ഇറ്റലിയും ബ്രസീലും ക്വാര്‍ട്ടറില്‍; അര്‍ജന്റീന, ഇംഗ്ലണ്ട് പുറത്ത്
ഇറ്റലി, നൈജീരിയ, കൊളംബിയ, പത്തുപേരായി ചുരുങ്ങിയിട്ടും പൊരുതി നേടി ബ്രസീലും അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം ആതിഥേയരായ അര്‍ജന്റീന, കരുത്തരായ ഇംഗ്ലണ്ട് എന്നിവര്‍ ക്വാര്‍ട്ടര്‍ കാണാതെ തോറ്റു പുറത്തായി.
സ്വന്തം മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 30,000 ത്തോളം കാണികള്‍ക്കു മുന്നില്‍ നൈജീരിയയോട് ഏറ്റ തോല്‍വിയാണ് അര്‍ജന്റീനയ്ക്കു പുറത്തേക്കുള്ള വഴി തുറന്നത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു നൈജീരിയ ആതിഥേയരെ വീഴ്ത്തിയത്. ഇബ്രാഹിം മുഹമ്മദ്, റില്‍വാനു, ഹലിരു സര്‍കി എന്നവരുടെ ഗോളുകളാണ് നൈജീരിയയ്ക്കു ജയമൊരുക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും.
ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. അവസാന നിമിഷം നേടിയ പെനാല്‍റ്റി ഗോളാണ് ഇറ്റലിക്കു തുണയായത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്റെ തൊമാസോ ബള്‍ഡാന്‍സിയുടെ ഗോളില്‍ ഇറ്റലിയാണ് ലീഡ് നേടിയത്. എന്നാല്‍ 21-ാം മിനിറ്റില്‍ ആല്‍ഫി ഡെവിന്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.
പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പൊരുതിയെങ്കിലും 87-ാം മിനിറ്റ് വരെ വല കുലുങ്ങിയില്ല. ഒടുവില്‍ 88-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെസാര്‍ കസാഡെ ഇറ്റലിക്ക് അവസാന എട്ടില്‍ ഇടം ഉറപ്പക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ 10 പേരായി ചുരുങ്ങിയിട്ടും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് ടുണീഷ്യയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് കരുത്തരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നത്. 11-ാം മിനിറ്റില്‍ മാര്‍ക്കോസ് ലിയോനാര്‍ഡോയിലൂടെയാണ് ബ്രസീല്‍ ഗോള്‍ വേട്ട ആരംഭിച്ചത്. ടൂര്‍ണമെന്റില്‍ തന്റെ നാലാം ഗോളാണ് മാര്‍ക്കോസ് കുറിച്ചത്.
പിന്നീട് 32-ാം മിനിറ്റില്‍ ആന്ദ്രെ സാന്റോസ് അവരുടെ ലീഡ് ഉയര്‍ത്തി. എന്നാല്‍ ഇടവേളയ്ക്കു തൊട്ടു മുമ്പ് പ്രതിരോധ താരം റോബര്‍ട്ട് റെനാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. രണ്ടു ഗോളിന്റെ ലീഡില്‍ പിരിഞ്ഞ ബ്രസീലിനെതിരേ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടുണീഷ്യയ്ക്കു കഴിഞ്ഞെങ്കിലും ബ്രസീലിന്റെ ജയം തടയാനായില്ല. രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിയില്‍ മത്യാസ് മാര്‍ട്ടിന്‍സും സാന്റോസും അവരുടെ പട്ടിക തികച്ചു.
സ്ലൊവാക്യയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തോല്‍പിച്ചാണ് കൊളംബിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഓസ്‌കാര്‍ കോര്‍ട്ടസിന്റെ ഇരട്ട ഗോളുകളും യാസിര്‍ അസ്പ്രില്ല, എയ്ഞ്ചല്‍ ഗ്യൂട്ടിറസ് എന്നിവരുടെ ഗോളുകളുമാണ് കൊളംബിയയ്ക്കു തുണയായത്.