സന്തോഷം തുടരാൻ കേരളം, ഗോവയ്‌ക്കെതിരെ ആദ്യ ഇലവൻ തയ്യാർ

സന്തോഷം തുടരാൻ കേരളം, ഗോവയ്‌ക്കെതിരെ ആദ്യ ഇലവൻ തയ്യാർ

അഞ്ച് തവണ ഗോവ ചാമ്പ്യന്മാരായപ്പോൾ കേരളം ഏഴ് തവണയാണ് സന്തോഷ് ട്രോഫി കിരീടം ഉയർത്തിയത്.
Updated on
1 min read

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ഗോവയ്‌ക്കെതിരായ മത്സരത്തിനുള്ള ആദ്യ ഇലവനെ പ്രഖ്യാപിച്ച്‌ കേരള ടീം. ഒഡിഷയിലെ ക്യാപിറ്റൽ ഫുട്ബോൾ അരീനയിൽ നടക്കുന്ന മത്സരത്തിൽ 4-5-1 ശൈലിയിലാണ് കോച്ച് പി ബി രമേഷ് ടീമിനെ ഇറക്കിയിരിക്കുന്നത്. നായകനായ മിഥുനാണ് ഗോൾ വലയ്ക്ക് മുന്നിൽ. സഞ്ജു, മുഹമ്മദ് സലിം, അമീൻ, മനോജ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും. മധ്യനിരയിൽ അർജുൻ, റിസ്‌വാൻ അലി, അബ്ദുൾ റഹീം, ഋഷിദത്ത്‌, നിജോ ഗിൽബെർട്ട് എന്നിവർ ഇറങ്ങുമ്പോൾ മുന്നേറ്റത്തിൽ നരേഷ് സ്ഥാനം പിടിച്ചു.

നിലവിലെ ജേതാക്കളായ കേരളം കോഴിക്കോട് നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ചാമ്പ്യന്മാരായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചും ജയിച്ച കേരളം 24 ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്. ടൂർണമെന്റിലെ തന്നെ ഗോൾ വേട്ടക്കാരിൽ ഒന്നാമനായ നിജോ ഗിൽബെർട്ടാണ് കേരളത്തിന്റെ തുറുപ്പ് ചീട്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് ഗോളുകളാണ് നിജോ നേടിയത്.

ഗ്രൂപ്പ് മൂന്നിൽ ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ഖ്യാതിയുമായാണ് ഗോവയും രണ്ടാം റൗണ്ടിൽ കടന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും നേടിയ അവർ 11 പോയിന്റുകൾ നേടി. എട്ട് ഗോളുകൾ അടിച്ച ഗോവ മൂന്ന് ഗോളുകളാണ് വഴങ്ങിയത്. മൂന്ന് ഗോളുകൾ വീതം നേടിയ ട്രിജോയ് ഡയസ്, മഹമ്മദ് ഫഹീസ് എന്നിവരാണ് അവരുടെ മുന്നേറ്റ ശക്തി.

അഞ്ച് തവണ ഗോവ ചാമ്പ്യന്മാരായപ്പോൾ കേരളം ഏഴ് തവണയാണ് സന്തോഷ് ട്രോഫി കിരീടം ഉയർത്തിയത്. 2009ലായിരുന്നു ഗോവ അവസാനമായി കിരീടം നേടിയത്.

logo
The Fourth
www.thefourthnews.in