'യുണൈറ്റഡ് എന്നെ ചതിച്ചു'; റൊണാള്‍ഡോ പൊട്ടിത്തെറിച്ചു പുറത്തേക്ക്

'യുണൈറ്റഡ് എന്നെ ചതിച്ചു'; റൊണാള്‍ഡോ പൊട്ടിത്തെറിച്ചു പുറത്തേക്ക്

ടെന്‍ഹാഗിനെ താന്‍ ബഹുമാനിക്കുന്നില്ലെന്നും തന്നെ ബഹുമാനിക്കാത്തവരെ ബഹുമാനിക്കുന്ന ശീലമില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
Updated on
1 min read

ഫുട്‌ബോള്‍ ലോകം മറ്റൊരു ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശത്തിലേക്ക് അലിഞ്ഞുചേരാനൊരുങ്ങുമ്പോള്‍ തന്റെ ഫുട്‌ബോള്‍ ക്ലബിനെതിരേ പൊട്ടിത്തെറിച്ചു പോര്‍ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകകപ്പ് ഫുട്‌ബോളിനായി പോര്‍ചുഗല്‍ ടീമിനൊപ്പം ചേരും മുമ്പ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ 'ദ സണ്‍'ന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കോച്ച് എറിക് ടെന്‍ ഹാഗിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി ക്രിസ്റ്റിയാനോ രംഗത്തു വന്നത്.

യുണൈറ്റഡില്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്നും ക്ലബ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും തുറന്നടിച്ച റൊണാള്‍ഡോ കോച്ച് ടെന്‍ാഗിന്‍െയും വെറുതേ വിട്ടില്ല. ടെന്‍ഹാഗിനെ താന്‍ ബഹുമാനിക്കുന്നില്ലെന്നും തന്നെ ബഹുമാനിക്കാത്തവരെ ബഹുമാനിക്കുന്ന ശീലമില്ലെന്നും റൊണാള്‍ഡോ പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനായ പിയേഴ്‌സ് മോര്‍ഗനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

37-കാരനായ താരത്തെ ടെന്‍ഹാഗ് ഏതാനും മത്സരങ്ങളായി ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ടോട്ടനത്തിനെതിരായ മത്സരത്തിനിടെ കോച്ചിനോടു പ്രതിഷേധിച്ചു മത്സരം തീരും മുമ്പേ സ്‌റ്റേഡിയം വിട്ടതിനാണ് നടപടി. ഇതേത്തുടര്‍ന്ന് യുണൈറ്റഡിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ ടീമിലുണ്ടായിരുന്നില്ല.

ഇന്നലെ റൊണാള്‍ഡോ ഇല്ലാതെ ഫുള്‍ഹാമിനെതിരേ 2-1ന്റെ ജയം ടീം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തവന്നത്. പൂര്‍ണ അഭിമുഖം അടുത്ത ദിവസം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

യുണൈറ്റഡില്‍ നിന്ന് കൂടുമാറാന്‍ ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ റൊണാള്‍ഡോ ശ്രമിച്ചിരുന്നു. എന്നാല്‍ തന്നെ ടീം മാനേജ്‌മെന്റും കോച്ചുമാണ് അതിനു പ്രേരിപ്പിച്ചതെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ''എന്നെ പുറത്താക്കാന്‍ അവര്‍ ശ്രമിച്ചു. കോച്ച് മാത്രമല്ല അതിനു പിന്നില്‍. ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ടുമൂന്നു പേര്‍ കൂടിയുണ്ട്. ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ചിലര്‍ക്ക് ഞാന്‍ ടീമില്‍ തുടരുന്നതിനോടു താല്‍പര്യമില്ല. മുന്‍ സീസണിലും അതു തന്നെയായിരുന്നു അവസ്ഥ''- റൊണാള്‍ഡോ പറഞ്ഞു.

യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ നിര്‍ബന്ധപ്രകാരമാണ് താന്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയതെന്നും റൊണാള്‍ഡോ പറഞ്ഞു. ''എന്നെ അദ്ദേഹം ഫോണില്‍ വിളിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു പോകുന്നത് നിനക്ക് ഒട്ടും അഭികാമ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അത് അംഗീകരിക്കുകയും ചെയ്തു. പക്ഷേ മുമ്പത്തെ യുണൈറ്റഡല്ലായിരുന്നു തിരിച്ചുവരവില്‍ കണ്ടത്. ഫെര്‍ഗൂസന്‍ പോയതിനു ശേഷം ക്ലബ് തകര്‍ച്ചയിലാണ്. രക്ഷപെടുത്താനുള്ള ഒരു നീക്കവും നടക്കുന്നില്ല. ഇത് എന്നേക്കാള്‍ നന്നായി ഫെര്‍ഗൂസന് അറിയാം''- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ടീമിലെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം കാരണം കോച്ച് ടെന്‍ഹാഗാണെന്നും റൊണാള്‍ഡോ പരോക്ഷമായി പറഞ്ഞു. ''ഞാന്‍ അയാളെ ബഹുമാനിക്കില്ല. അയാള്‍ക്ക് ആരെയും ബഹുമാനിക്കാന്‍ അറിയില്ല. അത്തരക്കാരെ അങ്ങോട്ടുപോയി ബഹുമാനിക്കാറുമില്ല''- താരം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പൊട്ടിത്തെറിയിലേക്കാണ് നയിക്കുന്നത്. ജനുവരി ട്രാന്‍സഫര്‍ ജാലകത്തില്‍ എങ്ങനെയെങ്കിലും ക്ലബ് വിടാനുള്ള റൊണാള്‍ഡോയുടെ അവസാന ശ്രമമായാണ് താരത്തിന്റെ ആരോപണങ്ങളെ ഫുട്‌ബോള്‍ ആരാധകര്‍ കാണുന്നത്. ക്ലബിനെതിരേ പരസ്യവിമര്‍ശനം ഉയര്‍ത്തിയ താരത്തിനെ ഉടനെ റിലീസ് ചെയ്യുമെന്നാണ് സൂചന. ഇതോടെ ജനുവരിയില്‍ മറ്റൊരു ക്ലബിലേക്കു കൂടുമാറാന്‍ റൊണാള്‍ഡോയ്ക്കായേക്കും.

logo
The Fourth
www.thefourthnews.in