ഐഎസ്എല്‍ മൂന്നാം റൗണ്ട് നാളെമുതല്‍; ഈസ്റ്റ് ബംഗാള്‍ ഹൈലാന്‍ഡേഴ്‌സിനെതിരേ
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഐഎസ്എല്‍ പോരാട്ടങ്ങള്‍ക്കു നാളെ മുതല്‍ വീണ്ടും തുടക്കമാവും. നാളെ രാത്രി 7.30 ന് ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് മത്സരം. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇരു ടീമുകള്‍ക്കും ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. പോയിന്റ് ടേബിളില്‍ അവസാനമാണ് രണ്ടു ടീമുകളുടെയും സ്ഥാനം. അതിനാല്‍ത്തന്നെ ഇരുകൂട്ടര്‍ക്കും മത്സരം നിര്‍ണായകമാണ്.
സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്ന മികച്ച പരിശീലകന്റെ കീഴില്‍ ഐഎസ്എല്‍ പോരാട്ടത്തിനിറങ്ങിയ ഈസ്റ്റ് ബംഗാള്‍ എഫ്‌സി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എതിരാളികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. സീസണിലെ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനോട് 3-1 ന് പരജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ രണ്ടാം മത്സരത്തില്‍ ഗോവയോട് അവസാന നിമിഷം തോല്‍വി വഴങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഫോര്‍വേഡായി കളിച്ച അലക്സ് ലിമയ്ക്ക് പരിക്കേറ്റതിനാല്‍ നാളത്തെ കളിയില്‍ അദ്ദേഹത്തിന്റെ അഭാവം ടീമിനെ ബാധിക്കും.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും സ്ഥിതി വ്യത്യസ്തമല്ല. തോല്‍വിയറിയാത്ത നാല് പ്രീ-സീസണ്‍ മത്സരങ്ങളുടെ പിന്‍ബലത്തിലാണ് അവര്‍ ലീഗിനിറങ്ങിയത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിര്‍ഭാഗ്യവശാല്‍ ആദ്യ മത്സരത്തില്‍ വീണുപോയി. ശേഷം നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിക്കു മുന്നിലും അടിയറവ് പറയേണ്ടി വന്നു.
ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് ടീമിന്റെ ആടിയുലഞ്ഞ പ്രതിരോധ നിരയാണ്. രണ്ട് മത്സരങ്ങളിലും മറുപടിയില്ലാതെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ടീം പോയിന്റ് ടേബിളില്‍ ഇപ്പോള്‍ അവസാനമാണുള്ളത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ നോര്‍ത്ത് ഈസ്റ്റ് നിരയില്‍ ഉയര്‍ന്നു കേട്ടപേരാണ് മലയാളി താരം സുഹൈര്‍ വിപിയുടേത്. ഗുവാഹത്തിയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.
ഇരു ടീമുകളും നേര്‍ക്കുനേരെ വന്ന മത്സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അനുകൂലമാണ്. ഈസ്റ്റ് ബംഗാളിനെതിരായ നാല് മത്സരങ്ങളില്‍ മൂന്നിലും നോര്‍ത്ത് ഈസ്റ്റ് ആണ് ജയിച്ചത്. അവസാനത്തെ മത്സരം സമനിലയില്‍ കലാശിച്ചു.