ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ജയത്തിനൊപ്പം അപൂർവ റെക്കോർഡും വാരി ഇന്റർ മിലാൻ

ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ജയത്തിനൊപ്പം അപൂർവ റെക്കോർഡും വാരി ഇന്റർ മിലാൻ

എ സി മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ മിലാന്‍ തോൽപ്പിച്ചത്
Updated on
1 min read

ലോക ഫുട്‌ബോളിലെ രണ്ട് പ്രബലര്‍ രണ്ട് ദശാബ്ദത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ നേർക്കുനേർ വന്നതിനാണ് ഇന്ന് കാല്പന്ത് ലോകം സാക്ഷ്യം വഹിച്ചത്. മിലാന്‍ ക്ലബ്ബുകള്‍ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ മുഖാമുഖം വന്നപ്പോള്‍ ജയം ഇന്റര്‍ മിലാനൊപ്പം. കാല്പന്തിലെ വമ്പന്മാരായ എ സി മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ മിലാന്‍ തോൽപ്പിച്ചത്.

കളിയുടെ തുടക്കത്തില്‍ തന്നെ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്ററിന്റെ വിജയഗാഥ. 2005 ന് ശേഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ആദ്യമായി മിലാന്‍ ക്ലബ്ബുകള്‍ തമ്മില്‍ പോരാടിയപ്പോള്‍ അവിടെ ഒരു അപൂര്‍വ റെക്കോര്‍ഡും പിറന്നു. 34 വയസോ അതില്‍ കൂടുതലോ ഉള്ള രണ്ടു താരങ്ങള്‍ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിൽ ഗോള്‍ നേടുന്നത് ഇത് ആദ്യമായാണ്. ഇന്ററിനു വേണ്ടി ഗോള്‍ കണ്ടെത്തിയ എഡിന്‍ ജോക്കോയ്ക്ക് 37ഉം ഹെന്‍ട്രിക് മിഖിതാര്യന് 34ഉം വയസാണ് പ്രായം. മൂന്ന് തവണ ചാമ്പ്യന്മാരായ ഇന്റർ മിലാന്‍ 13 വര്‍ഷം മുൻപാണ് അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയത്.

34 വയസോ അതില്‍ കൂടുതലോ ഉള്ള രണ്ടു താരങ്ങള്‍ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിൽ ഗോള്‍ നേടുന്നത് ഇത് ആദ്യമായാണ്.

മത്സരത്തിന്റെ എട്ടാം മിനിറ്റിലായിരുന്നു ഇന്ററിന്റെ ആദ്യഗോള്‍. എഡിന്‍ ജോക്കോ എ സി മിലാന്റെ വലകുലുക്കിയപ്പോള്‍ ഇന്റര്‍ ഒരു ഗോളിന് മുന്നില്‍. നടുക്കം മാറും മുൻപായിരുന്നു അടുത്ത പ്രഹരമെത്തിയത്. 11-ാം മിനിറ്റില്‍ ഹെന്‍ട്രികിലൂടെ ഇന്ററിന്റെ രണ്ടാം ഗോള്‍. ആദ്യ പകുതി മുഴുവന്‍ സാന്‍ സിറോയില്‍ ഇന്റര്‍ മിലാന്റെ ആധിപത്യമായിരുന്നു. രണ്ടാം പകുതിയില്‍ എ സി മിലാന്‍ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും ഇന്റർ പ്രതിരോധത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. സാന്‍ സിറോ സ്‌റ്റേഡിയത്തിൽ തന്നെ നടക്കുന്ന രണ്ടാംപാദ സെമിയിൽ അടുത്ത ബുധനാഴ്ച ഇരു ടീമുകളും വീണ്ടും മുഖമുഖമെത്തും.

logo
The Fourth
www.thefourthnews.in