ബ്ലാസ്റ്റേഴ്സിന് ഹാട്രിക്ക് തോല്‍വി; അയല്‍പോരില്‍ ചെന്നൈയിന്റെ 'ഒരടി'യില്‍ വീണു
ഇന്ത്യന്‍ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോല്‍വി. ചെന്നൈയിന്‍ എഫ് സിയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. 60-ാം മിനുറ്റില്‍ അകാശ് സാങ്‌വാനാണ് ചെന്നൈയിന്റെ വിജയഗോള്‍ നേടിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോല്‍വിയാണിത്. ജയത്തോടെ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തെത്തി.
രണ്ട് തോല്‍വിക്ക് ശേഷം ആശ്വാസ ജയമെന്ന ലക്ഷ്യത്തോടെയായിരുന്നു ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെതിരെ പന്തുതട്ടി തുടങ്ങിയത്. ജയത്തിനായുള്ള ദാഹം താരങ്ങളുടെ ശരീരഭാഷയില്‍ പോലും വ്യക്തമായിരുന്നു. ആദ്യ പത്ത് മിനുറ്റിനുള്ളില്‍ തന്നെ പലതവണ ചെന്നൈയിന്‍ ഗോള്‍ മുഖത്തേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പാഞ്ഞടുക്കുകയും ഷോട്ടുകള്‍ ഉതിർക്കുകയും ചെയ്തു.
20-ാം മിനുറ്റിലായിരുന്നു ചെന്നൈയിന് ആദ്യ അവസരം വീണുകിട്ടിയത്. പക്ഷേ, ആകാശ് സാങ്‌വാന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക്. മുഹമ്മദ് ഐമന്‍, ഡാനിഷ് ഫറൂഖി, ഫെഡോർ സെർണിച്ച്, ദൈസുകെ സകായ് എന്നിവരുടെ ശ്രമങ്ങളും ആദ്യ പകുതിയില്‍ ഫലം കാണാതെ പോയത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതിയില്‍ ഇരുടീമുകളും നിരാശയോടെയായിരുന്നു മടങ്ങിയത്.
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ പ്രെസിങ് ഗെയിം സ്വീകരിച്ചതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി. വൈകാതെ തന്നെ തന്ത്രം ലക്ഷ്യം കണ്ടു. 60-ാം മിനുറ്റില്‍ ആകാശ് സാങ്‌വാന്റെ ഇടംകാല്‍ ഷോട്ട് ഗോള്‍വലയുടെ വലതുമൂലയില്‍ പതിച്ചു. ഫാറൂഖ് ചൗദരിയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ വഴങ്ങിയതിന് ശേഷവും ബ്ലാസ്റ്റേഴ്സിന് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയി.
തുടർച്ചായായ മൂന്നാം തോല്‍വി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തു തന്നെ തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. 15 കളികളില്‍ നിന്ന് 26 പോയിന്റാണ് ടീമിനുള്ളത്. എട്ട് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമാണ് സമ്പാദ്യം. സീസണിലെ ചെന്നൈയിന്റെ നാലാം ജയമാണിത്. 15 പോയിന്റാണ് ചെന്നൈയിനുള്ളത്.