹൈദരാബാദിന് വിനയായത്. ചിംഗ്ലെന്‍സന സിങ്ങാണ് വില്ലനായത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ സിങ്ങിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറിയതോടെ മുംബൈ അപ്രതീക്ഷിത ലീഡ് സ്വന്തമാക്കി.
എന്നാല്‍ തളരാതെ പൊരുതിയ ചാമ്പ്യന്മാര്‍ ആദ്യ പകുതി അവസാനിക്കും മുമ്പേ ഒപ്പമെത്തി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സൂപ്പര്‍ താരം ബര്‍തലൊമ്യു ഓഗ്ബച്ചയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച യാവോ വിക്ടറാണ് ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത്.
പിന്നീട് ഇടവേള കഴിഞ്ഞ് എത്തി ഏറെ വൈകാതെ തന്നെ അവര്‍ ലീഡും നേടി. 51-ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ നല്‍കിയ പാസില്‍ നിന്ന് ഇന്ത്യന്‍ താരം ഹാളിചരണ്‍ നര്‍സാരിയാണ് ലക്ഷ്യം കണ്ടത്. അതിനുള്ള മുംബൈയുടെ മറുപടിക്ക് 17 മിനിറ്റുകൂടിയേ കാത്തിരിക്കേണ്ടി വന്നുള്ളു.
ഹൈദരാബാദ് ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ റീബൗണ്ട് പിടിച്ചെടുത്ത് അഹമ്മദ് ജൗഹ നല്‍കിയ പാസ് ഗ്രെഗ് സ്റ്റിയുവര്‍ട്ട് കൃത്യമായി വലയിലാക്കുകയായിരുന്നു. എന്നാല്‍ എട്ടു മിനിറ്റിനുള്ളില്‍ ഹൈദരാബാദ് വീണ്ടും മുന്നിലെത്തി. ഇക്കുറി ഒഡെയ് ഒനാന്‍ഡ്യ നല്‍കിയ പാസില്‍ നിന്നാണ് വിക്ടര്‍ ലക്ഷ്യം കണ്ടത്.
പക്ഷേ അതിനും മുംബൈയുടെ പക്കല്‍ മറുപടി ഉണ്ടായിരുന്നു. ഒമ്പതു മിനിറ്റ് വൈകിയായിരുന്നുവെന്നു മാത്രം. ഇത്തവണ അസിസ്റ്റ് നല്‍കുന്ന ചുമതല സ്റ്റിയുവര്‍ട്ട് ഏറ്റെടുത്തപ്പോള്‍ സ്‌കോര്‍ ചെയ്തത ആല്‍ബര്‍ട്ടോ നൗഗ്യുയേര. ശേഷിച്ച മിനിറ്റുകളില്‍ നാലാം ഗോളിനായി ഇരുടീമുകളും കിണഞ്ഞുപൊരുതിയെങ്കിലും സമനിലക്കുരുക്ക് അഴിക്കാനായില്ല.