'ഡയമണ്ട് പെപ്ര'; കൊച്ചിയില്‍ മുംബൈയെ തകർത്ത് ബ്ലാസ്റ്റേഴ്സ്
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ മഞ്ഞക്കടല്‍ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിക്കെതിരെ തകർപ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയെ മഞ്ഞപ്പട കീഴടക്കിയത്. ദിമിത്രിയോസ് ഡിയമന്റക്കോസ് (12), പെപ്ര (45) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്.
നായകന്‍ അഡ്രിയാന്‍ ലൂണയുടെ അഭാവത്തില്‍ മുംബൈ സിറ്റിക്കെതിരെ മധ്യനിര കേന്ദ്രീകരിച്ചുള്ള തന്ത്രമായിരുന്നില്ല പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് സ്വീകരിച്ചത്. പകരം വിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങളായിരുന്നു. നേതൃത്വം നല്‍കിയത് പെപ്രയും ഒപ്പം നിന്നത് ദിമിത്രിയോസ് ഡയമന്റക്കോസും. മെല്ലെ തുടങ്ങി കത്തിക്കയറുന്ന തനത് ബ്ലാസ്റ്റേഴ്സ് രീതിയായിരുന്നില്ല, ആദ്യ വിസില്‍ മുഴങ്ങിയപ്പോള്‍ മുതല്‍ അസാമാന്യ വേഗത നീക്കങ്ങള്‍ക്കുണ്ടായി.
12 മിനുറ്റ് മാത്രമാണ് ആദ്യ ഗോള്‍ വീഴാന്‍ കൊച്ചിയിലെ കാണികള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്. ഇടതുവിങ്ങിലൂടെയുള്ള പെപ്രയുടെ നീക്കം തന്നെയായിരുന്നു ഗോളില്‍ കാലാശിച്ചത്. പെപ്ര നല്‍കിയ ലൊ ക്രോസ് ഡിയമന്റക്കോസിന്റെ ഇടം കാലിലേക്ക്. ജയേഷ് റാണയുടെ പ്രതിരോധത്തെ ആദ്യ ടച്ചില്‍ തന്നെ അതിജീവിച്ചു ഡിയമന്റക്കോസ്. മുംബൈ ഗോള്‍ കീപ്പർ ഫൂർബ ലചന്‍പയെ മറികടന്ന് പന്ത് വലയിലെത്തി. സീസണിലെ ഡയമന്റക്കോസിന്റെ ആറാം ഗോള്‍.
ഗോള്‍ വഴങ്ങിയതിന് പിന്നാലെ മുംബൈക്ക് തിരിച്ചടിയായി പ്രതിരോധ താരം ഗ്രിഫിത്‌സിന്റെ പരുക്ക്. പകരം എല്‍ ഖയാത്തി കളത്തിലെത്തി. ഗോള്‍ വീണതിന് പിന്നാലെയുള്ള പത്ത് മിനുറ്റ് ബ്ലാസ്റ്റേഴ്സിനായിരുന്നു സമ്പൂർണ നിയന്ത്രണം. 22-ാം മിനുറ്റില്‍ ജയേഷ് റാണയുടെ ഷോട്ട് പോസ്റ്റിലിടിച്ചത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ ഉണർത്തിയെന്ന് പറയാം. മുംബൈയുടെ ലൊ ക്രോസുകള്‍ തടയാന്‍ ലെസ്കോവിച്ചും സംഘവും പ്രതിരോധ കോട്ടകെട്ടി.
ആദ്യ പകുതിയുടെ അധിക സമയത്തിന്റെ അവസാന നിമിഷമായിരുന്നു മഞ്ഞപ്പട ലീഡ് രണ്ടായി ഉയർത്തിയത്. ഇത്തവണയും ഡിയമന്റക്കോസ്-പെപ്ര സംഖ്യം തന്നെയായിരുന്നു ഗോളിന് പിന്നില്‍. ബോക്സിനുള്ളില്‍ മൂന്ന് മുംബൈ പ്രതിരോധ താരങ്ങളെ മറികടന്ന ഡിയമന്റക്കോസ് പന്ത് പെപ്രക്ക് കൈമാറി. പെപ്രയുടെ ഇടം കാല്‍ ഷോട്ട് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു മുംബൈ ഗോള്‍മുഖത്തിനായത്.
രണ്ടാം പകുതിയില്‍ പന്തടക്കം കുറഞ്ഞെങ്കിലും ആക്രമണത്തിന് ബ്ലാസ്റ്റേഴ്സ് കുറവ് വരുത്തിയില്ല. നിരന്തരം മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചു. ഡയമന്റക്കോസും പെപ്രയും രാഹുലും തൊടുത്ത ഷോട്ടുകള്‍ ലക്ഷ്യം പലപ്പോഴും ലക്ഷ്യം തെറ്റി. 67-ാം മിനുറ്റിലും 83-ാം മിനുറ്റിലും പെപ്രയുടെ അത്യുഗ്രന്‍ ഷോട്ടുകള്‍ക്ക് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. എന്നാല്‍ ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു.