ചെന്നൈയിൻ എഫ്സി ഹൈദരാബാദ് എഫ്സി മത്സരത്തില്‍ നിന്ന്
ചെന്നൈയിൻ എഫ്സി ഹൈദരാബാദ് എഫ്സി മത്സരത്തില്‍ നിന്ന്

ഡ്യൂറന്‍ഡ് കപ്പ്: ശനിദശ ഒഴിയാതെ ചെന്നൈയിൻ എഫ്സി

ഇതോടെ ജയമില്ലാതെ 10 മത്സരങ്ങളാണ് ചെന്നൈയിൻ എഫ് സി പിന്നിട്ടത്
Updated on
1 min read

ജയത്തിനായുള്ള ചെന്നൈയിൻ എഫ്സിയുടെ കാത്തിരുപ്പ് നീളുന്നു. ഇന്നു ഡ്യുറന്‍ഡ് കപ്പില്‍ ഹൈദരാബാദ് എഫ്.സിയോടു തോറ്റതോടെ തുടര്‍ച്ചയായ 10 മത്സരങ്ങളാണ് ജയമില്ലാതെ ചെന്നൈയിന്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആയിരുന്നു ചെന്നൈയിന്റെ അവസാന ജയം.

ഹൈദരാബാദിനു വേണ്ടി ബർത്തലോമിയോ ഒഗ്ബെചെ ഇരട്ടഗോൾ നേടിയപ്പോൾ ജാവോ വിക്ടർ ആണ് മറ്റൊരു സ്‌കോറർ. അനിരുദ്ധ് ഥാപ്പയാണ് ചെന്നൈയിൻ എഫ്സിയുടെ ഗോൾ നേടിയത്.

മണിപ്പൂരിലെ ഖുമാൻ ലാമ്പക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42ാം മിനുട്ടിൽ നായകൻ അനിരുദ്ധ് ഥാപ്പയിലൂടെ ചെന്നയിനാണ് ആദ്യം ലീഡ് എടുത്തത്. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ചെന്നൈയിന് പ്രതിരോധനിര താരം ഫാലോ ഡയഗ്നെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ജാവോ വിക്ടർ ഹൈദരാബാദിനെ ഒപ്പം എത്തിച്ചു. പകരക്കാരനായി വന്ന ഒഗ്ബെചെ അറുപത്തിനാലാം മിനുട്ടിലും എഴുപത്തിനാലാം മിനുട്ടിലും ഗോൾ കണ്ടെത്തിയതോടെ ഹൈദരാബാദിന്റെ തിരിച്ചുവരവ് പൂർത്തിയായി.

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഹൈദരാബാദ് ആറ് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്. ഒരു സമനിലയും തോൽവിയുമായി ചെന്നൈയിൻ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ഹൈദരാബാദിന് നെറോക്ക എഫ് സിയും, ചെന്നൈയിന് ട്രൗ എഫ്‌സിയുമാണ് എതിരാളികൾ.

രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂരിന് ജയം

ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂരിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് എഫ് സി ഗോവയെയാണ്‌ തോൽപ്പിച്ചത്. താപൻ ഹാൽഡറാണ്‌ വിജയഗോൾ നേടിയത്. 72ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി രക്ഷപ്പെടുത്തിയ ഗോവന്‍ ഗോൾ കീപ്പർ ഹൃത്വിക് തിവാരി ജംഷഡ്‌പൂരിന്റെ ജയം തടയാൻ ശ്രമിച്ചെങ്കിലും, 84ാം മിനുട്ടിൽ താപന്റെ ഹെഡര്‍ ഗോവന്‍ വല കുലുക്കി.

logo
The Fourth
www.thefourthnews.in