ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി

ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്‌സി ഗോവ കൊമ്പന്മാരെ മുട്ടുകുത്തിച്ചത്
Updated on
1 min read

ആദ്യ പാദത്തിലെ തോൽവിക്ക് എഫ്‌സി ഗോവയുടെ മധുര പ്രതികാരം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്‌സി ഗോവ കൊമ്പന്മാരെ മുട്ടുകുത്തിച്ചത്. ദിമിത്രിയോസ്‌ ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്‌. ഗോവയ്‌ക്കായി ഇകെർ ഗുറോക്‌ടെക്‌സെന, നോഹ വെയ്‌ൽ സദൂയ്‌, റിഡീം തലങ്‌ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ദിമിത്രിയോസ്‌ ഡയമന്റാകോസിന്റെ വകയായിരുന്നു. നാല് മത്സരങ്ങൾ ജയമില്ലാതെ വന്ന എഫ്‌സി ഗോവ ആദ്യ ജയം നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയായിത്.

കളിയുടെ 32‐ാം മിനിറ്റിൽ ഗോവയ്ക്ക്‌ അനുകൂലമായി അനുവദിച്ച പെനാൽറ്റിയാണ് മത്സരത്തിന്റെ സമനില പൊട്ടിച്ചത്. ബ്രാൻഡൻ ഫെർണാണ്ടസിനെ ബോക്സിൽ സൗരവ്‌ മണ്ഡൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി നൽകിയത്. എന്നാൽ റീപ്ലേകളിൽ ബ്രാൻഡൻ സ്വന്തം കാലിൽ തട്ടിയാണ് വീണതെന്ന് വ്യക്തമായിരുന്നു. ലഭിച്ച അവസരം മുതലെടുത്ത ഗോവ ഗുറോക്‌ടെക്‌സെനയിലൂടെ ലീഡെടുത്തു. സമനില നേടാൻ ശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സിനെ ഗോവൻ പ്രതിരോധം പിടിച്ചുനിർത്തി. ഇതിനിടയിലായിരുന്നു നോഹ ഗോവയുടെ ലീഡ് ഗോൾ നില ഉയർത്തിയത്. ഇടവേളക്ക് മുൻപ് ഒരു ഗോൾ തിരിച്ചടിക്കാൻ കൊമ്പന്മാർ ആവുന്നത്ര ശ്രമിച്ചെങ്കിലും ഗോവൻ താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു.

രണ്ടാം പകുതിയിൽ പുത്തനുണർവുമായി എത്തിയ ബ്ലാസ്റ്റേഴ്‌സ് 51ാം മിനിറ്റിൽ ഗോൾ നേടി. ലൂണ എടുത്ത ഫ്രീകിക്കിൽ നിന്നും ലഭിച്ച പന്തിൽ ഡയമന്റാകോസ്‌ ഗോൾ നേടി. ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പിന്നാലെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാൻ സാധിക്കാതെ പോയത് വിനയായി. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി 69ാം മിനിറ്റിൽ ഗോവ ലീഡ് വർധിപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ റിഡീം തലങ്ങായിരുന്നു സ്‌കോറർ. ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഗോവൻ താരങ്ങൾ കൂടുതൽ നഷ്ടങ്ങളില്ലാതെ മത്സരവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കി.

ഇന്നത്തെ ജയത്തോടെ ഒഡീഷയെ പിന്തള്ളി ഗോവ അഞ്ചാം സ്ഥാനത്തേക്കുയർന്നു. പതിനഞ്ച് മത്സരങ്ങളിൽ നിന്ന് ഗോവയ്ക്ക് 23 പോയിന്റുണ്ട്. 14 മത്സരങ്ങളിൽ നിന്നായി 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിർത്തി. ഈ മാസം 29ന്‌ കൊച്ചിയിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

logo
The Fourth
www.thefourthnews.in