ജയിച്ചു കയറാന്‍ ബ്ലാസ്റ്റേഴ്‌സ്: കൊച്ചിയില്‍ ഇന്ന് എഫ്‌സി ഗോവയെ നേരിടും
ഐഎസ്എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങും. ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിന് ഇറങ്ങുന്നത്.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു
ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് സ്വന്തം മൈതാനത്ത് ജയിക്കാനായിരുന്നില്ല. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയം ടീമിനും പ്രത്യേകിച്ച് പ്രതിരോധ നിരയ്ക്കും വലിയ ആത്മവിശ്വാസം നല്‍കും.
ടീം ഒന്നടങ്കം ആക്രമണത്തിന് ഇറങ്ങുമ്പോള്‍ വരുന്ന പിഴവിലൂടെ വഴങ്ങിയ ഗോളുകളാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. വരുന്ന മത്സരങ്ങളില്‍ ഇത് മറികടക്കാന്‍ ശ്രമിക്കുമെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. ലീഗില്‍ പന്ത് കൈവശം വച്ച് കളിക്കുന്നതില്‍ മികച്ച ടീമാണ് ഗോവ. ടീം സന്തുലിതമാണെന്നും മികച്ച മത്സരം പുറത്തെടുക്കുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
ജംഷഡ്പൂരിനെതിരെ കളിക്കാതിരുന്ന മുന്‍ ബ്ലാസ്റ്റേഴ്സ് താരം ആല്‍വാരോ വാസ്‌ക്വസ് കളിക്കുമോ എന്നത് വ്യക്തമല്ല.
അതേസമയം എഫ്സി ഗോവ ലീഗില്‍ ഒരു മത്സരം മാത്രം തോറ്റാണ് കൊച്ചിയിലേക്കെത്തുന്നത്. അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എഫ്സി ഗോവ പരാജയപ്പെടുത്തിയത്. ജംഷഡ്പൂരിനെതിരെ കളിക്കാതിരുന്ന മുന്‍ ബ്ലാസ്റ്റേഴ്സ് താരം ആല്‍വാരോ വാസ്‌ക്വസ് കളിക്കുമോ എന്നത് വ്യക്തമല്ല. കളിക്കാരെല്ലാവരും ഫിറ്റ് ആണെന്നും മലയാളി യുവതാരം ബിജോയ്ക്ക് വരും മത്സരങ്ങളില്‍ അവസരം ലഭിക്കുമെന്നും കോച്ച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും ഇതുവരെ 16 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഒൻപത് മത്സരങ്ങളില്‍ ഗോവ ജയിച്ചപ്പോൾ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞത്
2016ന് ശേഷം ഗോവയ്ക്കെതിരെ ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് മത്സരങ്ങളും സമനിലയില്‍ പിരിയുകയായിരുന്നു. 23 തവണ ഗോവന്‍ വലയില്‍ ബ്ലാസ്റ്റേഴ്സ് പന്തെത്തിച്ചപ്പോള്‍, ഗോവ ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത് 40 തവണയാണ്. കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും ഇതുവരെ 16 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഒൻപത് മത്സരങ്ങളില്‍ ഗോവ ജയിച്ചപ്പോൾ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞത്. നാല് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അതുകൊണ്ട് തന്നെ നിര്‍ണായകമായ ജയവും പോയിന്റും സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ മുന്നേറാനാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
നാല് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി എഫ്‍സി ഗോവ മൂന്നാം സ്ഥാനത്തും അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണുള്ളത്. വൈകുന്നേരം മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സരത്തിന്റെ ആവേശത്തെ ബാധിക്കുമോ എന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.