ബംഗളുരു ബാലി കേറാമല തന്നെ; ഒരൊറ്റയടില്‍ അടിതെറ്റി ബ്ലാസ്‌റ്റേഴ്‌സ്
ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന റെക്കോഡ് തിരുത്താനാകാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 88-ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസ് നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.
ആവേശകരമായ മത്സരത്തില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചതാണ്. എന്നാല്‍ ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയത്തും ഇരുകൂട്ടര്‍ക്കും വലചലിപ്പിക്കാനായില്ല. ആദ്യ പകുതിയില്‍ മൂന്നു തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ആതിഥേയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ പരീക്ഷിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല.
ബംഗളുരുവിനും രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും നായകന്‍ സുനില്‍ ഛേത്രിക്ക് ലക്ഷ്യം പിഴച്ചത് അവര്‍ക്കും തിരിച്ചടിയായി. ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞതിനു ശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് മുഹമ്മദ് ഐയ്മന്‍ എത്തിയത് ആക്രമണങ്ങള്‍ക്ക് അല്‍പം മൂര്‍ച്ച കൂട്ടി. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു.
ഒടുവില്‍ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ബംഗളുരു ലക്ഷ്യം കാണുകയായിരുന്നു. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് മഞ്ഞപ്പട ലക്ഷ്യം കണ്ടത്. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങളുടെ മുനയൊടിച്ച ശേഷം എതിര്‍പാളയത്തിലേക്ക് നടത്തിയ വേഗമേറിയ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ശിവാള്‍ഡോയുടെ ക്രോസില്‍ നിന്നാണ് ഹാവി ഹെര്‍ണാണ്ടസ് ലക്ഷ്യം കണ്ടത്.
തോല്‍വിയോടെ 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുള്ള ബംഗളുരു ആറാം സ്ഥാനത്താണ്. 35 പോയിന്റുമായി ഒഡീഷ എഫ്‌സിയാണ് ഒന്നാമത്. അത്രതന്നെ പോയിന്റുമായി മുംബൈ സിറ്റി രണ്ടാമതും 33 പോയിന്റുമായി മോഹന്‍ ബഗാന്‍ മൂന്നാമതുമുണ്ട്. 29 പോയിന്റുള്ള ഗോവയാണ് നാലാമത്.