സാഫ് കപ്പില്‍ ഒമ്പതാമത് മുത്തം; റെക്കോഡ് സ്ട്രീക്ക് ഉയര്‍ത്തി ഇന്ത്യ

സാഫ് കപ്പില്‍ ഒമ്പതാമത് മുത്തം; റെക്കോഡ് സ്ട്രീക്ക് ഉയര്‍ത്തി ഇന്ത്യ

കുവൈത്തിനെതിരെ ആറാം കിക്ക് തട്ടിയകറ്റിയ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് വിജയനായകന്‍.
Updated on
2 min read

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ ശക്തരായ കുവൈത്തിനെ വീഴ്ത്തി ഇന്ത്യക്ക് സാഫ് കപ്പ് കിരീടം. ഇന്നു ബംഗ്‌ളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളുകള്‍ വീതം നേടി ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. സ്‌പോട്ട് കിക്കില്‍ ഇന്ത്യക്ക് ഒരു തവണ പിഴച്ചപ്പോള്‍ കുവൈത്തിന്റെ രണ്ടു കിക്കുകള്‍ രക്ഷപെടുത്തി ഇന്ത്യ കിരീടം ചൂടുകയായിരുന്നു. ഇന്ത്യക്കു വേണ്ടി നായകന്‍ സുനില്‍ ഛേത്രി, ലാലിയന്‍സുലെ ചാങ്‌തെ, സന്ദേശ് ജിങ്കാന്‍, സുഭാഷിഷ് ബോസ്, നാഓറെം മഹേഷ് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിങ്ങിനാണ് പിഴച്ചത്. അതേസമയം കുവൈത്ത് താരങ്ങളായ മുഹമ്മദ് അബുദുള്ള ദഹാം പന്ത് പുറത്തേക്ക് അടിച്ചപ്പോള്‍ അവസാന കിക്കെടുത്ത ഖാലിദ് ഇബ്രാഹിന്റെ ഷോട്ട് തടുത്തിട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

സാഫ് കപ്പില്‍ ഒമ്പതാമത് മുത്തം; റെക്കോഡ് സ്ട്രീക്ക് ഉയര്‍ത്തി ഇന്ത്യ
സാഫ് കപ്പ്; ഇന്ത്യ ഫൈനലിൽ, കിരീടപ്പോരാട്ടം കുവൈത്തുമായി

നിശ്ചിത സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ലാലിയാന്‍സുവാന്‍ ചങ്‌തെയും കുവൈത്തിനുവേണ്ടി അബീബ് അല്‍ ഖല്‍ദിയുമാണ് ലക്ഷ്യം കണ്ടത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ച വച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ പന്ത് ഇന്ത്യയുടെ തട്ടിലായിരുന്നു എങ്കിലും 15-ാം മിനിറ്റിൽ കൗണ്ടര്‍ അറ്റാക്കിലൂടെ കുവൈത്തിന്റെ ഷബീബ് അല്‍ ഖാല്‍ദിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. തുടക്കത്തിലെ എതിരാളികള്‍ മുന്നിലെത്തിയതോടെ ഇന്ത്യ പതറുമെന്നു തോന്നിച്ചെങ്കിലും പിന്നീട് മിന്നുന്ന തിരിച്ചുവരവാണ് നടത്തിയത്.

എന്നാല്‍ പ്രതിരോധതാരം അന്‍വര്‍ അലി 34-ാം മിനിറ്റില്‍ പരുക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പകരം മെഹ്താബ് സിങ്ങാണ് ഗ്രൗണ്ടിലിറങ്ങിയത്. തുടർന്ന് 39-ാം മിനിറ്റില്‍ ബെംഗളൂരു സ്റ്റേഡിയത്തിനെ ആവേശത്തിലാഴ്ത്തി ഇന്ത്യ സമനില ഗോള്‍ നേടി. ലാലിയന്‍സുവാല ചങ്‌തെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ പാസ് ചങ്‌തെ പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ലീഡുയര്‍ത്താൻ ശ്രമിച്ചെങ്കിലും ഗോളടിക്കാൻ കഴിയാതെ പോയി. എക്‌സ്ട്രാ ടൈമിലും ലീഡ് നേടാൻ ആർക്കും സാധിച്ചില്ല. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. ഇന്ത്യയ്ക്ക് വേണ്ടി ഛേത്രിയാണ് ആദ്യം കിക്കെടുത്തത്. കുവൈറ്റിനായി ആദ്യ കിക്കെടുത്ത മുഹമ്മദ് ദഹത്തിന്റെ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചപ്പോൾ ഇന്ത്യ ലീഡ് നേടി നിലനിര്‍ത്തി. പിന്നാലെ രണ്ടാം കിക്കെടുത്ത ജിംഗാനും ലക്ഷ്യം കണ്ടു. കുവൈത്തിനായി രണ്ടാമത് ഫവാസ് ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി. ചങ്‌തെയുടെ മൂന്നാം കിക്കിൽ ഇന്ത്യയുടെ ലീഡ് 3-1 ആയിട്ടുയർന്നു. എന്നാല്‍ കുവൈത്തിന്റെ അല്‍ ദഫൈരി ലക്ഷ്യം കണ്ടതോടെ ലീഡ് 3-2 ആയി കുറഞ്ഞു.

കുവൈത്തിന്റെ നാലാം കിക്ക് അബ്ദൂള്‍ അസീസിലൂടെ ലക്ഷ്യത്തിലെത്തിയതോടെ സ്‌കോര്‍ 3-3 ആയി. തുടർന്ന് സുഭാശിഷാണ് ഇന്ത്യയ്ക്കായി അഞ്ചാം കിക്കെടുത്തത്. കുവൈത്തിനായി അഞ്ചാം കിക്കെടുത്ത അല്‍ ഖല്‍ദിയും ലക്ഷ്യം കണ്ടതോടെ പെനാല്‍റ്റി ഷൂട്ടൗട്ടും സമനിലയായത്തോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി. ഇന്ത്യയ്ക്ക് വേണ്ടി മഹേഷ് സിങ് നയോറമാണ് ആറാം കിക്കെടുത്തത്. കുവൈത്തിനായി ഇബ്രാഹിമെടുത്ത ആറാം കിക്ക് വലയിലാക്കാതെ ഗുര്‍പ്രീത് സിങ് സന്ധു തട്ടിയകറ്റിയതോടെ ഇന്ത്യ സുവർണ വിജയം കുറിച്ചു.

logo
The Fourth
www.thefourthnews.in