ഹാമിഷ് റോഡ്രിഗസ്‌: ഒരു ഓർമപ്പെടുത്തല്‍

തിരിച്ചുവരവിന്റെ കഥ തുടങ്ങുന്നതിന് മുൻപ് കാല്‍പ്പന്തിലെ അയാളുടെ പിറവി എത്രത്തോളം ഐതിഹാസികമായിരുന്നെന്ന് അറിയണം

ലോകം അയാളെ മറന്നു തുടങ്ങിയിരുന്നു. അയാള്‍ എവിടെയെന്നും എന്ത് സംഭവിച്ചുവെന്നും തലവാചകങ്ങള്‍ തെളിഞ്ഞു. മാറക്കാനയിലെ അത്ഭുതഗോളില്‍ നിന്ന് സ്വപ്നമൈതാനങ്ങള്‍ താണ്ടി ഉന്നതിയില്‍ നിന്ന് സാവോ പോളോയിലേക്ക് ചുരുങ്ങിയ കരിയർ. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ അയാളോളം കയറ്റിറക്കങ്ങള്‍ കണ്ടൊരു ഫുടബോള്‍ താരമുണ്ടോയെന്ന് കൂടി സംശയം. പക്ഷേ, അയാള്‍ തന്റെ സുവർണകാലം തിരിച്ചുപിടിക്കുകയാണ്, തനിക്ക് ദേശിയ ജഴ്‌സി നിഷേധിക്കപ്പെട്ട അതേ കോപ്പയില്‍, കൊളംബിയയെ 23 വർഷങ്ങള്‍ക്ക് ശേഷം ഫൈനലില്‍ എത്തിച്ചുകൊണ്ട്. ഹാമിഷ് റോഡ്രിഗസ്‌, ദ ഗോള്‍ഡൻ ബോയ്.

തിരിച്ചുവരവിന്റെ കഥ തുടങ്ങുന്നതിന് മുൻപ് കാല്‍പ്പന്തിലെ അയാളുടെ പിറവി എത്രത്തോളം ഐതിഹാസികമായിരുന്നെന്ന് അറിയണം. 2014 ഫുട്ബോള്‍ ലോകകപ്പ്, കൊളംബിയ-ഉറുഗ്വെ മത്സരം. 50-ാം മിനുറ്റ്. ജുവാൻ കോഡ്ര്വാഡൊ തലകൊണ്ട് മറിച്ച പന്ത് റോഡ്രിഗസ്‌ ഇടതു നെഞ്ചില്‍ സ്വീകരിക്കുന്നു. മുന്നില്‍ മൂന്ന് ഉറുഗ്വെ പ്രതിരോധ താരങ്ങള്‍. പിന്നീട് മാറക്കാന കണ്ടത് കൊളംബിയന്‍ താരത്തിന്റെ ബൂട്ടില്‍ നിന്നു മൂളിപ്പറന്ന വോളി ഗോള്‍വലയില്‍ ഓളംതീര്‍ക്കുന്നതാണ്.

ഹാമിഷ് റോഡ്രിഗസ്‌: ഒരു ഓർമപ്പെടുത്തല്‍
ജ്ഞാനസ്‌നാനം ചെയ്തത് മെസി; ലാമിന്‍ യമാല്‍, ഇത് ഫുട്‌ബോളിന്റെ നവയുഗപ്പിറവി

25 വാര അകലനിന്നായിരുന്നു ആ ഷോട്ട്. ഫെർണാണ്ടൊ മുസലേരയായിരുന്നു അന്ന് ഹോട്ട്സീറ്റില്‍. മുസലേരയൊന്ന് ഉയർന്ന് പൊങ്ങിയ മാത്രകൊണ്ട് പന്ത് വലയിലെത്തി. കൈകള്‍ രണ്ടും വിടർത്തി റോഡ്രിഗസ്‌ ആ ഗോള്‍ ആഘോഷിക്കുമ്പോള്‍, വിഖ്യാത കമന്റേറ്റർ പീറ്റർ ഡ്രൂറിയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. One of the greats, Oh my world, this boy is a star! ഈ വാചകങ്ങളുണ്ടായിരുന്നു റോഡ്രിഗസ്‌ എന്ന ജീനിയസ്. പുഷ്കാസ് പുരസ്കാരം ഉറപ്പിച്ചും, ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കിയുമായിരുന്നു റോഡ്രിഗസ്‌ ലോകകപ്പ് അവസാനിപ്പിച്ചത്.

അവിടെ നിന്നായിരുന്നു തുടക്കം. ഗോള്‍ഡൻ ബോയിയുടെ തിളക്കം അവന്റെ സ്വപ്ന ക്ലബ്ബായ റയല്‍ തിരിച്ചറിഞ്ഞു. ചരിത്രം പേറുന്ന വെള്ളക്കുപ്പായവും 10-ാം നമ്പറും റോഡ്രിഗസിന്. റയല്‍ റോഡ്രിഗസിന്റെ കാലുകള്‍ക്കിട്ട വില 63 മില്യണ്‍ പൌണ്ടായിരുന്നു. ഫുട്ബോള്‍ ലോകം ലാലിഗയിലേക്ക് കണ്ണുനട്ടകാലമായിരുന്നു അത്.

റയലിന്റെ മധ്യനിരയില്‍ കളിമെനഞ്ഞു, ആദ്യ സീസണില്‍ 13 വീതം ഗോളുകളും അസിസ്റ്റും. രണ്ടാം സീസണില്‍ റോഡ്രിഗസിന്റെ മികവ് ഇടിഞ്ഞു, ഗോള്‍ കോണ്‍ട്രിബ്യൂഷൻ പതിനാലിലേക്ക് ചുരുങ്ങി. പിന്നീട് റയലിന്റെ കളിരീതികള്‍ക്ക് പരിവർത്തനം പ്രാപിച്ചു. സിദാന് കീഴില്‍ പലപ്പോഴും ബെഞ്ചിലായി സ്ഥാനം.

ബെഞ്ചിലെ ഇരുപ്പില്‍ നിന്ന് ലോണില്‍ ബയേണിലേക്ക്. ഇവിടെയും സമാനമായിരുന്നു കാര്യങ്ങള്‍, കാർലോസ് ആഞ്ചലോട്ടിക്ക് കീഴില്‍ തിളങ്ങി. പിന്നീട് നിക്കൊ കൊവാക് എത്തി. നിക്കോയുടെ കളിരീതിയില്‍ അയാള്‍ ഉള്‍പ്പെട്ടില്ല. സീസണില്‍ ആദ്യ ഇലവനില്‍ എത്തിയത് 13 തവണ മാത്രമായിരുന്നു. ബയേണിന് വില്‍ക്കാനും വാങ്ങാനും താല്‍പ്പര്യമില്ലാത്തൊരു താരമായി അയാള്‍ മാറി.

ഹാമിഷ് റോഡ്രിഗസ്‌: ഒരു ഓർമപ്പെടുത്തല്‍
വർണവെറി മറികടന്ന സക; അയാള്‍ക്ക് വേണമായിരുന്നു ഈ നിമിഷം

ഒടുവില്‍ റയലിലേക്ക് തന്നെ തിരികെ, പരിചയസമ്പന്നനായ ഒരു മധ്യനിര താരത്തെ റയലിന് അനിവാര്യമായ കാലമായിരുന്നു അത്. മധ്യനിരയില്‍ മാത്രമല്ല, പ്രതിരോധത്തിലും റോഡ്രിഗസിനെ രണ്ടാം വരവില്‍ കണ്ടു. പക്ഷേ, ശരാരീകക്ഷമതയില്‍ പിന്നോട്ടായി. ആരാധകരെ വിസ്മയിപ്പിച്ച ഗോള്‍ഡൻ ബോയിയുടെ തിളക്കം നഷ്ടപ്പെടുകയായിരുന്നു അവിടെ. റയലിനായുള്ള അവസാന സീസണില്‍ ലാ ലിഗയില്‍ 500 മിനുറ്റ് പോലും തികച്ചിട്ടില്ല, ചാമ്പ്യൻസ് ലീഗില്‍ 90 മിനുറ്റും.

പതിയെ ഫുട്ബോള്‍ ഭൂപടത്തിന്റെ പിന്‍നിരയിലേക്ക് അയാള്‍ ചേർക്കപ്പെട്ടു. എവർട്ടണ്‍, അല്‍റയാൻ, ഒളിമ്പ്യാക്കോസ്, ഒടുവില്‍ സാവോ പോളൊയിലേക്ക്. ഇതിനിടയില്‍ 2021 കോപ്പ അമേരിക്കയ്ക്കുള്ള കൊളംബിയയുടെ ദേശിയ ടീമില്‍ തഴയപ്പെട്ടു, ഖത്തറില്‍ പന്തുതട്ടാൻ കൊളംബിയയെ പ്രാപ്തമാക്കാനായില്ല. അടുത്ത ഘട്ടത്തില്‍ താൻ പന്തുതട്ടാനുണ്ടാകുമോ എന്നറിയില്ലെന്ന് തുറന്നുപറഞ്ഞു. അങ്ങനെ ഉയർച്ച താഴ്ചകളുടെ പതിറ്റാണ്ടിന് ശേഷം ഒരു കോപ്പയിലൂടെ പന്തുതട്ടാൻ ദേശീയ ജേഴ്‌സി അണിഞ്ഞു.

മൈതാനത്ത് അയാള്‍ക്ക് പരിശീലകൻ നെസ്റ്റോർ ലോറെൻസൊ പൂർണ സ്വാതന്ത്ര്യം നല്‍കി. 2014ല്‍ മാറക്കാനയില്‍ കണ്ടെ അതേ തിളക്കത്തോടെ കോപ്പയില്‍ റോഡ്രിഗസ്‌ പന്തുതട്ടുന്നതായിരുന്നു കണ്ടത്. റോഡ്രിഗസിന്റെ സാങ്കേതിക മികവും, വിഷനും, സ്കില്ലും മൈതാനങ്ങളില്‍ തെളിഞ്ഞു. പന്തുവീണ്ടെടുക്കാനായി പൊസിഷനുകള്‍ മാറിമാറിക്കളിച്ചു. 170ലധികം പാസുകളുള്ള ഏക ഫോര്‍വേഡ്, 35ലധികം ലോങ് പാസുകള്‍. റോഡ്രിഗസിന്റെ കൃത്യതയിലാണ് ഇന്ന് കൊളംബിയയുടെ താളം. എതിർപാതിയില്‍ 90ലധികം പാസുകള്‍, ഫൈനല്‍ തേഡിനുള്ളില്‍ 40ലധികം.

ഹാമിഷ് റോഡ്രിഗസ്‌: ഒരു ഓർമപ്പെടുത്തല്‍
പറങ്കികളുടെ പെര്‍ഫെക്റ്റ് പെപെ

പാനമയ്ക്കെതിരായ ക്വാർട്ടർ ഫൈനല്‍ റോഡ്രിഗസിന്റെ മികവ് എത്രത്തോളമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച മത്സരമായിരുന്നു. കോപ്പ അമേരിക്കയില്‍ കൊളംബിയ നേടിയ 12 ഗോളില്‍ ഏഴെണ്ണത്തിലും ഹാമസിന്റെ ഇൻവോള്‍മെന്റുണ്ട്. ഒരു ഗോളും ആറ് അസിസ്റ്റും. സെമിയില്‍ ഉറുഗ്വേയ്ക്കെതിരെ ലേമ നേടിയ വിജയഗോളിന് പിന്നിലും റോഡ്രിഗസിന്റെ ബൂട്ടുകളാണ്. 2014 ലോകകപ്പിന് ശേഷം റോഡ്രിഗസിന്റെ ബൂട്ടുകളെ ഇത്രത്തോള അടയാളപ്പെടുത്തിയ ഒരു ടൂർണമെന്റുണ്ടായിട്ടില്ല.

23 വർഷം നീണ്ട ഇടവേളയ്ക്ക് ഫുള്‍സ്റ്റോപ്പിട്ട് കൊളംബിയ കലാശപ്പോരിന് ഇറങ്ങുകയാണ്, മിശിഹായുടെ അർജന്റീനയ്ക്കെതിരെ, ഇത് അടയാളപ്പെടുത്തുന്നത് അയാളുടെ മാത്രം തിരിച്ചുവരവാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in