ഡ്യൂറണ്ട് കപ്പ്: ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്, ഗോകുലം എഫ്സി ക്വാർട്ടറില്‍

ഡ്യൂറണ്ട് കപ്പ്: ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്, ഗോകുലം എഫ്സി ക്വാർട്ടറില്‍

ബ്ലാസ്‌റ്റേഴ്‌സിന്റെ നോക്കൗട്ട് പ്രതീക്ഷ മങ്ങുന്നു
Updated on
1 min read

ഡ്യൂറണ്ട് കപ്പില്‍ രണ്ടാം മത്സരവും ജയിച്ച് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളുരു എഫ്‌സിയോട് തോറ്റതോടെയാണ് ഗോകുലത്തിന്റെ മുന്നേറ്റം. ഇതോടെ ആറ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗോകുലം അടുത്ത റൗണ്ടിലേക്ക് കടന്നപ്പോള്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയം കാണാത്ത ബ്ലാസ്‌റ്റേഴ്‌സ് പുറത്താകലിന്റെ വക്കിലാണ്. ഡ്യൂറണ്ട് കപ്പ് രണ്ടാം റൗണ്ടില്‍ ബെംഗളുരുവിനോട് 2-2 നാണ് സമനില വഴങ്ങിയത്.

തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം കൈവിട്ടത്. പൂര്‍ണമായും റിസേര്‍വ് സ്‌ക്വാഡുമായി ഇറങ്ങിയ ബാംഗ്ലൂരിനോട് സമനില പിടിക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ്. ഗ്രൂപ്പുകളിലെ മികച്ച രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുമെന്നതിനാല്‍ ബെംഗളൂരുവിന് ഇനിയും സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ ഗോകുലമാണ് അവരുടടെ എതിരാളികള്‍. എന്നാല്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം ജയിച്ചാലും ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സാധ്യത വിരളമാണ്.

നിരവധി തവണ സ്‌കോറിങ്ങിനുള്ള ശ്രമം നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ബാംഗ്ലൂര്‍ ഗോളി അമൃതിനെ മറികടക്കാന്‍ സാധിച്ചില്ല

ആദ്യ മിനിറ്റുകളില്‍ കളം നിറഞ്ഞത് മുഴുവന്‍ ബ്ലാസ്റ്റേഴ്‌സായിരുന്നു. നിരവധി ഗോളവസരങ്ങള്‍ തുറന്നിട്ടും അവസരം പാഴാക്കിയതോടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിദേശ യുവതാരം ജസ്റ്റിന്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കി. 14ാം മിനിറ്റില്‍ വിബിന്‍ മോഹന്റെ പാസില്‍ കാല്‍വച്ച് താരം ലക്ഷ്യം കണ്ടു. വീണ്ടും നിരവധി തവണ സ്‌കോറിങ്ങിനുള്ള ശ്രമം നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ബെംഗളൂരു ഗോളി അമൃതിനെ മറികടക്കാന്‍ സാധിച്ചില്ല. 38ാം മിനിറ്റിലായിരുന്നു ബെംഗുളുരുവിന്റെ തിരിച്ചടി. അവരുടെ ആദ്യ ചാന്‍സ് തന്നെ ലക്ഷ്യത്തിലെത്തിച്ച് എഡ്മുണ്ട് ലാല്‍റണ്ടിക ബെംഗുളുരുവിനായി സമനില പിടിച്ചു. അതോടെ ആദ്യ പകുതി 1-1 സമനിലയില്‍ പിരിഞ്ഞു.

ഡ്യൂറണ്ട് കപ്പ്: ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്, ഗോകുലം എഫ്സി ക്വാർട്ടറില്‍
ഇംഗ്ലണ്ട് സ്ട്രൈക്കർ തിയോ വാല്‍കോട്ട് വിരമിച്ചു

രണ്ടാം പകുതിയില്‍ കളിയുടെ ഗതി മാറി, ബെംഗുളുരു കരുത്താര്‍ജിച്ചതോടെ രണ്ടാം ഗോള്‍ നേടി അവര്‍ ലീഡെടുത്തു. സച്ചിന്‍ സുരേഷിനെ മറികടന്നെത്തിയ ആശിഷ് 52ാം മിനിറ്റഇല്‍ ബെംഗുളുരുവിന്റെ രണ്ടാം ഗോള്‍ നേടി. ഇതിനിടെ ഹെര്‍മിങ്പാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. 84ാം മിനിറ്റില്‍ യുവതാരം മുഹമ്മദ് ഐമന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി. അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ താരം ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ കണ്ടെത്തി.

logo
The Fourth
www.thefourthnews.in