പഞ്ചാബ് എഫ്‌സി ഇനി ഐഎസ്എല്ലില്‍ കളിക്കും; സ്ഥാനക്കയറ്റം നേടിയെത്തുന്ന ആദ്യ ക്ലബ്
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ആദ്യ ടീമായി പഞ്ചാബ് എഫ്‌സി. നിലവിലെ ഐ ലീഗ് ജേതാക്കളെന്ന ലേബലിലാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പഞ്ചാബ് എഫ്.സി. ഐ എസ്എല്ലില്‍ അരങ്ങേറാനൊരുങ്ങുന്നത്. റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്ന പേരില്‍ ഐ ലീഗ് കളിച്ച ടീം പേരു മാറ്റിയാണ് രാജ്യാത്തെ ഒന്നാം ഡിവിഷന്‍ ലീഗിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഇതോടെ ഐഎസ്എല്ലില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം 12 ആയി.
2022-23 സീസണ്‍ മുതല്‍ ഐ ലീഗ് ചാമ്പ്യന്മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് അന്നേരം തന്നെ പ്രഖ്യാപിച്ചിരുന്നു. 2023-24 സീസണ്‍ മുതല്‍ എഎസ്എല്ലിലെ അവസാന സ്ഥാനക്കാരെ തരം താഴ്ത്തുകയും ചെയ്യും. ഐ-ലീഗ് 2022-23 സീസണിലുടനീളം പഞ്ചാബ് എഫ്‌സി അസാധാരണമായ പ്രകടനമാണ് കാഴ്ചവച്ചത്. 16 മത്സരങ്ങൾ ജയിച്ച ടീം ആകെ 45 ഗോളുകളാണ് നേടിയത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. നാല് മത്സരങ്ങളിൽ സമനിലയായിരുന്നു.
ടീമംഗങ്ങളുടെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഐഎസ്‌എല്ലിലേക്കുള്ള പ്രവേശനമെന്ന് ടീമിന്റെ സ്ഥാപകനായ സണ്ണി സിങ് പറഞ്ഞു. ''ഐഎസ്‌എല്ലിലേക്കുള്ള ടീമിന്റെ മുന്നേറ്റം അസാധാരണമാണ്. ഇന്ത്യൻ ഫുട്‌ബോളിന്റെ ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കുക എന്ന വെല്ലുവിളി സ്വീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഐഎസ്‌എല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുും. ഇന്ത്യയിലുടനീളമുള്ള യുവ പ്രതിഭകൾക്ക് പ്രചോദനമാകുകയാണ് ലക്ഷ്യം''- അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് എഫ്‌സിയുടെ ടെക്‌നിക്കൽ ഡയറക്‌ടർ നിക്കോളാസ് ടോപോളിയറ്റിസും ക്ലബ്ബിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവച്ചു. "ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുന്നത് പഞ്ചാബ് എഫ്‌സിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന പടിയാണ്. രാജ്യത്തുടനീളമുള്ള കുട്ടികളെ കായികരംഗത്തേക്ക് വരാൻ പ്രചോദിപ്പിക്കുന്ന ഒരു ഫുട്ബോൾ ടീം എന്നതാണ് ലക്ഷ്യം. വളർന്നുവരുന്ന ഒരു കൂട്ടം പ്രതിഭകളെയാണ് സീസണിൽ മത്സരിപ്പിക്കുക. രാജ്യത്തെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്"- അദ്ദേഹം പറഞ്ഞു.