ISL | ആദ്യ ജയം തേടി ജംഷഡ്പുര്‍; എതിരാളികള്‍ മുംബൈ സിറ്റി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മുംബൈ സിറ്റി എഫ് സി- ജെംഷഡ്പുര്‍ എഫ്‌സി പോരാട്ടം. ആദ്യ ജയം തേടിയാണ് ജെംഷഡ്പുര്‍ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്സിയോട് തോറ്റ ജെംഷഡ്പുര്‍ പോയിന്റ് പട്ടികയില്‍ പത്താമതാണ്. അതേസമയം, രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ.
ആവേശകരമായ കളിക്കൊടുവിലാണ് ജംഷഡ്പുര്‍ ഒഡിഷ എഫ്‌സിയോട് പരാജയപ്പെട്ടത്. മൂന്നിനെതിരെ രണ്ട് ഗോളുകള്‍ വഴങ്ങിയെങ്കിലും പുതിയ കോച്ച് എയ്ഡി ബൂത്രോയിഡിന്റെ കീഴില്‍ റെഡ് മൈനേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. അതേസമയം, ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയോട് 3-3 സമനില വഴങ്ങിയ മുംബൈ രണ്ടാം മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജപ്പെടുത്തിയിരുന്നു. ജംഷഡ്പുര്‍ ആദ്യ ജയം തേടുമ്പോള്‍, വിജയത്തുടര്‍ച്ചയാണ് മുംബൈ ലക്ഷ്യവെക്കുന്നത്.
ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ നഷ്ടം ജംഷഡ്പുരിന് ചെറിയ ആശങ്ക ഉണ്ടാക്കുമെങ്കിലും, മുന്‍ കളിക്കാരന്‍ ഇന്ന് എതിരാളിയാവുമ്പോള്‍ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം. മുംബൈയുടെ ആക്രമണ വൈദഗ്ധ്യം കണക്കിലെടുത്ത് ക്യാപ്റ്റന്‍ പീറ്റര്‍ ഹാര്‍ട്‌ലിയുടെയും എലിസാബിയയുടെയും ചുമലില്‍ പ്രതിരോധ നിര ശക്തിപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്വമാണുള്ളത്. കൂടാതെ ബോറിസ് സിങ്ങും ഡാനിയല്‍ ചിമ ചുക്വുവും റെഡ്‌മൈനേഴ്‌സിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും.
ഡെഡ് ബെക്കിംഗ്ഹാമിന്റെ കീഴില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട്, പെരേര ഡയസ്, ആല്‍ബര്‍ട്ടേ നൊഗേര തുടങ്ങിയ ശക്തന്മാരുമായാണ് മുംബൈ പോരിനിറങ്ങുന്നത്. വിദേശ കളിക്കാരുടെ കരുത്തുള്ള അറ്റാക്കിങ് ലൈനപ്പ് ഉണ്ടായിരുന്നിട്ടും മുംബൈക്ക് പ്രതിരോധ നിരയില്‍ വിള്ളലുകളുണ്ട്. മൗര്‍താഡ ഫാള്‍, റോസ്റ്റിന്‍ ഗ്രിഫിത്ത്സ് എന്നിവരില്‍ കാര്യക്ഷമമായ സെന്റര്‍ ബാക്ക് ജോഡി ഉണ്ടെങ്കിലും ഈ സീസണില്‍ ഇതുവരെ അവര്‍ മൂന്ന് ഗോളുകള്‍ വഴങ്ങിക്കഴിഞ്ഞു.
മുംബൈയും ജംഷഡ്പുരും 10 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ അഞ്ച് തവണ ജയം റെഡ് മൈനേഴ്‌സിനൊപ്പമായിരുന്നു. മൂന്ന് തവണ മുംബൈ ജയിച്ചപ്പോള്‍ രണ്ട് കളികള്‍ സമനിലയില്‍ അവസാനിച്ചു.