വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്കു പിന്നാലെ ബ്രസീലും പുറത്ത്, ഫ്രാന്‍സും ജമൈക്കയും നോക്കൗട്ടില്‍
ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയ്ക്കു പിന്നാലെ ബ്രസീലും പുറത്ത്. നിലവിലെ കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീല്‍ കരീബിയന്‍ ടീമായ ജമൈക്കയോട് അപ്രതീക്ഷിത സമനില വഴങ്ങിയാണ് പുറത്തേക്കുള്ള വഴി തുറന്നത്. അതേസമയം മഞ്ഞക്കിളികളെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയ ജമൈക്ക ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടില്‍ കടന്നു.
മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതുമെല്ലാം ബ്രസീലായിരുന്നു. 73 ശതമാനമായിരുന്നു അവരുടെ ബോള്‍ പൊസെഷന്‍. 18 തവണയാണ് അവര്‍ ജമൈക്കന്‍ ഗോള്‍പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തത്. വെറും മൂന്നു തവണ മാത്രമാണ് ജമൈക്ക തിരിച്ച് ഷോട്ട് പായിച്ചത്. എട്ടു തവണ ബ്രസീല്‍ ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചെങ്കിലും ഒന്നുപോലും വല ചലിപ്പിച്ചില്ല.
സമനിലയോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ജമൈക്ക നോക്കൗട്ട് ഉറപ്പിച്ചത്. ബ്രസീലിന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. രണ്ടു ജയവും ഒരു സമനിലുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായ ഫ്രാന്‍സാണ് നോക്കൗട്ടില്‍ കടന്ന മറ്റൊരു ടീം.
ഇന്നു നടന്ന മത്സരത്തില്‍ അവര്‍ പാനമയെ തോല്‍പിച്ചാണ് നോക്കൗട്ട് ബര്‍ത്ത് ഉറപ്പാക്കിയത്. ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-3 എന്ന സ്‌കോറിനായിരുന്നു അവരുടെ ജയം. കഡിഡിയാറ്റു ഡിയാനിയുടെ ഹാട്രിക്കാണ് ഫ്രഞ്ച് ടീമിന് കരുത്തായത്. ഡിയാനിക്കു പുറമേ മെയ്‌ലെ ലക്‌റാര്‍, ലിയ ലി ഗാരെക്, വിക്കി ബെച്ചോ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ രണ്ടം മിനിറ്റില്‍ തന്നെ ഫ്രഞ്ച് ടീമിനെതിരേ ലീഡ് നേടി ഞെട്ടിച്ച ശേഷമാണ് പാനമയുടെ കീഴടങ്ങല്‍. മാര്‍ത കോക്‌സ്, യോമിര പിന്‍സോണ്‍, ലിനെത്ത് സിഡ്‌നോ എന്നിവരാണ് പാനമയ്ക്കായി ഗോള്‍ നേടിയത്.