താരങ്ങളുടെ മൂല്യം 'പെരുപ്പിച്ചു'; യുവന്റസിന് കടുത്ത ശിക്ഷ, 15 പോയിന്റ് കുറച്ചു
താരങ്ങളുടെ കൈമാറ്റത്തിലും സാമ്പത്തിക ഇടപാടുകളിലും ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസിന് കടുത്ത ശിക്ഷ. ഇറ്റാലിയന്‍ ലീഗായ സീരി എയുടെ നടപ്പുസീസണില്‍ ടീമിന്റെ 15 പോയിന്റ് വെട്ടിക്കുറയ്ക്കാന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ക്ലബിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ വിലക്കടക്കമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
യുവന്റസിന്റെ മുന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടറും നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പറിന്റെ ട്രാന്‍സ്ഫര്‍ വിഭാഗം തലവനുമായ ഫാബിയോ പരാട്‌സിക്ക് ഇറ്റാലിയന്‍ ഫുട്‌ബോളുമായി സഹകരിക്കുന്നതില്‍ നിന്ന് 30 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഇതുകൂടാതെ യുവന്റസ് മുന്‍ ചെയര്‍മാന്‍ ആന്‍ഡ്രിയ അഗ്‌നെല്ലിക്ക് 24 മാസത്തെയും നിലവിലെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഫെഡറിക്കോ ചെറുബിനിക്ക് 16 മാസത്തെയും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
സീസണില്‍ ടീമിന്റെ 15 പോയിന്റ് കുറച്ചതോടെ യുവന്റ്‌സ് സീരി എ പോയിന്റ് പട്ടികയില്‍ 10-ാം സ്ഥാനത്തേക്കു പതിച്ചു. 18 മത്സരങ്ങളില്‍ നിന്ന് 11 ജയവും നാലു സമനിലകളുമായി 37 പോയിന്റോടെ മൂന്നാം സ്ഥാനത്തായിരുന്നു അവര്‍. ഇപ്പോള്‍ അത് 22 പോയിന്റായി കുറഞ്ഞാണ് അവര്‍ പത്താം സ്ഥാനത്തേക്കു പതിച്ചത്.
കഴിഞ്ഞ സീസണിലും ഈ സീസണിന്റെ ട്രാന്‍സ്ഫര്‍ ജാലകത്തിലും താരങ്ങളുടെ മൂല്യം പെരുപ്പിച്ചു കാണിക്കുകയും തെറ്റായ വിവരങ്ങള്‍ ഇറ്റാലിയന്‍ ഫെഡറേഷനു നല്‍കിയെന്നാണ് യുവന്റസിനെതിരായ ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടീം ക്രമക്കേട് നടത്തിയെന്നു കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിക്കാന്‍ ഫെഡറേഷന്‍ തയാറായത്.