കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം തുടരാനാകുമോ?, ഇന്ന് ഹൈദരാബാദിനെതിരെ

കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം തുടരാനാകുമോ?, ഇന്ന് ഹൈദരാബാദിനെതിരെ

മത്സരം ഹൈദരാബാദിന്റെ മൈതാനമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ
Updated on
1 min read

ഐഎസ്എൽ ഫുട്ബാളിൽ ജയം തുടരാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടക്കുന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയാണ് കേരളത്തിന്റെ എതിരാളികൾ. ഹൈദരാബാദിന്റെ മൈതാനമായ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം.

ഹൈദരാബാദിന്റെ മൈതാനമായ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം

തുടർച്ചയായ മൂന്നാം ജയവും കഴിഞ്ഞ ഫൈനലിലെ തോൽവിക്കുള്ള പകരം വീട്ടാനുമായിരിക്കും കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ ഹൈദരാബാദില്‍ ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ എഫ്‌സി ഗോവയ്‌ക്കെതിരെ നേടിയ ജയം ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും. എന്നാൽ ലീഗിൽ തോൽവി അറിയാതെ മുന്നേറുന്ന ഹൈദരാബിദിനെ പിടിച്ചുകെട്ടുക എളുപ്പമാകില്ല.

ആറ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്ഥിരതയുള്ള ഒരു പ്ലേയിങ് ഇലവനെ കണ്ടെത്താനായെന്ന സുചനകളാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ തെളിയിക്കുന്നത്. മുന്നേറ്റ നിര താരം ദിമിത്രിയോസ് ഡയമന്റകോസ് ഗോൾ കണ്ടെത്തുന്നതും കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ തലവേദന കുറയ്ക്കുന്ന ഘടകമാണ്. ഹൈദരബാദ് ശക്തമായ നിരയാണ് ജയത്തിനായി പരമാവധി ശ്രമിക്കുമെന്നും മത്സരത്തിന് പുറപ്പെടും മുൻപ് മാധ്യമങ്ങൾക്ക് നൽകിയ വാർത്ത സമ്മേളനത്തിൽ ഇവാൻ വുകോമനോവിച്ച്‌ പറഞ്ഞു.

സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് സമനിലയിൽ ആയതിന് ശേഷം മുഴുവൻ പോയിന്റുകളും നേടിയാണ് ഹൈദരബാദ് എത്തുന്നത്. പോയിന്റ് പട്ടികയിൽ അവർ ഒന്നാമതുമാണ്. മുംബൈ സിറ്റിക്ക് മാത്രമാണ് സീസണിൽ ഹൈദരാബാദ് ഗോൾ വല ഭേദിക്കാനായത്. സൂപ്പർ താരം ബർത്തലോമിയോ ഒഗ്ബെചെ പതിവ് ഫോമിലേക്ക് ഉയർന്നിട്ടില്ലെങ്കിലും ടീം എന്ന നിലയിൽ മികച്ച പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുക്കുന്നത്. വിങ്ങുകളിലൂടെ ഇരച്ച്‌ കയറുന്ന ഹലിചരൺ നർസാരിയുടെയും മുഹമ്മദ് യാസിറിന്റെയും ഫോം ടീമിന് ഗുണം ചെയ്യുന്നുണ്ട്.

ഏഴ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനില പിറന്നിട്ടില്ല എന്നതാണ് മത്സരത്തിന് കൂടുതൽ ആവേശം പകരുന്നത്. നാല് വട്ടം ഹൈദരാബാദ് ജയം സ്വന്തമാക്കിയപ്പോൾ മൂന്ന് തവണയാണ് കേരളം ജയിച്ചത്. പതിനൊന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദെരാബാദിനെതിരെ നേടിയത്. ഹൈദരാബാദ് 10 ഗോളുകൾ കേരളത്തിനെതിരെ നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in