രണ്ട് റൗണ്ട് പിന്നിട്ടു; ഐ എസ് എല്‍ ആവേശം ഇനി ഇടവേളയ്ക്കു ശേഷം

രണ്ട് റൗണ്ട് പിന്നിട്ടു; ഐ എസ് എല്‍ ആവേശം ഇനി ഇടവേളയ്ക്കു ശേഷം

ആദ്യ രണ്ട് റൗണ്ടുകളിൽ ആവേശം നിറഞ്ഞ ഒരു പിടി മത്സരങ്ങൾക്ക് ഐഎസ്എൽ ഇതിനോടകം വേദിയായി
Updated on
3 min read

കോവിഡ് മഹാമാരി കാരണം പകിട്ടു കുറഞ്ഞുപോയ രണ്ടു സീസണുകള്‍ക്കു ശേഷം ഐഎസ്എൽ തുറന്നിട്ട സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 2022-23 സീസണിലെ ആദ്യ രണ്ടു റൗണ്ടുകള്‍ മത്സരങ്ങൾക്ക് ശേഷം മൂന്ന് ദിവസത്തെ ഇടവേളക്ക് പിരിഞ്ഞിരിക്കുകയാണ് ടീമുകൾ. ഒക്ടോബർ ഏഴിന് കൊച്ചിയിലെ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിലായിരുന്നു പുതിയ സീസൺ തുടങ്ങിയത്. ആവേശം നിറഞ്ഞ ഒരുപിടി മത്സരങ്ങൾക്ക് ഐഎസ്എൽ ഇതിനോടകം വേദിയായി.

രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ബെംഗളൂരു എഫ്‌സി, എന്നിവർക്കും തുല്യ പോയിന്റുകളാണെങ്കിലും ഗോൾ വ്യത്യാസം ഹൈദരാബാദിനെ തുണച്ചു. രണ്ട് ഗോൾ വ്യത്യാസമുള്ള മുംബൈ രണ്ടാമത് സ്ഥാനം പിടിച്ചപ്പോൾ, ഗോൾ വ്യത്യാസത്തിൽ തുല്യതയിലായതിനാൽ കൂടുതൽ ഗോൾ നേടിയ ചെന്നൈയിൻ മൂന്നാമതും, ബെംഗളൂരു നാലാമതുമായി. അതേസമയം ജംഷഡ്‌പൂർ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല.

എടികെ മോഹൻ ബഗാൻ

ആദ്യ മത്സരത്തിൽ മുന്നിട്ട് നിന്ന ശേഷം തോറ്റ മോഹൻ ബഗാൻ, രണ്ടാം മത്സരത്തിൽ പിന്നിൽ നിന്ന് ജയിച്ച്‌ കയറി. എതിരാളികളെ വിറപ്പിക്കുന്ന കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നിലായിരുന്നു അവരുടെ ജയം എന്നത് വരുന്ന മത്സരങ്ങൾക്ക് അവർക്ക്‌ കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

ബെംഗളൂരു എഫ്‌സി

കഴിഞ്ഞ വർഷത്തെ പ്രകടനത്തെ മറികടക്കാൻ എട്ടോളം മാറ്റങ്ങളുമായാണ് ബെംഗളൂരു എഫ്‌സി ഈ വർഷത്തെ ഐഎസ്എല്ലിന് തയ്യാറെടുത്ത്. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ജയിച്ച് തുടങ്ങാനായെങ്കിലും പഴയ പ്രതാപത്തിലേക്ക് എത്താൻ ടീമിനായിട്ടില്ല. രണ്ടാം മത്സരത്തിൽ ചെന്നൈയിനോട് സമനിലായിരുന്നു ഫലം.

ചെന്നൈയിൻ എഫ്‌സി

കഴിഞ്ഞ എട്ടോളം ഐഎസ്എൽ മത്സരങ്ങളിൽ ജയിക്കാൻ കഴിയാതിരുന്ന ചെന്നൈയിൻ, ഈ വർഷത്തെ ആദ്യ മത്സരത്തിൽ തന്നെ അതിന് പരിഹാരം കണ്ടു. സാൾട്ട് ലേക്കില്‍ മോഹൻ ബഗാനെ തോൽപ്പിച്ച തുടങ്ങിയ അവർ രണ്ടാം മത്സരത്തിൽ ബെംഗളൂരുവുമായി സമനില പിടിച്ചു.

ഈസ്റ്റ് ബംഗാൾ എഫ്‌സി

ഐഎസ്എല്ലിലേക്ക് വന്നതിന് ശേഷം പഴ പ്രതാപത്തിന്റെ നിഴലിനൊപ്പം നിൽക്കുന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത ഈസ്റ്റ് ബംഗാളിന് ഇതുവരെ പോയിന്റ് നേടാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ ഫുട്ബോളിനെ നന്നായി അറിയാവുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന പരിശീലകന്റെ കീഴിൽ അടിമുടി മാറ്റങ്ങളുമായി വന്ന ഈസ്റ്റ് ബംഗാൾ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ രണ്ടാം പകുതിയിൽ തകർന്നടിഞ്ഞപ്പോൾ, രണ്ടാം മത്സരത്തില്‍ എഫ് സി ഗോവയോട് അവസാന നിമിഷം തോൽവി സമ്മതിക്കുകയായിരുന്നു.

എഫ്‌സി ഗോവ

ഐഎസ്എല്ലിൽ എക്കാലത്തും സുന്ദര ഫുട്ബോൾ പുറത്തെടുക്കുന്ന ഗോവ ആദ്യ രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. താരതമ്യേന ദുർബലമായി ലീഗ് തുടങ്ങിയ ഈസ്റ്റ് ബംഗാളിനെതിരെ അവസാന നിമിഷം നേടിയ ഗോളിലാണ് അവർ ജയിച്ചത്. അവസാന സീസണിൽ ഒമ്പതാമതായി പോയ ഗോവക്ക് ആദ്യ മത്സരത്തിൽ തന്നെ ജയം നേടാനായത് വരും കളികൾക്കുള്ള ഊർജ്ജമായിരിക്കും.

ഹൈദരാബാദ് എഫ്‌സി

ശക്തരായ മുംബൈ സിറ്റിക്കെതിരെ ആറ് ഗോളുകൾ പിറന്ന സമനിലയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. മുന്നിട്ട് നിന്ന ശേഷമായിരുന്നു സമനിലയിൽ അവസാനിച്ചതെങ്കിലും കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്ത്‌ നിന്നാണ് ഹൈദരാബാദ് തുടങ്ങിയിരിക്കുന്നത്. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച അവർ അതിന് അടിവരയിട്ടു.

ജംഷഡ്‌പൂർ എഫ്‌സി

ഒരു മത്സരം മാത്രം ലീഗിൽ കളിച്ച ജംഷഡ്‌പൂർ ഒഡിഷയോട് തോറ്റു. പത്ത്‌ മിനുട്ടിൽ രണ്ട് ഗോളടിച്ച നന്നായി തുടങ്ങിയ അവരുടെ വലയിൽ മൂന്ന് ഗോളുകൾ നിക്ഷേപിച്ച്‌ ഒഡിഷ മത്സരം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ലീഗ് ജയിപ്പിച്ച ഓവൻ കോയലിന്റെയും, സ്റ്റാർ പ്ലയെർ ഗ്രെഗ് സ്റ്റുവർട്ടിന്റെയും അഭാവം മറികടക്കാൻ സാധിക്കുമോ എന്ന് വരും മത്സരങ്ങൾ തെളിയിക്കും.

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയ ആദ്യ മത്സരത്തിൽ നിറഞ്ഞ ഗാലറിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ്. രണ്ടാം മത്സരത്തിൽ മോഹൻ ബഗാനോട് തോറ്റെങ്കിലും മഞ്ഞപ്പടയുടെ ആരാധകർ പ്രതീക്ഷകളോടെയാണ് സ്റ്റേഡിയം വിട്ടത്. ഒരു ജയവും ഒരു തോൽവിയുമായി ഏഴാമതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

മുംബൈ സിറ്റി എഫ്‌സി

ആദ്യ മത്സരത്തിൽ ആവേശ സമനിലയോടെയാണ് പുതിയ സീസൺ മുൻ ചാമ്പ്യന്മാർ തുടങ്ങിയത്. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനായി ഡെസ് ബക്കിംഗ്ഹാമിനും സംഘത്തിനും.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

ഐഎസ്എല്ലിന്റെ ആദ്യ പതിപ്പ് മുതൽ കളിക്കുന്ന നോർത്ത് ഈസ്റ്റിന് ഇതുവരെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായിട്ടില്ല. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ആദ്യ മത്സരത്തിൽ പോയിന്റ് നഷ്ടമായി അവർക്ക്. രണ്ടാം മത്സരത്തിൽ ഹൈദരാബാദിന് മുന്നിൽ ഉത്തരമില്ലാതെ അടിയറവ് പറഞ്ഞ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.

ഒഡിഷ എഫ്‌സി

ജംഷഡ്‌പൂരിന്റെ മൈതാനത്ത് വീറുറ്റ ജയം നേടിയ ഒഡിഷ രണ്ടാം മത്സരത്തിൽ ശക്തരായ മുംബൈയോട് തോൽവി വഴങ്ങി. ഇടവേളക്ക് ശേഷം ലീഗ് പുനരാരംഭിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സാണ് അവരുടെ എതിരാളികൾ.

logo
The Fourth
www.thefourthnews.in