കാല്‍പ്പന്ത് ആരവത്തിന് ഇനി ആറു നാള്‍; ഏഴിന് ഐഎസ്എല്‍ കിക്കോഫ്

കാല്‍പ്പന്ത് ആരവത്തിന് ഇനി ആറു നാള്‍; ഏഴിന് ഐഎസ്എല്‍ കിക്കോഫ്

ഫെബ്രുവരി 26വരെയാണ് ലീഗ് റൗണ്ട് അരങ്ങേറുക. പ്ലേ ഓഫ് മത്സരങ്ങളും സെമിഫൈനലും ഫൈനലും മാര്‍ച്ചിലാണ്.
Updated on
2 min read

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ വീണ്ടും ഐഎസ്എല്‍ ആരവത്തിലേക്ക്. ഒമ്പതാം സീസണിന് ഈ മാസം ഏഴിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കേരളാ ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫെബ്രുവരി 26വരെയാണ് ലീഗ് റൗണ്ട് അരങ്ങേറുക. പ്ലേ ഓഫ് മത്സരങ്ങളും സെമിഫൈനലും ഫൈനലും മാര്‍ച്ചിലാണ്. ഇതിന്റെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

പുതിയ പ്ലേ ഓഫ് ഫോര്‍മാറ്റും ഡ്യൂറന്‍ഡ് കപ്പില്‍ കളിച്ചു മിന്നുന്ന പ്രകടനം കാണിച്ച യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നതും പുതിയ സീസണിന്റെ മാറ്റ് കൂട്ടുമെന്നു തീര്‍ച്ച. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇക്കുറി ആറു ടീമുകളായിരിക്കും പ്ലേ ഓഫ് റൗണ്ടിനായി പോരാടുക.

നേരത്തെ ലീഗ് ഘട്ടത്തില്‍ തലപ്പത്തെത്തുന്ന ആദ്യ നാലു ടീമുകളായിരുന്നു പ്ലേ ഓഫില്‍ കടന്നിരുന്നത്. ഇക്കുറി ആ ഫോര്‍മാറ്റിന് മാറ്റം വരുത്തിയിരിക്കുകയാണ്. ഇതോടെ ആറു ടീമുകള്‍ക്ക് തുല്യ അവസരം ലഭിക്കും. ലീഗ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ട് പ്ലേ ഓഫ് യോഗ്യത നേടും.

ശേഷിച്ച രണ്ടു സ്ഥാനങ്ങളിലേക്ക് മൂന്നു മുതല്‍ ആറു വരെയുള്ള ടീമുകള്‍ക്ക് അവസരമുണ്ട്. മൂന്നാം സ്ഥാനത്തെത്തുന്നവര്‍ ആറാം സ്ഥാനക്കാരുമായും നാലാം സ്ഥാനത്തെത്തുന്നവര്‍ അഞ്ചാം സ്ഥാനക്കാരുമായും സിംഗിള്‍ ലെഗ് മത്സരം കളിക്കണം. ഉയര്‍ന്ന സ്ഥാനത്തുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിലായിരിക്കും മത്സരം അരങ്ങേറുക. ജയിക്കുന്ന ടീമുകളാകും സെമിയിലേക്കു മുന്നേറുന്നത്.

ഇതിനു പുറമേ പരമ്പരാഗത ഹോം ആന്‍ഡ് എവേ മത്സരരീതി തിരിച്ചുവരുന്നതും ഈ സീസണിനെ ആവേശകരമാക്കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു സീസണുകളിലായി ഒരു നഗരത്തില്‍ മാത്രമാണ് മത്സരങ്ങള്‍ നടന്നുവന്നിരുന്നത്.

ആരാധകര്‍ക്ക് സ്‌റ്റേഡിയത്തിലേക്കു വീണ്ടും പ്രവേശനം അനുവദിച്ചതും മത്സരങ്ങള്‍ ആവേശകരമാക്കാന്‍ സഹായിക്കും. ആരാധകരുടെ സൗകര്യം മാനിച്ച് ഈ സീസണ്‍ മുതല്‍ വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലായിരിക്കും എല്ലാ ആഴ്ചയിലും മത്സരങ്ങള്‍ നടത്തുക. ഇതോടെ ആരാധകര്‍ക്ക് വാരാന്ത്യങ്ങള്‍ ഫുട്‌ബോള്‍ ആവേശത്തില്‍ ചിലവഴിക്കാനും കഴിയും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒമ്പതാം സീസണിനാണ് കളമൊരുങ്ങുന്നത്. രണ്ടു തവണ കിരീടം ചൂടിയ ചെന്നൈയിന്‍ എഫ്‌സിയാണ് ഐഎസ്എല്‍ ചരിത്രത്തിലെ(നിലവിലുള്ള ടീമുകളില്‍) മികച്ച റെക്കോഡ് ഉള്ളവര്‍. ഹൈദരാബാദ് എഫ്‌സിയാണ് നിലവിലെ ജേതാക്കള്‍. അതേസമയം ജംഷഡ്പൂര്‍ എഫ്‌സിയാണ് നിലവിലെ ഷീല്‍ഡ് ചാമ്പ്യന്മാര്‍.

കഴിഞ്ഞ സീസണില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാനാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറിയും ലക്ഷ്യമിടുന്നത്. സെര്‍ബിയന്‍ കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞതവണ ഗംഭീര പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവച്ചത്. ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയോട് പൊരുതി തോല്‍ക്കുകയായിരുന്നു. മൂന്നാം തവണയാണ് ബ്ലാസ്റ്റഴ്‌സിന് ഫൈനലില്‍ കാലിടറിയത്.

ഇക്കുറി വുകുമനോവിച്ചും സംഘവും കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ടീമിന്റെ കുതിപ്പിനു ചുക്കാന്‍ പിടിച്ച മുന്നേറ്റ ത്രയമായ അഡ്രിയാന്‍ ലൂണ-ഹോര്‍ഗെ പെരേര ഡയസ്-ആല്‍വാരോ വാസ്‌ക്വസ് ത്രയത്തില്‍ ലൂണ മാത്രമാണ് ഈ സീസണില്‍ ടീമിനൊപ്പമുള്ളത്.

ലൂണയ്ക്കു പുറമേ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ദിയമന്റാക്കോസ്, സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മോഹില്‍, ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ച്, യുക്രെയ്ന്‍ മധ്യനിര താരം ഇവാന്‍ കല്‍യൂഷ്‌നി, ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ അപോസ്തലോസ് ഗിയാനു എന്നിവരാണ് ടീമിനെ വിദേശ താരങ്ങള്‍. ലൂണയെയും ലെസ്‌കോവിച്ചിനെയും ടീം കഴിഞ്ഞ സീസണില്‍ നിന്നു നിലനിര്‍ത്തുകയായിരുന്നു.

കഴിഞ്ഞ തവണ ടീമിനൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഏറെക്കുറേ എല്ലാവരും തന്നെ ഒപ്പമുണ്ടെന്നത് ടീമിന് മികച്ച ഒത്തിണക്കം സമ്മാനിക്കുന്നു. നായകന്‍ ജസല്‍ കര്‍നെയ്‌റോ, പ്രതിരോധ താരങ്ങളായ ഹോര്‍മിപാം റുയിവാ, ഹര്‍മന്‍ജ്യോത് സിങ് ഖാബ്ര, നിഷുകുമാര്‍ മധ്യനിര താരങ്ങളായ ആയുഷ് അധികാരി, ജീക്‌സണ്‍ സിങ് എന്നിവരെല്ലാം മികച്ച ഫോമിലാണ്.

സഹല്‍ അബ്ദുള്‍ സമദ്, കെ പി രാഹുല്‍, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍, എംഎസ് ശ്രീക്കുട്ടന്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍, റോഷന്‍ ഗിഗി എന്നീ മലയാളി താരങ്ങള്‍ റിസര്‍വ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in