യൂറോപ്പില്‍ ഇന്നു പട്ടാഭിഷേകം; ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ രാത്രി അറിയാം

യൂറോപ്പില്‍ ഇന്നു പട്ടാഭിഷേകം; ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ രാത്രി അറിയാം

പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി ട്രെബിള്‍ തികയ്ക്കാനാണ് സിറ്റി ലക്ഷ്യമിടുന്നതെങ്കില്‍ 13 വര്‍ഷത്തിനു ശേഷം യൂറോപ്യന്‍ കിരീടം നേടി പ്രതാപകാലത്തേക്ക് മടങ്ങാനാണ് ഇന്റര്‍ കൊതിക്കുന്നത്.
Updated on
1 min read

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിന്റെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഇന്നു രാത്രി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 12:30 മുതല്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് ഒളിമ്പിക് സ്‌റ്റേഡിയത്തിലാണ് കലാശക്കൊട്ട്.

ഇരുടീമുകളും ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. തങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി സീസണില്‍ ട്രെബിള്‍ തികയ്ക്കാനാണ് സിറ്റി ലക്ഷ്യമിടുന്നതെങ്കില്‍ 13 വര്‍ഷത്തിനു ശേഷം യൂറോപ്യന്‍ കിരീടം ഷോകെയ്‌സില്‍ എത്തിച്ചു തങ്ങളുടെ പ്രതാപകാലത്തേക്ക് മടങ്ങാനാണ് ഇന്റര്‍ കൊതിക്കുന്നത്.

മൂന്നു സീസണിനിടെ ഇതു രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ് സിറ്റിക്കിത്. ഇതിനു മുമ്പ് 2020-21 സീസണിലാണ് അവര്‍ കലാശപ്പോര് കളിച്ചത്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ നിന്നു തന്നെയുള്ള ചെല്‍സിക്കു മുന്നില്‍ കീഴടങ്ങാനായിരുന്നു വിധി. ഇക്കുറി അതു മാറ്റിമറിച്ചു കിരീടം സ്വന്തമാക്കാനാണ് അവരുടെ ശ്രമം.

സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെയും വ്യക്തിപരമായ ഒരു നേട്ടം കാത്തിരിക്കുന്നുണ്ട്. മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്നത്തെ ജയത്തിലൂടെ ഗ്വാര്‍ഡിയോളയ്ക്കു സാധിക്കും. ഇതിനു മുമ്പ് 2009-ലും 2011-ലും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു ഗ്വാര്‍ഡിയോള കിരീടം ചൂടിയത്.

ഇന്നത്തെ ഫൈനല്‍ തുല്യശക്തികളുടെ പോരാട്ടമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും കടലാസിലെ പുലികള്‍ സിറ്റി തന്നെയാണ്. പ്രീമിയര്‍ ലീഗിലും എഫ്്എ കപ്പിലും മിന്നുന്ന പ്രകടനവുമായി കിരീടം ചൂടിയ അവര്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ഫൈനലില്‍ കടന്നത്.

മുന്‍നിര മുതല്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ വരെ മികച്ച ഫോമിലാണെന്നത് അവര്‍ക്ക് ആത്മവിശ്വാസം പകരും. മുന്നണിയില്‍ എര്‍ലിങ് ഹാലണ്ട്, ജാക്ക് ഗ്രീലിഷ്, ഇല്‍കെ ഗുണ്ടോഗന്‍, കെവിന്‍ ഡിബ്രുയ്ന്‍എന്നിവരാണ് സിറ്റിയുടെ തുറുപ്പ്ചീട്ടുകള്‍. ഇവര്‍ക്കു പുറമേ ബെര്‍നാര്‍ഡോ സില്‍വ, റോഡ്രി, ജോണ്‍സ്‌റ്റോണ്‍സ്, അകാന്‍ഞ്ജി, റൂബന്‍ ഡയസ്, കൈല്‍ വാക്കര്‍, എഡേഴ്‌സണ്‍ എന്നിവരും ആദ്യ ഇലവനില്‍ ഉണ്ടാകും.

മറുവശത്ത് ആക്രമണത്തിനൊപ്പം പ്രതിരോധവും സമന്വയിപ്പിച്ചുള്ള ഗെയിം പ്ലാനാണ് ഇന്റര്‍ പിന്തുടരുന്നത്. മുന്നണിയില്‍ ലൗതാരോ മാര്‍ട്ടിനസ്, എഡിന്‍ സെക്കോ എന്നിവരാണ് അവരുടെ കരുത്ത്. ഇവര്‍ക്കൊപ്പം ഡിമാര്‍ക്കോ, ഹകാന്‍ കല്‍ഹാനോഗ്ലു, ബ്രോസോവിച്ച്, ബരേല്ല, ഡംഫ്രൈസ്, ബസ്‌തോണി, അകെര്‍ബി, ഡാര്‍മിയന്‍, ഒനാന എന്നിവരും ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകും.

logo
The Fourth
www.thefourthnews.in