'രണ്ടാം പകുതി' മികച്ചതാക്കാൻ ജംഷഡ്‌പൂരും നോർത്ത്ഈസ്റ്റും; അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ഇന്ന് പുനരാരംഭിക്കും
എഎഫ്‌സി ഏഷ്യന്‍ കപ്പിനെ തുടർന്നുണ്ടായ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പർ ലീഗ് (ഐഎസ്എല്‍) ഇന്ന് പുനരാരംഭിക്കും. പോയിന്റ് പട്ടികയില്‍ ആറാമതുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. ഐഎസ്എല്ലിന്റെ ആദ്യ പകുതിയില്‍ രണ്ട് മത്സരങ്ങള്‍ വീതം മാത്രമാണ് ഇരുടീമുകള്‍ക്കും ജയിക്കാനായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.
കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തായിരുന്നു നോർത്ത്ഈസ്റ്റ്. ഇത്തവണ പുതിയ പരിശീലകന്‍ യുവാന്‍ പെഡ്രൊ ബെനാലിയുടെ കീഴില്‍ നില മെച്ചപ്പെടുത്താന്‍ നോർത്ത്ഈസ്റ്റിന് സാധിച്ചിട്ടുണ്ട്. ആറാം സ്ഥാനത്തേക്ക് ഉയർന്നതിന് പിന്നാലെ 2024-25 സീസണിലേക്ക് കൂടി യുവാന്റെ കരാർ നീട്ടിയിട്ടുണ്ട്.
അടുത്തിടെ അവസാനിച്ച കലിംഗ സൂപ്പർ കപ്പില്‍ നോർത്ത്ഈസ്റ്റിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. ജംഷഡ്‌പൂരിനോട് പരാജയപ്പെട്ട് (1-2) നോക്കൗട്ട് കാണാതെ മടങ്ങേണ്ടി വന്നിരുന്നു.
മറുവശത്ത് പോയിന്റ് പട്ടികയിലെ സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമായിരിക്കും ജംഷഡ്‌പൂരിനുണ്ടാകുക. ഖാലിദ് ജമീലെന്ന പരിശീലകന്റെ കീഴില്‍ ടീം താളം കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. ഐഎസ്എല്ലില്‍ പത്താം സ്ഥാനത്താണെങ്കിലും സൂപ്പർ കപ്പില്‍ സെമി ഫൈനല്‍ വരെ എത്താന്‍ ടീമിന് കഴിഞ്ഞിരുന്നു. സെമിയില്‍ ഈസ്റ്റ് ബെംഗാളിനോടായിരുന്നു പരാജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു തോല്‍വി വഴങ്ങിയത്.
ഐഎസ്എല്ലിന്റെ രണ്ടാം പാദത്തില്‍ ജാമിലില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധം ശക്തമാക്കിയും മുന്‍നിരയില്‍ നിന്ന് പരമാവധി ഗോളുകളും നേടുക എന്നതായിരിക്കും തന്ത്രം. ഡാനിയല്‍ ചിമയുടെ സാന്നിധ്യം ജാമിലിന്റെ തന്ത്രങ്ങള്‍ക്ക് കരുത്തേകുന്നതാണ്.
പ്രതീക് ചൗധരിയാണ് ജംഷഡ്‌പൂരിന്റെ പ്രധാന താരം. മധ്യപ്രതിരോധ താരമായ പ്രതീക് 11 മത്സരങ്ങളില്‍ നിന്ന് നാല് ക്ലീന്‍ ഷീറ്റുകള്‍ നേടാന്‍ സഹായിച്ചിട്ടുണ്ട്. ലീഗില്‍ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന സെന്റർ ബാക്കാണ് പ്രതീക്. മികച്ച പ്രതിരോധം ജംഷഡ്‌പൂരിന്റെ മത്സരത്തിന്റെ ആകെ ഫലത്തില്‍ തന്നെ നിർണായകമാകുമെന്നത് തീർച്ചയാണ്.
നെസ്റ്റർ ആല്‍ബിയച്ചാണ് നോർത്ത്ഈസ്റ്റിന്റെ ട്രംപ് കാർഡ്. ഏത് പ്രതിരോധനിരയേയും കബളിപ്പിക്കാനുള്ള കളി ബൂട്ടുകളില്‍ ഒളിപ്പിച്ചിട്ടുണ്ട് നെസ്ര്റർ. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് സമ്പാദ്യം. ഒരു കളിയില്‍ ശരാശരി ഒരു ഗോളവസരമെങ്കിലും താരം സൃഷ്ടിച്ചിട്ടുണ്ട്. വഴങ്ങുന്ന ഫൗളുകളുടെ ശരാശരി 1.5 ആണ്. അത് സെറ്റ് പീസുകളിലൂടെ അറ്റാക്കിങ്ങിനുള്ള അവസരത്തിനും കാരണമാകുന്നു.