ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടെയ്ന്‍ നിര്യാതനായി
ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവും ലോകകപ്പ് ഫടു്‌ബോള്‍ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പേരുകാരനുമായ ജസ്റ്റ് ഫൊണ്ടെയ്ന്‍ നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു മരണം. 89 വയസായിരുന്നു.
മൊറോക്കോയില്‍ ജനിച്ച ഫൊണ്ടെയ്ന്‍ പക്ഷേ രാജ്യാന്തര തലത്തില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ചാണ് പന്തു തട്ടിയത്. ഒരു ഫുട്‌ബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് കഴിഞ്ഞ 65 വര്‍ഷമായി ഫൊണ്ടെയ്‌ന്റെ പേരിലാണ്.
പെലെ എന്ന ഇതിഹാസ താരത്തിന്റെ പിറവി കണ്ട 1958 സ്വീഡന്‍ ലോകകപ്പില്‍ 13 ഗോളുകളാണ് ഫൊണ്ടെയ്ന്‍ അടിച്ചുകൂട്ടിയത്. ആ റെക്കോഡ്ആരാലും തകര്‍ക്കപ്പെടാതെ ഇന്നും തുടരുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഫൊണ്ടെയ്‌നെക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടിയത് വെറും മൂന്നു പേര്‍ മാത്രമേയുള്ളൂവെന്നതും ശ്രദ്ധേയമാണ്. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ(16), ബ്രസീലിന്റെ റൊണാള്‍ഡോ(15), പശ്ചിമ ജര്‍മനിയുടെ ഗ്രെഡ് മുള്ളര്‍(14) എന്നിവരാണത്.
2022 ഡിസംബറില്‍ ഖത്തറിന്റെ മണ്ണില്‍ അര്‍ജന്റീനയെ വിശ്വവിജയത്തിലേക്കു നയിച്ച ലയണല്‍ മെസി 13 ഗോളുകള്‍ എന്ന ഫൊണ്ടയ്‌ന്റെ റെക്കോഡില്‍ എത്തിയിരുന്നു. എന്നാല്‍ അര്‍ജന്റീന നായകന് അത്രയും ലോകകപ്പ് ഗോളുകള്‍ നേടാന്‍ അഞ്ചു ചാമ്പ്യന്‍ഷിപ്പുകളാണ് കളിക്കേണ്ടി വന്നത്.
വെറും ലോകകപ്പ് മാത്രം കളിച്ചാണ് ഫൊണ്ടെയ്ന്‍ ആ നേട്ടത്തില്‍ എത്തിയത്. പിന്നീട് ഒരു ലോകകപ്പില്‍ കൂടി അവസരം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഗോള്‍ നേട്ടം സര്‍വകാല റെക്കോഡായി മാറിയേനെ. പരുക്കുകള്‍ കാരണം തന്റെ 28-ാം വയസില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
1933-ല്‍ ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന മൊറോക്കോയിലെ മരാക്കെഷിലായിരുന്നു ഫൊണ്ടെയ്‌ന്റെ ജനനം. മൊറോക്കോയിലെ കാസാബ്ലാങ്കയിലായിരുന്നു ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം. എന്നാല്‍ പിന്നീട് ഫ്രഞ്ചുകാരനായ പിതാവിന്റെ പാത പിന്തുടര്‍ന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ഫൊണ്ടെയ്ന്‍ ഫ്രഞ്ച് ക്ലബ് നൈസിന്റെ താരമായി.
നൈസിലും പിന്നീട് റെയിംസിനും വേണ്ടി കളിച്ച ാെണ്ടെയ്ന്‍ 1962-ല്‍ തന്റെ 28-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇരുകാലുകളുടെയും അസ്ഥിക്കു പൊട്ടലേറ്റ് രണ്ടു വര്‍ഷത്തോളം കളത്തില്‍ നിന്നു വിട്ടുനിന്നതിനു ശേഷമായിരുന്നു ആ അപ്രതീക്ഷിത വിരമിക്കല്‍.
ഫ്രഞ്ച് ദേശീയ ടീമിനായി 21 രാജ്യാന്തര മത്സരങ്ങളില്‍ കളിച്ച ഫൊണ്ടെയ്ന്‍ 30 ഗോളുകളാണ് നേടിയിട്ടുള്ളത്. വിരമിക്കലിനു ശേഷം 1967-ല്‍ കോച്ചിങ് രംഗത്തേക്ക് തിരിഞ്ഞെങ്കിലും രണ്ടു സൗഹൃദ മത്സരങ്ങളില്‍ മാത്രം ഫ്രഞ്ച് ടീമിനെ പരിശീലിപ്പിച്ചു സ്ഥാനമൊഴിയുകയായിരുന്നു. ആ രണ്ടു മത്സരങ്ങളും ഫ്രാന്‍സ് തോല്‍ക്കുകയും ചെയ്തിരുന്നു.