സമനില 'സന്തോഷം കെടുത്തി'; സെമി കാണാതെ കേരളം പുറത്ത്

സമനില 'സന്തോഷം കെടുത്തി'; സെമി കാണാതെ കേരളം പുറത്ത്

കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പഞ്ചാബും രണ്ടാം സ്ഥാനക്കാരായി കര്‍ണാടകയും സെമിയില്‍ കടന്നു.
Updated on
1 min read

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ കാണാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരേ സമനില വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്.

അവസാന നാലില്‍ കടക്കാന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഇന്നു ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ശക്തരായ പഞ്ചാബിനെ നേരിട്ട കേരളം 1-1 എന്ന സ്‌കോറില്‍ സമനില വഴങ്ങുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട കേരളം പുറത്തേക്കുള്ള വാതില്‍ തുറന്നപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പഞ്ചാബ് സെമിയില്‍ കടന്നു.

അഞ്ചു കളികളില്‍ നിന്ന് പഞ്ചാബിന് മൂന്നു ജയവും രണ്ടു സമനിലകളുമടക്കം 11 പോയിന്റാണുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒഡീഷയോട് 2-2 സമനില വഴങ്ങിയ കര്‍ണാടക രണ്ടു ജയവും മൂന്നു സമനിലയുമടക്കം ഒമ്പതു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി സെമി ബെര്‍ത്ത് ഉറപ്പാക്കിയപ്പോള്‍ കേരളത്തിന് എട്ടു പോയിന്റ് മാത്രമാണ് ഉള്ളത്.

ജയം അനിവാര്യമായതിനാല്‍ ആദ്യ മിനിറ്റു മുതല്‍ ആക്രമണ ഫുട്‌ബോളാണ് കേരളം പുറത്തെടുത്തത്. തുടക്കത്തില്‍ കേരളത്തിന്റെ ആക്രമണങ്ങള്‍ക്കു മുന്നില്‍ പതറിയ പഞ്ചാബ് പിന്നീട് കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ ആദ്യം ലീഡ് നേടിയത് കേരളമാണ്.

24-ാം മിനിറ്റില്‍ അബ്ദുള്‍ റഹീമിന്റെ പാസ് സ്വീകരിച്ച് വിശാഖ് മോഹനനാണ് വലകുലുക്കിയത്. എന്നാല്‍ ലീഡ് നേടിയതിന്റെ സന്തോഷം അധികനേരം നീണ്ടില്ല. വെറും 10 മിനിറ്റിനുള്ളില്‍ പഞ്ചാബ് ഒപ്പമെത്തി. രോഹിത് ഷെയ്ഖായിരുന്നു സ്‌കോറര്‍.

കേരളമൊരുക്കിയ ഓഫ്‌സൈഡ് ട്രാപ്പ് പൊളിച്ച് കമല്‍ദീപ് നല്‍കിയ ക്രോസ് രോഹിത് സമര്‍ഥമായി വലയിലെത്തിക്കുകയായിരുന്നു. സമനില നേടിയതോടെ ആക്രമണം ശക്തമാക്കിയ പഞ്ചാബ് ആദ്യ പകുതിയിലെ ശേഷിച്ച മിനിറ്റുകളില്‍ കേരളാ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഇതേ സ്‌കോര്‍ നിലയില്‍ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ക്ഷീണിതരായ കേരളാ ടീമിനെയാണ് കണ്ടത്. അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ അതിനേക്കാള്‍ മിടുക്കോടെ അവ തുലയ്ക്കാനും കേരളാ താരങ്ങള്‍ മത്സരിച്ചു. ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് കേരളം രണ്ടാം പകുതിയില്‍ പാഴാക്കിയത്.

നേരത്തെ തന്നെ സെമിബെര്‍ത്ത് ഉറപ്പിച്ചതിനാല്‍ രണ്ടാം പകുതിയില്‍ ഭൂരിഭാഗം സമയവും പ്രതിരോധ ഫുട്‌ബോളാണ് പഞ്ചാബ് പുറത്തെടുത്തത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ വിജയ ഗോളിനായി കിണഞ്ഞുപൊരുതാന്‍ തയാറെടുത്ത കേരളത്തെ മിന്നല്‍ നീക്കങ്ങളിലൂടെ സമ്മര്‍ദ്ദത്തിലാഴ്ത്താനും അവര്‍ക്കായി. ഒടുവില്‍ റഫറിയുടെ ലോങ് വിസില്‍ മുഴുങ്ങുമ്പോള്‍ ലക്ഷ്യം കാണാന്‍ കഴിയാത്ത നിരാശയില്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തുന്ന കേരളാ താരങ്ങളെയാണ് പോരാട്ടങ്ങള്‍ അനവധി കണ്ട കലിംഗയിലെ മണ്ണില്‍ കാണാന്‍ സാധിച്ചത്.

logo
The Fourth
www.thefourthnews.in