അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍; ഇത്തിഹാദ് ആരാധകരെ ത്രസിപ്പിച്ച് ബെന്‍സേമ

അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍; ഇത്തിഹാദ് ആരാധകരെ ത്രസിപ്പിച്ച് ബെന്‍സേമ

2004-05 സീസണില്‍ അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇത്തിഹാദ് നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിരീടം സ്വപ്‌നകാണുകയാണ് ഇത്തവണ
Updated on
1 min read

സൗദി ക്ലബ് അല്‍ ഇത്തിഹാദില്‍ അരങ്ങേറ്റം ഗംഭീരമാക്കി ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരീം ബെന്‍സേമ. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ചാമ്പ്യഷിപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിലാണ് ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരത്തിന് അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയത്. സൗദി ടീമിന്റെ ജഴ്‌സിയില്‍ ഇറങ്ങിയ ബെന്‍സേമ ടീമിന്റെ വിജയഗോള്‍ കുറിച്ചാണ് അരങ്ങേറ്റം ആഘോഷിച്ചത്. ഒപ്പം ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.

ബെന്‍സേമയുടെ ഗോളില്‍ ഇഎസ് ടൂണിസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച് ഇത്തിഹാദ് ചാമ്പ്യന്‍ഷിപ്പില്‍ വിജയത്തുടക്കവും കുറിച്ചു. 2004-05 സീസണില്‍ അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇത്തിഹാദ് നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിരീടം സ്വപ്‌നകാണുകയാണ് ഇത്തവണ. ബെന്‍സേമയ്‌ക്കൊപ്പം എന്‍ഗോളോ കാന്റെ, യോട്ട എന്നിവര്‍ ഇക്കുറി ടീമിലെത്തിയതോടെ കിരീടം തങ്ങളുടെ ഷെല്‍ഫില്‍ എത്തിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍.

ഇന്നു നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇത്തിഹാദിന്റെ ഗംഭീര തിരിച്ചുവരവ്. മത്സരത്തിന്റെ 26-ാം മിനിറ്റില്‍ തന്നെ ടൂണിസ് മുന്നിലെത്തിയിരുന്നു. ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്ന് തകര്‍പ്പനൊരു ഷോട്ടിലൂടെ ഒസാമ ബൗഗുവേരയാണ് സ്‌കോര്‍ ചെയ്തത്.

ലീഡ് വഴങ്ങിയതോടെ ഉണര്‍ന്ന ഇത്തിഹാദ് പിന്നീട് മികച്ച നീക്കങ്ങളിലൂടെ കളം പിടിക്കുന്നതാണ് പിന്നീട് കണ്ടത്. മത്സരത്തിന്റെ 35-ാം മിനിറ്റില്‍ തന്നെ അവര്‍ ഒപ്പമെത്തുകയും ചെയ്തു. ബെന്‍സേമ മാജിക്കാണ് അവരെ തുണച്ചത്. ബോക്‌സിന്റെ മധ്യഭാഗത്തേക്ക് ബെന്‍സേമ നല്‍കിയ അളന്നുതൂക്കിയുള്ള ക്രോസില്‍ തലവച്ച അബ്ദര്‍റസാഖ് ഹമ്ദള്ളയാണ് സ്‌കോര്‍ ചെയ്തത്.

ആദ്യപകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു. ഇടവേളയ്ക്കു ശേഷം ഇത്തിഹാദിന്റെ ആധിപത്യമാണ് കണ്ടത്. മത്സരം പുനഃരാരംഭിച്ച് 10 മിനിറ്റിനുള്ളില്‍ തന്നെ ഇത്തിഹാദ് വിജയഗോള്‍ കുറിക്കുകയും ചെയ്തു. ഇഗോര്‍ കൊറനാഡോയുടെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ ഇടതു കോര്‍ണറില്‍ നിന്ന് ബെസേമ തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in