ഐറിഷ് മോഹങ്ങള്‍ തകര്‍ത്ത് കാനഡ; പ്രീക്വാര്‍ട്ടറിലേക്ക് ഒരു സമനില ദൂരം

ഐറിഷ് മോഹങ്ങള്‍ തകര്‍ത്ത് കാനഡ; പ്രീക്വാര്‍ട്ടറിലേക്ക് ഒരു സമനില ദൂരം

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ശേഷമായിരുന്നു അയര്‍ലന്‍ഡിന്റെ തോല്‍വി
Updated on
1 min read

ഒമ്പതാമത് ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ അയര്‍ലന്‍ഡിന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത് കാനഡ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നു തങ്ങളുടെ രണ്ടാം മത്സരത്തില്‍ അവര്‍ ഐറിഷ് പടയെ തുരത്തി നോക്കൗട്ട് റൗണ്ടിനരികിലെത്തി. പെര്‍ത്തിലെ റെക്ടാംഗുലര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു കനേഡിയന്‍ ടീമിന്റെ ജയം.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ശേഷമായിരുന്നു അയര്‍ലന്‍ഡിന്റെ തോല്‍വി. തകര്‍പ്പനൊരു 'ഒളിമ്പിക്' ഗോളിലൂടെ ആഴ്‌സണല്‍ താരം കെയ്റ്റി മക്‌ബെയാണ് അയര്‍ലന്‍ഡിനെ മുന്നിലെത്തിച്ചത്. അയര്‍ലന്‍ഡിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു അത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റ് വരെ ഈ ലീഡ് നിലനിര്‍ത്താന്‍ അയര്‍ലന്‍ഡിനായി. എന്നാല്‍ ഇടവേളയ്ക്കു തൊട്ടുമുമ്പ് കാനഡ ഒപ്പമത്തി. അയര്‍ലന്‍ഡ് പ്രതിരോധ താരം മെഗാന്‍ കോണോലിയുടെ പിഴവാണ് കാനഡയെ തുണച്ചത്. കനേഡിയന്‍ താരം ഗ്രോസോയുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ കോണോലി സ്വന്തം വലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു.

ഇതോടെ ഒന്നാം പകുതി 1-1 എന്ന സ്‌കോറില്‍ അവസാനിച്ചു. പിന്നീട് ഇടവേളയ്ക്കു ശേഷം കളി പുനഃരാംഭിച്ച് ഏറെ വൈകാതെ തന്നെ കാനഡ വിജയഗോളും കണ്ടെത്തി. മത്സരത്തിന്റെ 53-ാം മിനിറ്റില്‍ സോഫി ഷ്മിഡ്റ്റിന്റെ പാസില്‍ നിന്ന് അഡ്രിയാന ലിയോണാണ് വിജയഗോള്‍ നേടിയത്.

ജയത്തോടെ കാനഡ നോക്കൗട്ടിലേക്ക് അടുത്തപ്പോള്‍ അയര്‍ലന്‍ഡ് പുറത്തായി. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റോടെ കാനഡയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു മത്സരത്തില്‍ മൂന്നു പോയിന്റോടെ ഓസ്‌ട്രേലിയ രണ്ടാമതും ഒരു പോയിന്റോടെ നൈജീരിയ മൂന്നാമതുമാണ്. രണ്ടു മത്സരങ്ങളും തോറ്റ അയര്‍ലന്‍ഡാണ് അവസാന സ്ഥാനത്ത്.

logo
The Fourth
www.thefourthnews.in