ഇഞ്ചുറി ടൈമിൽ കേരളം; 
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ വിജയത്തുടക്കം

ഇഞ്ചുറി ടൈമിൽ കേരളം; സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ വിജയത്തുടക്കം

ഒഡിഷയിലെ ക്യാപിറ്റൽ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവയെ കേരളം വീഴ്ത്തിയത്
Updated on
1 min read

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ജയം. ഒഡിഷയിലെ ക്യാപിറ്റൽ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവയെ കേരളം വീഴ്ത്തിയത്. ഇഞ്ചുറി ടൈമിൽ ഗോൾ നേടി ഒ എം ആസിഫ് കേരളത്തിന്റെ വിജയശില്പിയായി. നിജോ ഗിൽബെർട്ട്, റിസ്‌വാൻ അലി എന്നിവരായിരുന്നു കേരളത്തിന്റെ മറ്റ് സ്കോറർമാർ. ഗോവയുടെ ഗോളുകൾ മഹമ്മദ് ഫഹീസിന്റെ വകയായിരുന്നു.

ഒന്നാം റൗണ്ടിലെ ആധികാരിക പ്രകടങ്ങളിൽ ഒഡിഷയിലേക്കെത്തിയ കേരളത്തിന് ഗോവ കടുത്ത വെല്ലുവിളിയാണ് ആദ്യ മത്സരത്തിൽ ഉയർത്തിയത്. ഇരുപത്തിയാറാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കേരളത്തിന്റെ ഗോളടി മെഷീൻ നിജോ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് ഇരു പക്ഷത്തേക്കും കളി മാറി മാറി വന്നു. എന്നാൽ രണ്ട് ടീമുകളും മികച്ച പ്രതിരോധം തീർത്തപ്പോൾ ഗോൾ അകന്ന് നിന്നു. രണ്ടാം പകുതി ആരംഭിച്ച് 12ാം മിനുറ്റിൽ തന്നെ കേരളം റിസ്‌വാനിലൂടെ ലീഡ് ഉയർത്തി. പിന്നാലെ പെനാൽറ്റിയിലൂടെ ഒരു ഗോൾ ഗോവ മടക്കി. 73-ാം മിനിറ്റിൽ വീണ്ടും മഹമ്മദ് ഫഹീസ് ഗോവയ്ക്കായി ഗോൾ നേടിയതോടെ മത്സരം സമനിലയിലായി. പിന്നിൽ നിന്നും പൊരുതികയറിയതിന്റെ ആവേശത്തിൽ മത്സരം സ്വന്തമാക്കാൻ ഗോവൻ താരങ്ങൾ ശ്രമിച്ചെങ്കിലും കേരളം പിടിച്ച് നിന്നു. അവസാന നിമിഷം എം വിഘ്നേഷിന് പകരം കേരളാ സ്‌ക്വാഡിൽ ഇടം പിടിച്ച ഒ എം ആസിഫിന്റെ ഹെഡ്ഡര്‍ കേരളത്തിന് ജയം സമ്മാനിക്കുകയായിരുന്നു.

ജയത്തോടെ പോയിന്റ് നിലയിൽ കേരളം ഒന്നാമതെത്തി. അടുത്ത മത്സരത്തിൽ ഞായറാഴ്ച കര്‍ണാടകയാണ് കേരളത്തിന്റെ എതിരാളികൾ. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിനൊപ്പമുള്ള മറ്റ് ടീമുകൾ.

logo
The Fourth
www.thefourthnews.in