ഹോംഗ്രൗണ്ടില്‍ ഫോമായി ബ്ലാസ്‌റ്റേഴ്‌സ്; ഗോവയെ കീഴടക്കി
ചിത്രം : അജയ് മധു

ഹോംഗ്രൗണ്ടില്‍ ഫോമായി ബ്ലാസ്‌റ്റേഴ്‌സ്; ഗോവയെ കീഴടക്കി

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
Updated on
2 min read

മഴ ദൈവങ്ങൾ മാറിനിന്ന് കനിഞ്ഞപ്പോൾ ഗോവയ്‌ക്കെതിരെ വിജയം കൊയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, ഇവാൻ കല്യൂഷ്‌നി എന്നിവരാണ് ഗോളുകൾ നേടിയത്. ഗോവയുടെ ആശ്വാസ ഗോൾ നോഹ സദൗയി നേടി. തുടർച്ചയായ രണ്ട് ഹോം മത്സരങ്ങളിലെ തോൽവിക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ജയിക്കുന്നത്. ഗോവയ്‌ക്കെതിരെയുള്ള കഴിഞ്ഞ പത്ത്‌ മത്സരങ്ങളിലെ ആദ്യ ജയവും.

ഇന്നലെ മാധ്യമങ്ങളെ കാണവേ സൂചിപ്പിച്ച പോലെ ആക്രമണത്തിനും പ്രതിരോധത്തിലും ഒരുപോലെ ശ്രദ്ധിച്ച് ഗോവയെ നിഷ്പ്രഭരാക്കിക്കൊണ്ടായിരുന്നു ഇവാന്റെ കുട്ടികൾ ജയം സ്വന്തമാക്കിയത്. ആക്രമണ ഫുട്ബോളിന് സഹായിക്കുന്ന 4 - 4 - 2 ശൈലിയിൽ ടീമിനെ വിന്യസിച്ച കോച്ച് ഇവാൻ വുകോമനോവിച്ച് ഒരേയൊരു മാറ്റമാണ് വരുത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ സഹൽ അബ്ദുൽ സമദ് ആദ്യ പതിനൊന്നിൽ ഇടം പിടിച്ചു.

ആദ്യ മിനിറ്റുകളിൽ ഗോവയുടെ ആക്രമണം ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരികെ വന്ന ബ്ലാസ്റ്റേഴ്‌സ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ആക്രമണത്തിന് പോകുമ്പോളും പ്രതിരോധത്തെ മറക്കാതെ കാത്തു ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരങ്ങളിലെ പിഴവ് ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും പ്രതിരോധത്തിൽ വരുത്തിയ ചെറിയ പിഴവുകൾ പലപ്പോഴും ലെസ്‌കോവിച്ചും പ്രഭ്‌ശുഖന്‍ ഗില്ലും ചേർന്ന് മറികടക്കുകയായിരുന്നു.

ചിത്രം : അജയ് മധു

ഗോവൻ നീക്കത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ വരുന്നത്. പിന്നിൽ നിന്ന് ലെസ്‌കോ ക്ലിയർ ചെയ്ത നൽകിയ പന്ത് രാഹുൽ വലതു വിങ്ങിലൂടെ മുന്നോട്ട് കയറ്റി കൊണ്ടുവന്ന് ബോക്സിലേക്ക് മറിച്ച് നൽകി. ഹെഡ് ചെയ്യാൻ ശ്രമിച്ച അഡ്രിയാൻ ലൂണ പരാജയപ്പെട്ടുവെങ്കിലും പന്ത് കിട്ടിയത് സഹലിന്റെ കാലിലായിരുന്നു. കീപ്പറുടെ സ്ഥാനം മനസിലാക്കി കൃത്യമായി ലൂണക്ക് നൽകിയ പാസ് അദ്ദേഹം വലയിലാക്കിയതോടെ സ്റ്റേഡിയം ആർത്തിരമ്പി. ഇരമ്പൽ അവസാനിക്കുന്നതിന് മുന്നേ തന്നെ അടുത്ത നീക്കവുമായി വന്ന ബ്ലാസ്റ്റേഴ്‌സ് പെനാൽറ്റി നേടിയെടുത്തു. ബോക്സിൽ ഗോവൻ പ്രതിരോധ താരം അൻവർ അലി ദിമിത്രിയോസ് ഡയമന്റകോസിനെ ഫൗൾ ചെയ്തതിന് നൽകിയ പെനാൽറ്റി അദ്ദേഹം തന്നെ വലയിലാക്കി ഒന്നാം പകുതി അവസാനിപ്പിച്ചു.

രണ്ട് ഗോൾ ലീഡുമായി രണ്ടാം പകുതി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിച്ചാണ് തുടങ്ങിയത്. ഗോൾ എങ്ങനെയും തിരിച്ചടിക്കാൻ തയ്യാറായി ഗോവ വന്നതോടെ വീണുകിട്ടുന്ന അവസരങ്ങളിലായി ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ. ഇതിനിടയിൽ ഡയമന്റകോസ് കയറ്റി കൊണ്ടുവന്ന പന്ത് മുപ്പത് വാര ദൂരത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ഇവാൻ കല്യൂഷ്‌നി ഗോവൻ വല തുളച്ചപ്പോൾ ആരാധകരും ആവേശത്തിലായി. ആദ്യ മത്സരത്തിലേതിന് സമാനമായ ഗോൾ.

ഗോളിന് ശേഷം ഉണർന്ന് കളിച്ച ഗോവ മുൻ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌കസിലൂടെ ബ്ലാസ്റ്റേഴ്സ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ആയി. കളിയുടെ അറുപത്തിയേഴാം മിനുട്ടിൽ വലതുവിങ്ങിൽ നിന്ന് വന്ന ക്രോസ്സ് തലകൊണ്ട് വലയിലെത്തിച്ചാണ് നോഹ സദൗയി ഗോവയ്ക്ക് ആശ്വാസ ഗോൾ സമ്മാനിച്ചത്. പ്രതീക്ഷിച്ച പോലെ കളിക്കാൻ സാധിക്കാതിരുന്ന ഗോവൻ താരങ്ങൾ പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായി കൊമ്പ് കോർക്കുന്ന കാഴ്ചയ്ക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

logo
The Fourth
www.thefourthnews.in