വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പ് ജേതാക്കളായി ജപ്പാന്‍ നോക്കൗട്ടില്‍; തോറ്റുകയറി സ്‌പെയിനും
ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്ന ഏഷ്യന്‍ ടീമായ ജപ്പാനും യൂറോപ്യന്‍ കരുത്തരായ സ്‌പെയ്‌നും. ഇന്നു നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടത്തിനൊടുവില്‍ സി ഗ്രൂപ്പ് ജേതാക്കളായി ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചപ്പോള്‍ റണ്ണറപ്പുകളായാണ് സ്‌പെയിന്റെ മുന്നേറ്റം.
ഇന്നു ജപ്പാനെതിരേ ഏറ്റ കനത്ത തോല്‍വിയാണ് ഗ്രൂപ്പ് ജേതാക്കളാകാമെന്ന സ്പാനിഷ് മോഹങ്ങള്‍ തകര്‍ത്തത്. മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഏഷ്യന്‍ ടീം യൂറോപ്യന്‍ കരുത്തരെ തുരത്തിയത്. ഇരട്ട ഗോളുകള്‍ നേടിയ ഹിനാറ്റ മിയാസാവയുടെ തകര്‍പ്പന്‍ പ്രകടനമാണ് ജപ്പാന് തുണയായത്.
ഹിനാറ്റയ്ക്കു പുറമേ റികോ യൂകി, മിന തനാക എന്നിവരാണ് അവരുടെ മറ്റു ഗോളുകള്‍ നേടിയത്. ഇതോടെ കളിച്ച മൂന്നു കളിയും ജയിച്ച് ഒമ്പതു പോയിന്റുമായി അപരാജിതരായാണ് ജപ്പാന്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. രണ്ടു ജയവും ഒരു തോല്‍വിയുമായി ആറു പോയിന്റോടെയാണ് രണ്ടാം സ്ഥാനക്കാരായി സ്‌പെയിന്‍ മുന്നേറിയത്.
മൂന്നു പോയിന്റുള്ള സാംബിയ മൂന്നാമതും കളിച്ചു മൂന്നു മത്സരങ്ങളും തോറ്റ കോസ്റ്റാറിക്ക അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇന്നു തങ്ങളുടെ അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരേ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ജയിച്ചാണ് സാംബിയ ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ജയം കുറിച്ചത്. ലുഷോമ എംവീബ, ബാര്‍ബറ ബാന്ദ, റേച്ചല്‍ എന്നിവരാണ് സാംബിയയ്ക്കായി സ്‌കോര്‍ ചെയ്തത്. മെലേസ ഹെരേരയാണ് കോസ്റ്റാറിക്കയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.