ലിവർപൂളിനെ ചിയർഫുള്ളാക്കിയ ആശാന്‍; യുർഗന്‍ ക്ലോപ്പ് പടിയിറങ്ങുമ്പോള്‍

ലിവർപൂളിനെ ചിയർഫുള്ളാക്കിയ ആശാന്‍; യുർഗന്‍ ക്ലോപ്പ് പടിയിറങ്ങുമ്പോള്‍

ഒരു പതിറ്റാണ്ടോളമടുക്കുന്ന ലിവർപൂള്‍ കരിയറില്‍ നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകേണ്ടിയിരുന്ന ഒരു ക്ലബ്ബിനെ കൈപിടിച്ചുയർത്താന്‍ മാത്രമല്ല സ്ഥിരതയോടെ, ആധിപത്യത്തോടെ പന്തുതട്ടാനും 56കാരന്‍ പഠിപ്പിച്ചു
Updated on
2 min read

2015 മേയ് മാസം, ജർമന്‍ ബുണ്ടസ്‌‍ലിഗ ക്ലബ്ബ് ബൊറൂസിയ ഡോർട്ടുമുണ്ടിന്റെ ഹോം ഗ്രൗണ്ട്. മഞ്ഞക്കടലിരമ്പിയ ഗ്യാലറികളില്‍ നിന്ന് 'നന്ദി യുർഗന്‍' എന്നെഴുതിയ ബാനറുകള്‍ ഉയർന്നു. ആരാധക സ്നേഹത്തിന് മറുപടിയായി ക്ലോപ്പിന്റെ കണ്ണടകള്‍ക്കിടയിലൂടെ കണ്ണീര് പൊടിഞ്ഞു. ഡോർട്ടുമുണ്ട് പരിശീലകന്റെ കുപ്പായം യുർഗന്‍ ക്ലോപ്പ് അഴിച്ചുവെച്ച ദിവസമായിരുന്നു അത്.

അന്ന് ഡോർട്ടുമുണ്ട് ആരാധകരുടെ മനസിലുണ്ടായ വിങ്ങലിന്റെ ഇരട്ടി ഇന്ന് ലിവർപൂളിന്റെ ആരാധകർ അനുഭവിക്കുന്നുണ്ടാകണം. മൈതാനത്ത് നിനച്ചിരിക്കാത്ത നേരത്ത് വീഴുന്ന ഗോളുപോലെയായിരുന്നു ക്ലോപ്പിന്റെ പ്രഖ്യാപനം ഇന്നലെ വന്നത്. ലിവർപൂളിന് തന്ത്രങ്ങള്‍ മെനയാന്‍ താനുണ്ടാകില്ല എന്ന് ക്ലോപ്പ് പറഞ്ഞുകഴിഞ്ഞിരിക്കുന്നു.

ക്ലോപ്പിന്റെ തീരുമാനം ആന്‍ഫീല്‍ഡിന് മാത്രമല്ല ഫുട്ബോള്‍ ലോകത്തിന് തന്നെ നല്‍കിയത് ഞെട്ടലാണ്. അലക്സ് ഫെർഗൂസണ്‍, പെപ് ഗ്വാർഡിയോള, ഹോസെ മൗറിഞ്ഞ്യൊ, ആഴ്സണ്‍ വെങ്ങർ തുടങ്ങിയ പരിശീലക തലകള്‍ക്കിടയില്‍ സാധാരണക്കാരന്റെ പരിവേഷമണിഞ്ഞെത്തി ലിവർപൂളിന് വിജയത്താക്കോല്‍ കൈമാറാന്‍ ക്ലോപ്പിന് സാധിച്ചിരുന്നു.

ഒരു പതിറ്റാണ്ടോളമടുക്കുന്ന ലിവർപൂള്‍ കരിയറില്‍ നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകേണ്ടിയിരുന്ന ഒരു ക്ലബ്ബിനെ കൈപിടിച്ചുയർത്താന്‍ മാത്രമല്ല സ്ഥിരതയോടെ, ആധിപത്യത്തോടെ പന്തുതട്ടാനും 56കാരന്‍ പഠിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിനും 12 മാസങ്ങള്‍ക്കും ശേഷം പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് സമ്മാനിച്ചു (2019-20). 2019ല്‍ നേടിയ ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങളുടെ മാറ്റും കൂട്ടി. യുഇഎഫ്എ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ്, എഫ്എ കപ്പ് എന്നിങ്ങനെ കിരീടങ്ങളാല്‍ സമ്പന്നമാണ് ലിവർപൂളിന്റെ ക്ലോപ്പുകാലം

ലിവർപൂളിനെ ചിയർഫുള്ളാക്കിയ ആശാന്‍; യുർഗന്‍ ക്ലോപ്പ് പടിയിറങ്ങുമ്പോള്‍
പേസറായി തുടങ്ങി 'സ്പിന്‍ ചെയ്ത്' ബാറ്ററായി മാറിയ രജത് പാട്ടീദാര്‍; ടീം ഇന്ത്യയില്‍ കോഹ്ലിയുടെ പകരക്കാരന്‍

ക്ലോപ്പിന്റെ ലിവർപൂള്‍

ലീഗില്‍ തിരിച്ചടികള്‍ നേരിട്ട് നില്‍ക്കവെയാണ് ക്ലോപ്പിലേക്ക് ലിവർപൂളിന്റെ മാനേജർ പദവിയെത്തിയത്. പക്ഷേ, പാതി വഴിയില്‍ നിന്ന് ലിഗ് കപ്പിന്റേയും യൂറോപ്പ ലീഗിന്റേയും ഫൈനലലിലേക്ക് ടീമിനെ നയിക്കാന്‍ ക്ലോപ്പിനായി. ലിഗ് കപ്പില്‍ മാഞ്ചസ്റ്റർ സിറ്റിയോടും യൂറോപ്പ ലീഗില്‍ സെവിയ്യയോടും പരാജയപ്പെട്ടു. തുടക്കം ഗംഭീരമായിരുന്നെങ്കിലും അതിഗംഭീരമാക്കാനുള്ള അവസരം നഷ്ടമായെന്ന് പറയാം.

ക്ലോപ്പിന്റെ ആക്രമണശൈലിയായിരുന്നു ലിവർപൂളിന്റെ അതിവേഗ വളർച്ചയ്ക്ക് വളമായത്. റോബർട്ടൊ ഫെർമിനോയ്ക്കൊപ്പം സാദിയോ മാനെയേയും മുഹമ്മദ് സലയേയും അണിനിരത്തിയായിരുന്നു ക്ലോപ്പ് മുന്‍നിരയുടെ മൂർച്ച കൂട്ടിയത്. പ്രതിരോധ കോട്ട ശക്തിപ്പെടുത്താന്‍ വിർജില്‍ വാന്‍ ഡിജിക്കിനേയും എത്തിച്ചു.

കൂടാരത്തിലേക്ക് വീണ്ടും താരങ്ങളെ ക്ലോപ്പ് എത്തിച്ചു, പലതിനും പരിഹാരമായിരുന്നു നീക്കങ്ങള്‍. നാബി കെയ്റ്റ, ഫാബിഞ്ഞ്യൊ, ആലിസണ്‍ ബെക്കർ എന്നിവരെ അണിനിരത്തി താരസമ്പന്നവും ശക്തവുമായ ലിവർപൂളിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു ക്ലോപ്പ്. ഫൈനലുകളില്‍ പരാജയപ്പെടുന്നു, മുന്‍നിരയുടെ ബലത്തില്‍ മാത്രം മുന്നോട്ട് പോകുന്ന ക്ലബ്ബ് എന്നിങ്ങനെയുള്ള വിമർശനങ്ങള്‍ക്ക് പരിഹാരം കാണാനും ക്ലോപ്പിന് വൈകാതെ തന്നെ സാധിച്ചു. അതിന്റെ ഫലമായിരുന്നു കിരീടങ്ങള്‍.

ലിവർപൂളിനെ ചിയർഫുള്ളാക്കിയ ആശാന്‍; യുർഗന്‍ ക്ലോപ്പ് പടിയിറങ്ങുമ്പോള്‍
കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?

തലയുയർത്തി മടങ്ങാന്‍

ഡോർട്ടുമുണ്ടിന്റെ പടിയിറങ്ങുമ്പോള്‍ ആരാധകസ്നേഹം അതിരുകവിഞ്ഞുണ്ടായിരുന്നെങ്കിലും ഒരു പരിശീലകനെന്ന നിലയില്‍ തൃപ്തി നല്‍കുന്ന ഒന്നായിരുന്നില്ല ക്ലോപ്പിന്. 2014-15 സീസണ്‍ അവസാനിച്ചപ്പോള്‍ ലീഗില്‍ ഏഴാം സ്ഥാനത്തായിരുന്നു ഡോർട്ടുമുണ്ട്. 34 മത്സരങ്ങളില്‍ നിന്ന് 13 ജയങ്ങള്‍ മാത്രം, 14 തോല്‍വി, ഏഴ് സമനില. കിരീടം നേടിയ ബയേണ്‍ മ്യൂണിച്ചുമായി 33 പോയിന്റിന്റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്.

പക്ഷേ, പ്രീമിയർ ലീഗിന്റെ പടിയിറങ്ങാന്‍ ക്ലോപ്പൊരുങ്ങുമ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. ലീഗ് പാതിവഴി പിന്നിടുമ്പോള്‍ 48 പോയിന്റുമായി തലപ്പത്താണ് ലിവർപൂള്‍. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാള്‍ അഞ്ച് പോയിന്റിന്റെ അകലമുണ്ട്. നാല് കിരീടങ്ങളോടെ സീസണ്‍ അവസാനിപ്പിക്കാനുള്ള അവസരവും ക്ലോപ്പിന് മുന്നിലുണ്ട്. പ്രീമിയർ ലീഗിന് പുറമെ, ഇഎഫ്എല്‍ കപ്പ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് എന്നിവയാണ് ക്ലോപ്പിന്റെ കൈകള്‍ കാത്തിരിക്കുന്ന കിരീടങ്ങള്‍.

പകരമാര്?

ക്ലോപ്പിന്റെ വിടവ് നികത്തുക എന്നത് ലിവർപൂള്‍ മാനേജ്മെന്റിനെ സംബന്ധിച്ച് അല്‍പ്പം ശ്രമകരമായ ജോലിയായിരിക്കുമെന്നതില്‍ സംശയമില്ല. ലിവർപൂളിന്റെ മുന്‍താരം കൂടിയായ സാബി അലോന്‍സയാണ് പട്ടികയില്‍ മുന്നിലുള്ളതെന്നാണ് സൂചനകള്‍. ലിവർപൂള്‍ ആരാധകരേയും തൃപ്തിപ്പെടുത്താന്‍ സാബി എന്ന പേര് ധാരാളമായിരിക്കും.

logo
The Fourth
www.thefourthnews.in